മലപ്പുറംഃ ജില്ലയിലെ ബസുകളുടെ മിന്നല്‍ പണിമുടക്ക് തടയാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ തീരുമാനം. ജില്ലയില്‍ അടുത്ത ദിവസങ്ങളിലുണ്ടായ ബസ് പണിമുടക്കുകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ബസ് ഉടമകളുടെയും സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്. പൊതുസമൂഹത്തില്‍ മിന്നല്‍ പണിമുടക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി ഇത്തരം പണിമുടക്കില്‍ നിന്നും മാറി നില്‍ക്കുമെന്ന് യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പു നല്‍കി. നിസാര പ്രശ്നങ്ങളാണ് പലപ്പോഴും പണിമുടക്കുകള്‍ക്ക് കാരണമാകുന്നത്. പൊലീസിനെ വിശ്വാസത്തിലെടുത്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ബസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് യോഗത്തില്‍ ബസ് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ വേതന വ്യവസ്ഥ പരിഷ്കരിക്കണം. കലക്ഷന്‍ ബത്ത സമ്പ്രദായം ഒഴിവാക്കി ഫെയര്‍വാല്യു സിസ്റ്റം നടപ്പാക്കണം. ബസ് തൊഴിലാളികളെ സമൂഹത്തിന്റെ ഭാഗമായി കണ്ട് പെരുമാറണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബസ് ഉടമകളെ മുതലാളിമാരായി കാണരുതെന്നും ബസുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തന്നെയാണ് ജില്ലയിലെ 98 ശതമാനം ബസുകളുടെയും ഉടമകളെന്നും ഉടമകളെ പ്രതിനിധീകരിച്ച് സംസാരിച്ചവര്‍ പറഞ്ഞു. പാരലല്‍ സര്‍വീസ് നിര്‍ത്തണമെന്നും കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ സ്കൂള്‍ കുട്ടികളെ കയറ്റുന്നതിന് നടപടി വേണമെന്നും അവര്‍ പറഞ്ഞു. സ്കൂള്‍ സമയത്തില്‍ മാറ്റം വേണമെന്നും സ്കൂള്‍ സമയത്ത് മണല്‍ ലോറികളുടെ പരക്കംപാച്ചില്‍ തടയണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. കെ.എസ്.ആര്‍.ടി.സി ടൈം ഷെഡ്യൂള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.
മിന്നല്‍ പണിമുടക്ക് തൊഴിലാളി സംഘടനകള്‍ അറിഞ്ഞുകൊണ്ടല്ലെന്നും പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ ബസ് ജീവനക്കാര്‍ തന്നെ അപ്പപ്പോള്‍ നടത്തുന്ന പ്രകോപനങ്ങള്‍ മാത്രമാണെന്നും ബസ് തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചവര്‍ പറഞ്ഞു. തൊഴിലാളികള്‍ നല്‍കുന്ന പരാതികളില്‍ പൊലീസ് നല്ല രീതിയില്‍ പരിഗണിക്കണമെന്നും ഇവരെ ഒറ്റപ്പെടുത്തുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നു. എ.ഡി.എം എന്‍.കെ. ആന്റണി, എസ്.പി കെ. സേതുരാമന്‍, ആര്‍.റ്റി.ഒ പി.റ്റി.എല്‍ദോ, വി.പി. ഫിറോസ്, കെ.സി. കരിം (ഐ.എന്‍.റ്റി.യു.സി), കെ. രാമദാസ് (സി.ഐ.റ്റി.യു), എം.എ. റസാഖ് (എ.ഐ.റ്റി.യു.സി), റ്റി. രാജഗോപാല്‍ (ബി.എം.എസ്), ഐ.പി. സലാഹുദീന്‍ ഷഫീര്‍ കീഴുശ്ശേരി (എ.ഐ.എസ്.എഫ്), അബ്ദുള്‍ നവാസ് (എസ്.എഫ്.ഐ),പി. മുഹമ്മദ് നാണി (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്), കുഞ്ഞിമുഹമ്മദ് കുഞ്ഞിപ്പ (ബസ് ഓണേഴ്സ് അസോസിയേഷന്‍), കെ.വി. അബ്ദുറഹ്മാന്‍ (ബസ് ഓപ്പറേറ്റേറ്റ് ഓര്‍ഗനൈസേഷന്‍) എന്നിവര്‍ പങ്കെടുത്തു. (എസ്.റ്റി.യു) ഷെരീഫ് വടക്കേതില്‍ (എം.എസ്.എഫ്) തുടങ്ങിയവര്‍ പങ്കെടുത്തു.
Browse: Home > ജില്ലയിലെ ബസ് പണിമുടക്ക് തടയാന്‍ കൂട്ടായ തീരുമാനം
0 Comments:
Post a Comment