മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കായി മലപ്പുറം കുന്നുമ്മലിലെ മൂന്നാംപടിയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വ്യാഴാഴ്ച മുതല്‍ (പി.എസ്.കെ) "ഓണ്‍ലൈ"നായി അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നു.
പാസ്‌പോര്‍ട്ട് എടുക്കണോ; ഇനി പഴയതുപോലുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല. ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ പോകേണ്ട, അപേക്ഷ എഴുതാനും കൊടുക്കാനും ഏജന്റിന്റെ സഹായം തേടേണ്ട, പാസ്‌പോര്‍ട്ട് ഓഫീസില്‍ കാത്തുകെട്ടി കിടക്കേണ്ട, ഇനി എല്ലാം ഓണ്‍ലൈനാണ്
പി.എസ്.കെ.യില്‍ ചെല്ലുംമുമ്പ് അപേക്ഷകന്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇത് രാജ്യത്ത് എവിടെനിന്നും ചെയ്യാം. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് "ഇ-ഫോറം" ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്‌സൈറ്റില്‍തന്നെ അപ്‌ലോഡ് ചെയ്യാം. അപേക്ഷാഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം. രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ മതി. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ വേണ്ട. രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍) ഇ.മെയിലായിത്തന്നെ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് സേവാകേന്ദ്രത്തില്‍ എത്തേണ്ട തീയതിയും സമയവും സൈറ്റില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യാം. കൃത്യസമയത്ത് കേന്ദ്രത്തില്‍ അപേക്ഷിച്ചയാള്‍ നേരിട്ട് എത്തണം.
സേവാകേന്ദ്രത്തില്‍ ലഭിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ:
* അന്വേഷണ കൗണ്ടറില്‍ അപേക്ഷകന്‍ എത്തുക. അവിടെ "എ.ആര്‍.എന്‍. സ്ലിപ്പ്" കാണിക്കുക. ആവശ്യമായ രേഖകളും ഫോട്ടോസ്റ്റാറ്റ് കോപ്പികളും നല്‍കുക. തൊട്ടടുത്ത ടോക്കണ്‍ കൗണ്ടറില്‍നിന്ന് ടോക്കണ്‍ ലഭിക്കും. എല്‍.സി.ഡി ടെലിവിഷനില്‍ ടോക്കണ്‍ നമ്പറും ഇനി ഏത് പരിശോധനാ കൗണ്ടറിലാണ് ചെല്ലേണ്ടത് എന്നും തെളിയും. ടോക്കണ്‍ ചീട്ട് അകത്തേക്കുള്ള വാതിലിന്റെ "ബാര്‍കോഡ് റീഡറി"ന്റെ മുകളില്‍ കാണിച്ചാല്‍ വാതില്‍ തുറക്കും. അപേക്ഷകനൊപ്പം ആര്‍ക്കെങ്കിലും പോകണമെങ്കില്‍ ടോക്കണില്‍ അത് നേരത്തെ രേഖപ്പെടുത്തണം.
* നിങ്ങള്‍ കാത്തിരിപ്പ് മുറിയില്‍ എത്തും. അവിടെനിന്ന് നിര്‍ദേശം കിട്ടിയാല്‍ പോകേണ്ടത് "എ" കൗണ്ടറിലേക്കാണ്. 13 എ കൗണ്ടറുകളുണ്ട്. ഇതില്‍ ഏതില്‍ പോകണമെന്ന് കാത്തിരിപ്പ് മുറിയിലെ സ്‌ക്രീനില്‍ തെളിയും.
* "എ" കൗണ്ടറിലെത്തിയാല്‍ അപേക്ഷകന്റെ ഫോട്ടോ, വിരലടയാളം എന്നിവ ഉദ്യോഗസ്ഥര്‍തന്നെ എടുക്കും. ഫോട്ടോ എടുത്തത് കാണാനും വേണമെങ്കില്‍ മാറ്റി എടുക്കാനും അവസരമുണ്ട്. (നാലുവയസ്സിനു താഴെയുള്ള കുട്ടികളുടെ ഫോട്ടോകള്‍ കൊണ്ടുവരണം). മാത്രമല്ല നേരത്തെ അപേക്ഷയില്‍ കൊടുത്ത വിവരങ്ങളില്‍ അബദ്ധത്തില്‍വന്ന പിശകുകള്‍ തിരുത്താം. അപേക്ഷാഫോം ഉദ്യോഗസ്ഥന്‍ തിരുത്തുന്നത് നിങ്ങള്‍ക്കും കാണാവുന്ന വിധം ഇരട്ട സ്‌ക്രീനുള്ള കമ്പ്യൂട്ടറാണിവിടെ.
*"എ" കൗണ്ടറിലാണ് പണം അടയേ്ക്കണ്ടത്. ചെക്ക്/ഡി.ഡി. ഒന്നും സ്വീകാര്യമല്ല.
* നിങ്ങള്‍ ലഭിക്കാന്‍ പോകുന്ന പാസ്‌പോര്‍ട്ടിന്റെ രൂപം എ കൗണ്ടറില്‍നിന്ന് കമ്പ്യൂട്ടറില്‍ കാട്ടിത്തരും. ബി. കൗണ്ടര്‍
* ഇത് ഒന്നാം നിലയിലാണ്. ഇവിടെയാണ് അപേക്ഷയുടെ വിശദപരിശോധന. എ. കൗണ്ടറില്‍ നിന്നുള്ള നടപടി പൂര്‍ത്തിയായാല്‍ "ബി"യിലെ ഏത് നമ്പര്‍ കൗണ്ടറിലെത്തണമെന്ന നിര്‍ദേശം ലഭിക്കും.
* വിശദ പരിശോധനയ്ക്ക് ശേഷം സി-കൗണ്ടറിലേക്ക് പോകാന്‍ നിര്‍ദേശം കിട്ടും. സി. കൗണ്ടര്‍
* ബി. കൗണ്ടറിന്റെ തൊട്ടപ്പുറത്തു തന്നെയാണ് സി. കൗണ്ടറുകള്‍. ഇവിടെയാണ് അപേക്ഷകന് പാസ്‌പോര്‍ട്ട് നല്‍കുന്ന കാര്യം അന്തിമ തീരുമാനമാകുന്നത്.
* സി. കൗണ്ടറിലെ ചെക്കപ്പ് കഴിഞ്ഞാല്‍ പുറത്തേക്കുള്ള കവാടമായി. പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള കൗണ്ടറില്‍നിന്ന് "പാസ്‌പോര്‍ട്ട് അക്‌നോളജ്‌മെന്റ് കുറിപ്പ്" കിട്ടും. ഇതില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുമോ, ഇല്ലെങ്കില്‍ അതിന്റെ കാരണം, അപാകതയുണ്ടെങ്കില്‍ എന്ത് തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാകും.
* അപാകം നീക്കാന്‍ ബന്ധപ്പെട്ട രേഖകളുമായി വീണ്ടും തുടക്കം മുതലുള്ള കൗണ്ടറുകളിലൂടെ വരേണ്ടതില്ല. അപാകത പരിഹരിക്കേണ്ട കൗണ്ടറില്‍ നേരിട്ടെത്തിയാല്‍ മതി.
* അപേക്ഷ തള്ളിയാലും അടച്ച പണം ഒരു വര്‍ഷം നിക്ഷേപമായി കിടക്കും. "അക്‌നോളജ്‌മെന്റ് കുറിപ്പ്" കാണിച്ചാല്‍ വകവെച്ചു തരും. അപേക്ഷ കൃത്യമാണെങ്കിലും പോലീസ് പരിശോധനയ്ക്ക് ശേഷം പാസ്‌പോര്‍ട്ട് കിട്ടുന്നതുവരെയും ഈ കുറിപ്പ് നിര്‍ബന്ധമായും സൂക്ഷിച്ചുവെക്കണം.
* അകത്തുവന്ന വഴിയിലൂടെയല്ലാതെ പുറത്തേക്കു പോകാന്‍ പ്രത്യേകം വഴിയുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്
* ഇനി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ സ്വന്തമായി യൂസര്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കാന്‍ മറക്കരുത്.
* പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അപേക്ഷകന്‍ നേരിട്ട് എത്തണം. പുതിയതിനും പുതുക്കാനും എല്ലാം ഇങ്ങനെ വേണം.
* സേവാകേന്ദ്രത്തിലെ അന്വേഷണ കൗണ്ടറിനടുത്തുള്ള കിയോസ്‌കിലും അപേക്ഷ സമര്‍പ്പിക്കാം.
* ഏതാനും നാള്‍വരെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലും അപേക്ഷ സ്വീകരിക്കും. പക്ഷേ, പുതിയ അപേക്ഷാഫോമേ ഉപയോഗിക്കാവൂ. മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം മാത്രമേ ഉപയോഗിക്കാവൂ.
* സംശയങ്ങള്‍ തീര്‍ക്കാന്‍ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും. 1800 258 1800 എന്ന ഫോണ്‍നമ്പറില്‍ രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ വിളിക്കാം. ഐ.വി.ആര്‍.എസ് സംവിധാനത്തിലൂടെയും മറുപടി ലഭിക്കും.
* അപേക്ഷയുടെ തല്‍സ്ഥിതിയും കോള്‍ സെന്ററില്‍ വിളിച്ചാലറിയാം.
* അപേക്ഷാഫീസ് പഴയതുപോലെ തന്നെയായിരിക്കും.
* എട്ടുമുതല്‍ വൈകീട്ട് 4.15 വരെ വിവിധ സമയങ്ങളാണ് അപേക്ഷകര്‍ക്ക് നല്‍കുക. പറഞ്ഞ സമയത്തുമാത്രമേ സേവാകേന്ദ്രത്തില്‍ വരേണ്ടതുള്ളൂ.
* അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍) മൂന്നുമാസം വരെ കാലാവധി ഉള്ളതായിരിക്കും. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സേവാകേന്ദ്രത്തില്‍ എത്താനുള്ള തീയതി പുതുക്കി നിശ്ചയിക്കാം.
നേരത്തെ അപേക്ഷിച്ചവര്‍ക്ക്:
പഴയ സംവിധാനത്തില്‍ അപേക്ഷിച്ചവര്‍ കിഴക്കേത്തലയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ തന്നെയാണ് ബന്ധപ്പെടേണ്ടത്.
മാര്‍ച്ച് 31വരെ പാസ്‌പോര്‍ട്ട് ഓഫീസിലും അപേക്ഷ സ്വീകരിക്കും.
പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സേവനം ലഭിക്കില്ല.
പഴയത് റദ്ദുചെയ്ത് സേവാകേന്ദ്രം വഴി പുതിയതായി അപേക്ഷിക്കാം.
0 Comments:
Post a Comment