മലപ്പുറം: 53ാമത് സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക ഘോഷയാത്ര കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിച്ചു. കലോത്സവ ചരിത്രത്തിലെ ഏറ്റവും മികച്ച ഘോഷയാത്രയാവും ഇത്തവണത്തേതെന്ന സംഘാടകരുടെ അവകാശവാദം നൂറ് ശതമാനം ശരിയാണെന്ന് ഘോഷയാത്രയിലെ വര്‍ണപ്പകിട്ടും വൈവിധ്യവും സംഘാടനമികവും തെളിയിച്ചു.
കോട്ടപ്പടിയില്‍ 2.30 ന് ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍നിരയില്‍ റോളര്‍ സ്‌കേറ്റിങും തൊട്ടുപിറകിലായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എല്‍.എ മാരായ പി. ഉബൈദുള്ള, സി. മമ്മൂട്ടി, അഡ്വ. എം ഉമ്മര്‍, കെ.റ്റി ജലീല്‍, കെ.എന്‍.എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ ബഷീര്‍, പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ഡി.പി.ഐ എ. ഷാജഹാന്‍, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് എന്നിവരടങ്ങിയ വിശിഷ്ടവ്യക്തികളും അണിനിരന്നു.
80 സ്‌കൂളുകളില്‍ നിന്നായി 12000ത്തോളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന 40 ഫ്‌ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് പൊലിവേകി. ഓമനത്വം തുളുമ്പുന്ന കുഞ്ഞുമുഖങ്ങളില്‍ ചായം തേച്ച് തലയില്‍ മനോഹരമായ പൂക്കളുമായി അടിവെച്ചടിവെച്ച് നീങ്ങിയ കുട്ടികള്‍ കാണികള്‍ക്ക് വിസ്മയമായി. വര്‍ണപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച് താളത്തിനൊത്ത് മുത്തുകുടകള്‍ ചാച്ചും ചെരിച്ചും നടന്ന് നീങ്ങി. ലോറിയേലേറ്റിയ വഞ്ചിയിലിരുന്ന് വഞ്ചിപ്പാട്ടിന്റെ ഈണത്തിനനുസരിച്ച് തുഴയെറിഞ്ഞ കുട്ടികളും കാഴചക്കാരില്‍ കൗതുകമുണര്‍ത്തി.
എട്ട് വര്‍ഷത്തിന് ശേഷം മലപ്പുറത്തെത്തിയ കലോത്സവം വേറിട്ടതാക്കാന്‍ സംഘാടകരൊരുക്കിയ അത്ഭുത കാഴ്ചകള്‍ കാണാന്‍ കോട്ടപ്പടി മുതല്‍ എം.എസ്.പി മൈതാനം വരെ റോഡിനിരുവശവും കെട്ടിടങ്ങള്‍ക്ക് മുകളിലും തിങ്ങിനിറഞ്ഞത് ലക്ഷത്തിധികമാളുകളാണ്.
ഘോഷയാത്ര ഉദ്ഘാടന വേദിയിലെത്താന്‍ മൂന്നു മണിക്കൂറിലധികം സമയമെടുത്തു. പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും സംഭാരവും നല്‍കി.
മലയാളികളുടെ അന്തസ്സ് വാനോളമുയര്‍ത്തി ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ വരവറിയിച്ചുള്ള ഘോഷയാത്രയില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, മാര്‍ഗം കളി, ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചവാദ്യം, പൂക്കാവടി, കാവടിയാട്ടം, പുലിക്കളി, തെയ്യം, തിറ, നരിക്കളി, പൂതക്കളി, കുറത്തിക്കളി, മുട്ടുംവിളി, പരിചമുട്ടുകളി, ജിംനാസ്റ്റിക്‌സ്, ജംപ് റോപ്, കരാട്ടെ, ബോക്‌സിങ്, വുഷു, കുങ്ഫു എന്നിവയും ഘോഷയാത്രയുടെ മാറ്റ്കൂട്ടി.
0 Comments:
Post a Comment