പ്രവേശന ഫീസ് അഞ്ചുരൂപയാക്കി കുറയ്‌ക്കാന്‍ തീരുമാനം. ഫീസ് നാളെ മുതല്‍ സന്ദര്‍ശകരില്‍ നിന്ന് ഈടാക്കും. പത്തു വയസിനു താഴെയുള്ളവര്‍ക്കും 65 കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇന്നലെ നഗരസഭയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണു തീരുമാനം. എന്നാല്‍ ഫീസ് ചുമത്തുന്നതിനെതിരെ സി.പി.എം, സി.പി.ഐ, ഐ.എന്‍.എല്‍ തുടങ്ങിയ രാഷ്‌ട്രീയപാര്‍ട്ടികളും സോളിഡാരിറ്റിയും വിയോജനം രേഖപ്പെടുത്തി.
നേരത്തെ കോട്ടക്കുന്നിലേക്കുള്ള പ്രവേശന ഫീസ് പത്തുരൂപയാക്കി നിശ്‌ചയിച്ചിരുന്നു. പ്രതിഷേധം ശക്‌തമായതോടെ ഫീസ് പിരിക്കല്‍ ഡി.ടി.പി.സി.ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്‌ടര്‍ ഇടപെട്ടു നിര്‍ത്തിവെപ്പിക്കുകയായിരുന്നു. എന്നാല്‍ ഫീസ് പുര്‍ണമായി പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. ഈ തീരുമാനം ഉപസമിതിയും അംഗീകരിച്ചില്ല. ഫീസ് ആദ്യം നഗരസഭയുടെ മേല്‍നോട്ടത്തില്‍ പിരിക്കും. പിന്നീടിതു ടെന്‍ഡര്‍ ചെയ്യൂം.
കോട്ടക്കുന്നിലെ ലൈറ്റുകളുടെ കേടുപാടുകള്‍ ഒരു മാസത്തിനകവും സിവില്‍ വര്‍ക്കുകള്‍ രണ്ടു മാസത്തിനകവും പരിഹരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കോട്ടക്കുന്നില്‍ ആറു മാസത്തിനകം ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്ക്, ഫോറിന്‍ ബസാര്‍ എന്നീ രണ്ടു പദ്ധതികള്‍ നടപ്പിലാക്കും. ഇതു നടപ്പിലാക്കിയില്ലെങ്കില്‍ പ്രവേശന ഫീസ് തുടരണമോ വേണ്ടയോ എന്ന കാര്യം ഉപസമിതി പുനരാലോചിക്കുകയും ചെയ്യും. ഇക്കാര്യം ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനെ യോഗത്തില്‍ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
കോട്ടക്കുന്നില്‍ നഗരസഭ നടത്തുന്ന പാര്‍ക്കിലേക്ക് ഇപ്പോഴുളള പ്രവേശന ഫീസ് 220 രൂപയാണ്. സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് നിശ്‌ചിത സംഖ്യ ഫീസ് നല്‍കിയാല്‍ ഒരു റെയ്‌ഡില്‍ മാത്രം കയറി ഉല്ലസിക്കാനുള്ള സൗകര്യവും ഒരുക്കാനുള്ള തീരുമാനം ഇന്നലെയുണ്ടായി. എന്നാല്‍ അന്തിമ തീരുമാനം അടുത്തു ചേരുന്ന നഗരസഭാ കൗണസിലിന്റെതായിരിക്കും. അംഗീകാരം ലഭിച്ചാല്‍ കൂടുതല്‍ പേര്‍ക്കു പാര്‍ക്കില്‍ കയറി ഇഷ്‌ടമുള്ള ഒരു റെയ്‌ഡില്‍ ഉല്ലസിക്കുകയും ചെയ്യാം. അതോടെ സന്ദര്‍ശകരുടെ എണ്ണം കൂട്ടാമെന്നാണു പ്രതീക്ഷ.
കോട്ടക്കുന്നില്‍ സുരക്ഷ ശക്‌തമാക്കും. വസ്‌തുക്കള്‍ നശിപ്പിപ്പിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാനും തീരുമാനമായി. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്‌തഫ, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞുമുഹമ്മദ്, സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍, ഡി.ടി.പി.സി സെക്രട്ടറി മധു, യൂസുഫ് കൊന്നോല, വി.പി. അനില്‍, എം.എ. റസാഖ്, പി.കെ.എസ്.മുജീബ് ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments:
Post a Comment