Social Icons

Featured Posts

Followers

Thursday, May 1, 2014

കോട്ടക്കുന്ന് വികസനം.ആശകളും ആശങ്കകളും..




കോട്ടക്കുന്ന് ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനായി ടൂറിസം വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ കരട് രൂപം മന്ത്രി എ.പി.അനിൽകുമാർ അവതരിപ്പിച്ചു, പ്രകൃതിസൗന്ദര്യത്തിനൊപ്പം അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള കോട്ടക്കുന്നില്‍ ഇപ്പോള്‍ത്തന്നെ നിരവധിപേര്‍ എത്തുന്നുണ്ട്. അവധി, ഉത്സവകാലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോട്ടക്കുന്നിലേക്ക് ജനം ഒഴുകിയെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും പുതിയ ടൂറിസംപദ്ധതികൾ നടപ്പാക്കിയും കൂടുതല്‍ സഞ്ചാരികളെ മലപ്പുറത്ത് എത്തിക്കാനാകുമെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ.
198.44 കോടി രൂപ ചെലവില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുക. ഒരു മുഴുവന്‍ ദിവസം ചെലവഴിക്കാന്‍ പര്യാപ്തമായ രീതിയിലായിരിക്കും സൗകര്യങ്ങള്‍. നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പാര്‍ക്കില്‍ നവീന ടൂറിസം പദ്ധതികള്‍ തുടങ്ങും. കോട്ടക്കുന്നിന്റെ പ്രകൃതിഭംഗി നിലനിര്‍ത്തി പരിസ്ഥിതിക്ക് കോട്ടംപറ്റാത്ത പദ്ധതികള്‍ക്കാണ് ഊന്നല്‍.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്മേളന ഹാള്‍, അക്വേറിയം, നീന്തല്‍ക്കുളം, ഔഷധ, പൂന്തോട്ട പാര്‍ക്കുകള്‍, കുട്ടികള്‍ക്കുള്ള ഇലക്ട്രിക് കാര്‍, പ്ലേ ഗ്രൗണ്ട്, സാഹസിക പാര്‍ക്ക് എന്നിവയാണ് കരട് രൂപത്തിലെ പ്രധാന പദ്ധതികള്‍. പാര്‍ക്കിന്റെ പ്രധാന കവാടത്തില്‍നിന്ന് ആകാശ യാത്രയ്ക്കായി കേബിള്‍ കാര്‍ സൗകര്യം ഏര്‍പ്പെടുത്തും. നിലവിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഫുഡ് കോര്‍ട്ടും നവീകരിക്കും. 38 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ വിശ്രമത്തിനും സവാരിക്കും പ്രത്യേകം സൗകര്യമുണ്ടാകും.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാരാഷോ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് കരട് രൂപം തയ്യാറാക്കിയത്. വിദഗ്ദ്ധ ചര്‍ച്ചക്കും വിശകലനത്തിനുംശേഷം കരട് രൂപത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. തുടര്‍ന്ന് സര്‍ക്കാറിന്റെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. അധിക്രുതർ അറിയിക്കുന്നു.. 2015 ഏപ്രില്‍ ഒന്നിന് നിര്‍മ്മാണം തുടങ്ങാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.

സംഗതികൾ ഇങ്ങനെയൊക്കെയാണു പറയുന്നതെങ്കിലും ജനങ്ങൾക്ക് ഇക്കാര്യങ്ങളിൽ പല ആശങ്കകളുമുണ്ട്, പ്രധാനമായും കോട്ടക്കുന്ന് എന്ന അതീവ ചരിത്രപ്രാധാന്യമുള്ള സ്ഥലം അതിനുതകുന്ന രീതിയിൽ സംരക്ഷിക്കപ്പെടുകയില്ല എന്ന് തന്നെയാണു,ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും മലപ്പുറത്തിന്റെ സ്വന്തം ചരിത്രത്തിലും കോട്ടക്കുന്ന് എന്ന് പറയുന്ന പ്രദേശത്തിനു അതീവ പ്രാധാന്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണു, എന്നാൽ ആ പ്രദേശത്തിന്റെ ചരിത്രം നവതലമുറക്ക് അടുത്തറിയാനുള്ള ഒരു സൗകര്യമോ സാഹചര്യമോ ഇപ്പോഴും കോട്ടക്കുന്നിൽ ഇല്ല,  മലപ്പുറത്ത് ആദ്യമായി ഒരു ആർട്ട് ഗ്യാലറി കോട്ടക്കുന്നിനു മുകളിൽ ആണു  ഉണ്ടാക്കിയത്., അത് പോലെ ജില്ലയുടെ ചരിത്രവും ശേഷിപ്പുകളും പുതുതലമുറക്ക് പകർന്ന് നൽകാനുതകുന്ന രീതിയിൽ ഒരു മ്യൂസിയമോ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഉണ്ടാക്കിയാൽ എത്ര നന്നായിരുന്നു എന്നാണു ഇപ്പോഴും കോട്ടക്കുന്നിനെ സ്നേഹിക്കുന്ന ആ പ്രദേശത്തിന്റെ ചരിത്രം അറിയാവുന്ന ചിലരുടെയെങ്കിലും പ്രതീക്ഷ..

 ഇതിനു മുമ്പ് ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പല പദ്ധതികളും ലക്ഷക്കണക്കിനു രൂപ പാഴാക്കിക്കളഞ്ഞു എന്നതല്ലാതെ അത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭ്യമായില്ല എന്നുള്ളത് കോട്ടക്കുന്നിന്റെ മാത്രം പ്രത്യേകതയാണു എന്ന് വേണം പറയാൻ... അമ്യൂസ് മെന്റ് പാർക്ക് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി, ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഡി.ടി.പി.സി ഹാൾ അനാഥമായിക്കിടക്കുന്നു, വൻ പ്രചാരം നടത്തി നിർമിച്ച മഴക്കുഴികളും വാട്ടർ പാർക്കും ആർക്കും വേണ്ടാതായിക്കിടക്കുന്നു.. കോട്ടക്കുന്നിൽ നടക്കുന്ന സർക്കസ്, മറ്റുള്ള പ്രദർശനങ്ങൾ എന്നിങ്ങനെയുള്ളവ മൂലം ലക്ഷങ്ങൾ ചിലവഴിച്ച് നട്ട് പിടിപ്പിച്ചിരുന്ന പുൽതകിടിയും പൂന്തോട്ടങ്ങളും നശിപ്പീക്കപ്പെട്ടിരിക്കുന്നു,ഇതൊക്കെയാണു ഇപ്പോഴത്തെ സ്ഥിതിഗതികൾ...പദ്ധതികൾ പ്രഖ്യാപിക്കാനും തുടങ്ങിവെക്കുവാനും  മാത്രമേ അധിക്രുതർക്ക് താല്പര്യമുള്ളൂ.. .യഥാവിധി അത് പരിപാലിക്കുന്നതിൽ ചെറിയൊരു ശ്രദ്ധ പോലും ഇല്ല,

ഇപ്പോൾ കോട്ടക്കുന്നിലേക്ക് ഇരച്ച് കയറുന്ന ആയിരക്കണക്കായ ജനങ്ങളെ കണ്ട് ആ വരവ് എങ്ങനെ വരുമാനമാക്കാം എന്ന് കിനാവ് കാണുന്ന ഡി.ടി.പി.സിയും ചില സ്വകാര്യസംരംഭകരും  പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു,നല്ല കാര്യം, ഉദ്ഘാടനം ചെയ്ത് പോയാൽ എത്ര കാലത്തേക്ക് അതൊക്കെ കാണും എന്ന ഒരു സംശയമേയുള്ളൂ.. സ്വാഭാവികമായും മേല്പറഞ്ഞ പദ്ധതികൾ നടപ്പിലാവുമ്പോൾ ഏകദേശം ഒരാൾക്ക് കോട്ടക്കുന്നിലേക്ക് കടക്കണമെങ്കിൽ 300 രൂപയെങ്കിലും പ്രവേശൻ ഫീസ് കൊടുക്കണം എന്ന അവസ്ഥ സംജാതമാകും എന്നാണു സൂചനകൾ, അതിനോടെല്ലാം ജനങ്ങൾ എങ്ങനെ സഹകരിക്കും എന്നുള്ളത് കാത്തിരുന്ന് കാണുക തന്നെ..ഒഴിവു സമയങ്ങൾ കുറഞ്ഞ ചിലവിൽ ആസ്വാദ്യകരമാക്കാൻ വേണ്ടി വരുന്ന സാധാരണക്കാരാണു കോട്ടക്കുന്നിൽ വരുന്ന ഭൂരിഭാഗം ജനങ്ങളും, ആ കോട്ടക്കുന്നിലേക്ക് എന്ത് സൗകര്യങ്ങളുടെ പേരിലായാലും ഭീമമായ തുക കൊടുത്ത് അവർ പ്രവേശിക്കും എന്നുള്ളത് കണ്ടറിയേണ്ടത് തന്നെ, പിന്നെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി അന്യജില്ലക്കാരെയും വിദേശികളെയും ഒക്കെ ഇവിടേക്ക് ആകർഷിക്കാൻ വേണ്ടിയാണു ഇതെല്ലാമെങ്കിൽ എതിരു പറയുന്നില്ല, നടക്കട്ടെ. പക്ഷേ അതോട് കൂടി കോട്ടക്കുന്ന് എന്ന ആ ചരിത്ര ശേഷിപ്പ്  ,അവിടുത്തെ ആ സുഖശീതളിമ, ഒരിക്കലും നിലക്കാത്ത തെന്നൽ, മനം കുളിർക്കുന്ന പച്ചപ്പ് ..അങ്ങനെ അങ്ങനെ എല്ലാമെല്ലാം നമ്മുടെയൊക്കെ മനസ്സിൽ  കുഴിച്ച് മൂടേണ്ടി വരും എന്ന് തീർച്ച.,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA