Social Icons

Featured Posts

Followers

Wednesday, February 29, 2012

ലോക സെല്‍ഫോണ്‍ സമ്മേളനത്തിലേക്ക് മലപ്പുറത്തുനിന്നൊരു യുവ എന്‍ജിനിയര്‍....


മൊബൈല്‍ഫോണ്‍ നിര്‍മ്മാണ രംഗത്തെ ആഗോളകമ്പനികളായ നോക്കിയയും സാംസങ്ങും പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കുംമുമ്പ് ഈ മലപ്പുറത്തുകാരനോട് അഭിപ്രായമാരായും. അതിനായി ഇവരുടെ പുതിയ ഉല്‍പ്പന്നം ആദ്യം എത്തുന്ന സ്ഥലങ്ങളില്‍ ഒന്ന് മലപ്പുറം തന്നെ.

ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ മകന്‍ സജിന്‍ സീതിയെ തേടിയാണ് കടല്‍കടന്ന്പുത്തന്‍ സാങ്കേതിക വിദ്യകള്‍ എത്തുന്നത്. മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയില്‍ താല്‍പ്പര്യമുള്ള 24 കാരനായ ഈ എന്‍ജിനിയറുടെ വാക്കുകള്‍ അവര്‍ ചെവിക്കൊള്ളുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ മാസം സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ക്ഷണിതാവ് കൂടിയാണ് ഈ ചെറുപ്പക്കാരന്‍. തങ്ങളുടെ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന 54 രാജ്യങ്ങളില്‍നിന്നുള്ള ഇത്തരം വ്യക്തികളില്‍ സാംസങ് കമ്പനി തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് സജിന്‍. മറ്റൊരാള്‍ ഇറ്റലിക്കാരനാണ്.

ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് ബാഴ്‌സിലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഭാവിയില്‍ വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍, ലാപ്‌ടോപ് മറ്റ് ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയാണിത് നടത്തുന്നത്. ലോകത്തിലെ എല്ലാരാജ്യങ്ങളില്‍നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയതിന്റെ ആവേശത്തിലാണ് സജിന്‍.

2009ല്‍ കൊച്ചി രാജഗിരി കോളേജില്‍ പഠിക്കുന്ന കാലത്താണ് സജിന്‍ മൊബൈല്‍ ഫോണുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കുന്നതിന് ആദ്യമായി വെബ്‌സൈറ്റ് തുറന്നത്. ശേഷം ഇക്കാലയളവുവരെ മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയുടെ നൂതന സാങ്കേതികവശങ്ങള്‍ വിവരിക്കുന്ന സജിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് ഒമ്പത് ലക്ഷത്തിലധികം വരുന്ന ആളുകളും. സ്വന്തം വെബ് സൈറ്റില്‍ യൂ ട്യൂബില്‍ സജിന്‍ ചെയ്ത വീഡിയോകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷംമുമ്പ് നോക്കിയ ഫോണുകളെക്കുറിച്ചുള്ള വിലയിരുത്തലോടെയാണ് ഈ രംഗത്തേക്കുള്ള സജിന്റെ കടന്നുവരവ്. തുടര്‍ന്ന് സാംസങ് അവരുടെ പുതിയ ഉല്‍പ്പന്നങ്ങളുടെ അവലോകനം നടത്തുന്നതിന് ക്ഷണിക്കുകയായിരുന്നു. ശേഷം സാംസങ്ങിന്റെ മൂന്ന് മൊബൈല്‍ ഫോണുകളെക്കുറിച്ച് (ഓരോന്നിനും രണ്ട് വീഡിയോകള്‍ വീതം) ആറെണ്ണം പൂര്‍ത്തിയാക്കി . www.mymobilescoop.comഎന്ന വെബ്‌സൈറ്റ് വഴി ഇത് ലോകത്തിനുമുന്നില്‍ എത്തിച്ച സാംസങ് ഗാലക്‌സി എസ്-2, ഗാലക്‌സി ടാബ്10.1, ഗാലക്‌സി നോട്ട് എന്നീ പുതിയ ഫോണുകളുടെ സവിശേഷതകള്‍ ചേര്‍ത്തൊരുക്കിയ വീഡിയോകളാണ് സജിന് ബാഴ്‌സിലോണയിലേക്ക് ക്ഷണം കിട്ടാനുള്ള കാരണവും. വെബ് സൈറ്റില്‍ യൂട്യൂബിലൂടെയാണ് വീഡിയോകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. utube.com/sajinseethi എന്ന പേരിലുള്ള സജിന്റെ യൂട്യൂബ് ചാനലില്‍ ഇപ്പോള്‍ 60 ലധികം വീഡിയോകളും കമ്പനികള്‍ ഫോണുകള്‍ പുറത്തിറക്കിയ പരസ്യങ്ങളും വീഡിയോകളും അപ് ലോഡ് ചെയ്തിരിക്കുന്നതിനൊപ്പം സജിന്‍ നിര്‍മ്മിച്ച വീഡിയോകളും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉല്‍പ്പാദകരായ കമ്പനികള്‍ നല്‍കുന്നതിലുമപ്പുറം അതിന്റെ ഡിസ്‌പ്ലേ സവിശേഷത, ബാറ്ററി, ആകൃതി, ക്യാമറ എന്നിവയുടെ പ്രത്യേകതകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് സജിന്റെ വെബ്‌സൈറ്റിലൂടെ. പ്രത്യേകതകള്‍ വിശദമാക്കാന്‍ അതേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഉത്പ്പന്നങ്ങളെക്കുറിച്ച് അവലോകനം നടത്താന്‍ അയച്ചുനല്‍കുന്നത് നോക്കിയയും സാംസങും മാത്രമാണ്. ഓരോ ഉല്‍പ്പന്നത്തിന്റെയും സവിശേഷതയും മറ്റുള്ളവയുമായുള്ള വ്യത്യാസവും ഉപഭോക്താക്കള്‍ക്ക് വേഗം മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നതായി സജിന്‍ പറയുന്നു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA