Social Icons

Featured Posts

Followers

Friday, August 31, 2012

ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുന്നു



ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന ഓണം കഴിഞ്ഞ് കൂടുതല്‍ കര്‍ശനമാക്കും. തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് ഊര്‍ജിതമാക്കിയ പരിശോധനകളുടെ രണ്ടാംഘട്ടമാണ് തുടങ്ങുന്നത്. ജില്ലയിലെ മിക്ക ഹോട്ടലുകളും റംസാന്‍ കാലത്ത് അടച്ചിട്ടിരുന്നതിനാല്‍ ആദ്യഘട്ടങ്ങളിലെ പരിശോധന പൂര്‍ണമായിരുന്നില്ല. ആദ്യഘട്ട പരിശോധനയില്‍ നോട്ടീസ് നല്‍കിയിരുന്ന കടകളുടെ പ്രവര്‍ത്തനം രണ്ടാംഘട്ട പരിശോധനയില്‍ നിരീക്ഷിക്കും.
കഴിഞ്ഞ മാസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ മിക്ക കടകളുടെയും അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. പഴകിയ ഭക്ഷണസാധനങ്ങളും ചിലയിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഈ കടകള്‍ റംസാന്‍ പ്രമാണിച്ച് പൂട്ടുകയാണെന്നും വീണ്ടും തുറക്കുമ്പോള്‍ ശുചിത്വ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാമെന്ന് ഉറപ്പ് നല്‍കിയതുകൊണ്ടുമാണ് ഇവര്‍ക്കെതിരെ അന്ന് നടപടികളെടുക്കാതിരുന്നത്. ഈ കടകളില്‍ ഓണം കഴിഞ്ഞ് വീണ്ടും പരിശോധന നടത്താനാണ് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ തീരുമാനം. മോശമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ കര്‍ശന നടപടികളെടുക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു.
പരിശോധനകള്‍ കര്‍ശനമായതോടെ ജില്ലയിലെ ഹോട്ടലുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മിക്ക കടകളും ഇപ്പോള്‍ ശുചിത്വത്തിന്റെ കാര്യത്തിലും പാചകത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു. ശുചിത്വത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഓണക്കാലത്ത് ജില്ലയില്‍ ഹോട്ടലുകളെപ്പറ്റി കാര്യമായ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു. ഓണക്കാലത്ത് പരാതികള്‍ വന്നാല്‍ അന്വേഷിച്ച് നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാറില്‍ നിന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ പരാതികള്‍ ഇല്ലാത്തതിനാല്‍ ഓണക്കാലത്ത് ജില്ലയിലെ ഹോട്ടലുകളില്‍ പരിശോധന നടന്നിരുന്നില്ല.
അതിനിടെ കഴിഞ്ഞമാസം മുതല്‍ ജില്ലയിലെ ഷവര്‍മ വില്പനയില്‍ ഗണ്യമായ കുറവുണ്ടായി. പരിശോധന നടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ മിക്ക കടകളിലും ഇപ്പോള്‍ ഷവര്‍മ ഉണ്ടാക്കുന്നില്ല. ഗ്ലാസ് ചേംബറിനകത്തുവെച്ച് മാത്രമേ ഷവര്‍മ പാകം ചെയ്യാവൂയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കര്‍ഷിച്ചതും ബേക്കറികളില്‍ ഷവര്‍മ ഉണ്ടാക്കുന്നത് കുറയാന്‍ കാരണമായി.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA