Social Icons

Featured Posts

Followers

Wednesday, July 27, 2011

മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി മോസില്ലയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു



മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി ഫയര്‍ഫോക്‌സ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മൊബൈല്‍ ഒഎസായ ആന്‍ഡ്രോയിഡിന്റെ ചില ഭാഗങ്ങള്‍ മോസില്ല അതിന്റെ ഒഎസിനായി ഉപയോഗിക്കുമെങ്കിലും, കോഡില്‍ വലിയ പങ്കും പുതിയതായി തയ്യാറാക്കുകയാവും ചെയ്യുക. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മോസില്ലയുടെ മൊബൈല്‍ ഒഎസ് പ്രധാനമായും മത്സരിക്കുക ആന്‍ഡ്രോയിഡിനോട് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസില്ല ഗവേഷകന്‍ ആന്‍ഡ്രിയസ് ഗാള്‍ കഴിഞ്ഞ ദിവസം ഒരു ഗൂഗിള്‍ ചര്‍ച്ചാഫോറത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബൂട്ട് ടു ഗെക്കോ (Boot to Gecko-B2G) എന്ന പേരിലൊരു പദ്ധതി ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. പദ്ധതി അതിന്റെ പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ഗാള്‍ അറിയിച്ചു. ആന്‍ഡ്രോയിഡിന് മാത്രമല്ല, ഗൂഗിളിന്റെ വെബ്ബ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസിനുള്ള മറുപടി കൂടിയാണ് ഇതിലൂടെ മോസില്ല ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഫയര്‍ഫോക്‌സ് ബ്രൗസര്‍ വികസിപ്പിച്ചതു പോലെ ഓണ്‍ലൈന്‍ സഹകരണം വഴിയാകും പുതിയ പദ്ധതിയും പൂര്‍ത്തിയാക്കുക. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്ട് എന്നിവരോട് മത്സരിക്കാന്‍ പാകത്തില്‍, ഓപ്പണ്‍ സോഴ്‌സ് കമ്മ്യൂണിറ്റിക്ക് എന്തെങ്കിലും സൃഷ്ടിക്കാനാകുമോ എന്നറിയാനുള്ള ശ്രമമാണ് ഈ പദ്ധതി വഴി നടത്തുക. പ്രൊപ്രൈറ്ററി സങ്കേതങ്ങളുടെ കടുംപിടുത്തം മൊബൈല്‍ രംഗത്ത് അവസാനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യമെന്ന് ഗാള്‍ പറഞ്ഞു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA