Social Icons

Featured Posts

Followers

Monday, July 25, 2011

കോപ്പ അമേരിക്ക കിരീടം ഉറുഗ്വാക്ക്



ബ്യൂണസ് ഏറീസ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ ഇനി ഉറുഗ്വെ താരരാജാവ്‍. അര്‍ജന്റീനയും ബ്രസീലും ഫുട്‌ബോള്‍ രാജാക്കന്‍മാരാകുന്നതിന് മുമ്പ് ആ പദം അലങ്കരിച്ച ഉറുഗ്വെ ഒരിടവേളക്കുശേഷം കോപ്പ അമേരിക്കയില്‍ ജേതാക്കളായി. കോപ്പയിലെ അവസാന പോരാട്ടത്തില്‍ പരാഗ്വേയെ 3-0ത്തിന് തോല്‍പ്പിച്ചാണ് ഉറുഗ്വായ് 43ാമത് കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്.
കോപ്പയില്‍ അര്‍ജന്റീനയ്‌ക്കൊപ്പം പങ്കിട്ട 14തവണ ജേതാക്കള്‍ എന്ന റെക്കോഡും ഈ വിജയത്തോടെ ഉറുഗ്വെ മറികടന്നു. ഉറുഗ്വെക്ക് വേണ്ടി ഫോര്‍ലാന്‍ രണ്ടും ലൂയിസ് സുവാരസ് ഒരു ഗോളും നേടി. മൂന്നു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. 1995നുശേഷം ഇതാദ്യമായാണ് ബ്രസീലും അര്‍ജന്റീനയും അടക്കിവാണിരുന്ന വന്‍കരയുടെ കിരീടാവകാശിയായി ഉറുഗ്വെ മാറുന്നത്.
പതിനൊന്നാം മിനിറ്റില്‍ സുവാരസിന്റെ ഗോളിലൂടെ ഉറുഗ്വെ തങ്ങളുടെ അക്കൗണ്ട് തുറന്നു. 41, 44 മിനുറ്റുകളില്‍ ഫോര്‍ലാന്റെ ഗോളുകളിലൂടെ ഉറുഗ്വെ കോപ്പ കിരീടം ഉറപ്പാക്കി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ പത്തു കോര്‍ണര്‍ കിക്കുകളാണ് ഉറുഗ്വെ നേടിയത് എന്നത് തന്നെ അവരുടെ ആക്രമണത്തിന്റെ തോത് വെളിവാക്കുന്നതാണ്. പാരഗ്വായുടെ സ്ഥിരം രക്ഷകന്‍ ഗോളി വില്ലാര്‍ പലപ്പോഴും രക്ഷകനാവുകയായിരുന്നു. 41ാം മിനിറ്റില്‍ പരാഗ്വെയിന്‍ പ്രതിരോധത്തില്‍ നിന്ന് അരെവാലൊ റയോസ പിടിച്ചെടുത്ത പന്താണ് ഫോര്‍ലാന്റെ ആദ്യ ഗോളിന് വഴിവച്ചത്. മൂന്നു മിനിറ്റേ വേണ്ടിവന്നുള്ളൂ ഫോര്‍ലാനിലൂടെ തന്നെ ഉറുഗ്വായ് യുടെ അവസാന ഗോളും പിറന്നു.
പ്രാഥമിക റൗണ്ടില്‍ പെറുവിനോടും ചിലിയോടും സമനില വഴങ്ങിയ ഉറുഗ്വായ് മെക്‌സിക്കോയെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ അവര്‍ ഷൂട്ടൗട്ടിലൂടെ അര്‍ജന്റീനയെ മറികടന്നു. പിന്നീട് പെറുവിനെ കീഴ്‌പ്പെടുത്തി അവര്‍ പാരഗ്വായ്‌ക്കെതിരായ കലാശപ്പോരാട്ടത്തിനും യോഗ്യത നേടി. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലാണ് ഉറുഗ്വായ് തോറ്റത്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA