Social Icons

Featured Posts

Followers

Monday, April 28, 2014

യുവധാര വായനശാല ജേതാക്കളായി.


ഹാജിയാർ പള്ളി-വലിയങ്ങാടി പൗരസമിതികൾ സംയുക്തമായി ഹാജിയാർ പള്ളി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിനു ആവേശകരമായ പരിസമാപ്‌തി, ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ യുവധാര വായനശാല മുതുവത്തുപറമ്പ് എഫ്.സി കൂട്ടമണ്ണയെ ( കൂട്ടിലങ്ങാടി ) എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി,.
രാത്രി പത്ത് മണിയോടെ മലപ്പുറം സബ് ഇൻസ്പെക്ടർ മനോജ് പറയറ്റ കളിക്കാരുമായി പരിചയപ്പെട്ട് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്‌തു. മത്സരത്തിന്റെ തുടക്കം ഇരു ടീമുകളും തണുപ്പൻ ശൈലിയിലാണു കളിച്ച് തുടങ്ങിയത്, എങ്കിലും അധികം വൈകാതെ താളം കണ്ടെത്തിയ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തതോടെ ആവേശം അലയടിച്ചു, ആർത്തലക്കുന്ന കാണികളും ആ ആവേശപ്പോരാട്ടത്തിനു മാറ്റ് കൂട്ടി, ഒട്ടനവധി അവസരങ്ങൾ ലഭിച്ചിട്ടും വായനശാല ഫോർവേഡ് കുന്തമുനയായി വർത്തിച്ചിരുന്ന നൈജീരിയൻ താരം അബു വിനു ബോൾ ലക്ഷ്യത്തിലെത്തിക്കാനായില്ല, ഇടക്ക് കൂട്ടമണ്ണയുടെ ഈ ടൂർണ്ണമെന്റിലെ ടോപ് സ്കോറർ കൂടിയായ സാബിക് ചില ഷോട്ടുകൾ പായിച്ച് വായനശാലയുടെ ഗോളിയെ പരീക്ഷിക്കാൻ മുതിർന്നു, എന്നാൽ ഗോൾപോസ്റ്റിനും ഏറെ അകലെക്കൂടി പോകാനേ ആ ഷോട്ടുകൾക്ക് കഴിഞ്ഞുള്ളൂ.എഫ്.സി കൂട്ടമണ്ണയുടെ പ്ലേമേക്കർ ശ്രീജിത്തിനാകട്ടെ കഴിഞ്ഞ മത്സരങ്ങളിലെ പെർഫോമൻസ് പുറത്തെടുക്കാൻ കഴിഞ്ഞതുമില്ല, ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയിട്ടും ആദ്യ പകുതിയിൽ ഗോൾവല ചലിച്ചില്ല, രണ്ടാം പകുതി ആരംഭിച്ച് അധികം സമയം കഴിയുന്നതിനു മുമ്പേ ഒരു കോർണർ കിക്കിൽ നിന്നും കിട്ടിയ ബോൾ പോസ്റ്റിനു സമീപം വെച്ച് നിരവധി കളിക്കാരുടെ ഇടയിലൂടെ തന്ത്രപരമായി വായനശാലയുടെ നൈജീരിയൻ താരം വലക്കകത്താക്കി, ഗ്യാലറി പൊട്ടിത്തെറിച്ച നിമിഷം, 1-0, ഗോൾ വീണതോടെ അത്യധികം വാശിയോടെ ഉണർന്ന് കളിച്ച കൂട്ടമണ്ണക്ക് പക്ഷേ എതിരാളിയുടെ ഡിഫൻഡർമാരുടെയും ഗോൾകീപ്പറുടെയും ഫോമിനു മുന്നിൽ അടിയറവ് പറയേണ്ടി വന്നു, അതിനിടയിലും വായനശാല താരങ്ങൾ ചിലകണ്ണഞ്ചിക്കുന്ന മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്നുണ്ട്, ഇടക്ക് ഗോൾ കീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് പായിച്ച കിടിലൻ ഷോട്ട് ബാറിൽ തട്ടിമടങ്ങിയതും റീബൗണ്ട് ചെയ്ത് വന്ന ബോൾ വീണ്ടും ഹെഡ് ചെയ്തെങ്കിലും പോസ്റ്റിനു ചാരി കടന്ന് പോയതും കാണികൾ ശ്വാസമടക്കിപ്പിടിച്ചാണു ആസ്വദിച്ചത്, മത്സരത്തിന്റെ മുഴുവൻ സമയം പിന്നിട്ടപ്പോഴും കൂട്ടമണ്ണക്ക് സമനില ഗോൾ അടിക്കാനായില്ല,
യുവധാര വായനശാല മുതുവത്ത് പറമ്പിനു രാജകീയമായ കിരീടധാരണം,
മൈതാനത്ത് ഉയർന്ന് പൊന്തിയ അമിട്ടുകളുടെയും മാലപ്പടക്കങ്ങളുടെയും ശബ്ദമുഖരിതമായ അകമ്പടിയിൽ ശ്രീ; കുരികേശ് മാത്യു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു, വിന്നേഴ്സിനു 25001 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണു നൽകിയത്, റണ്ണേഴ്സിനു 15001 രൂപയും ട്രോഫിയും ആണു നൽകിയത്, ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ സാബിക് (എഫ്.സി കൂട്ടമണ്ണ,ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പ്രദീപ് ( വായനശാല) ,ടൂർണ്ണമെന്റിലെ മികച്ച ഗോളി ജാഫർ ( എഫ്.സി.മങ്ങാട്ടുപുലം ) എന്നിങ്ങനെ തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു..
ചടങ്ങിൽ വാർഡ് കൗൺസിലർ.കെ.കെ.ശിഹാബുദ്ധീൻ, പരി.അബദുൽ മജീദ്, കെ.പി.അനിൽ , മണ്ണിശ്ശേരി അബൂബക്കർ, അഡ്വ: ഷമീം, ഈസ്റ്റേൺ സലീം, കെ.പി.ചന്ദ്രൻ, എന്നിങ്ങനെ തുടങ്ങിയവരും വ്യാപാരസ്ഥാപന പ്രതിനിധികളും സംബന്ധിച്ചിരുന്നു,
വായനശാല ടീമംഗങ്ങളും ആരാധകരും മത്സര ശേഷം വാഹനഘോഷയാത്രയായി മുതുവത്ത് പറമ്പിൽ എത്തിച്ചേർന്നു, തുടർന്ന് വായനശാല പരിസരത്ത് ബിരിയാണി വിതരണവും സംഘടിപ്പിച്ചിരുന്നു,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA