സ്വകാര്യ മിനിബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം 19 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.15ന് ദേശീയപാതയില്‍ മലപ്പുറം കുന്നുമ്മലില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പിന്നിലെ വളവിലാണ് അപകടം. ബസിനുള്ളില്‍ കുടുങ്ങിപ്പോയ മിനി ബസ് ഡ്രൈവറെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ തീവ്രശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
മലപ്പുറത്തുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും മലപ്പുറത്തുനിന്ന്പുലാമന്തോളിലേക്ക് പോവുകയായിരുന്ന മിനി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. മിനിബസ് ഡ്രൈവര്‍ ഇരുമ്പുഴി അവുഞ്ഞിപ്പുറം അബ്ദുസമദ്(41)ആണ് ബസ്സിനകത്ത് കുടുങ്ങിയത്. ബസ്സിനകത്ത് കാലുകള്‍കുടുങ്ങിയതിനാല്‍ പുറത്ത് കടക്കാന്‍ പറ്റാത്ത നിലയിലായിരുന്നു. തുടര്‍ന്ന് ബസ്സിന്റെ മുന്‍വശം പൊളിച്ചാണ് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് 4.55 ഓടെ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവര്‍ക്ക് മലപ്പുറത്തെസഹകരണ ആസ്പത്രിയില്‍ അടിയന്തര ചികിത്സ നല്‍കുകയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വകാര്യബസ് ചരക്ക് ലോറിയെ മറികടന്നുവരുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍: മക്കരപ്പറമ്പ് നാറാണത്ത് ചോഴിക്കല്‍ സുബിയ്യ(17), മങ്ങാട്ടുപുലം കുമ്മണത്ത് അമ്മിണി(40), മകള്‍ ഐശ്വര്യ(17), പനങ്ങാങ്ങര കരിമ്പനക്കല്‍ മുഹമ്മദ്(35), ഭാര്യ ഫാത്തിമ(27), മുണ്ടുപറമ്പ് ചോലക്കല്‍ ഷിജു(27), തൃശൂര്‍ ചേലക്കര തോട്ടത്തില്‍ സലിം(34), ഭാര്യ ജമീല(27), കൂട്ടിലങ്ങാടി പടിക്കമണ്ണില്‍ സുമയ്യ(17), കൂട്ടിലങ്ങാടി വി.പി. അബ്ദുല്‍മജീദ്(45), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഹാജിയാര്‍പള്ളി സലാം(47), മിനി ബസ്സ് കണ്ടക്ടര്‍ പെരിന്തല്‍മണ്ണ അരക്കുപറമ്പ് സിദ്ദീഖ്(30), കുറ്റിപ്പുറം സുരഭിയില്‍ സി. അമര്‍(19), ചാപ്പനങ്ങാടി കുറുപ്പിന്‍പടി ചോലയില്‍ കൃഷ്ണപ്രഭ(19), പാലത്തിങ്ങല്‍ അബൂബക്കര്‍സിദ്ദീഖ്(25), കോട്ടയ്ക്കല്‍ സ്വദേശി ഖൈറുന്നീസ, ഷാനുമോള്‍, യു. ഷഹന്‍, പ്രീത എന്നിവരാണ് മലപ്പുറം സഹകരണ ആസ്പത്രിയില്‍ ചികില്‍സ തേടിയത്. ഐശ്വര്യ, സുമയ്യ, സുബിയ്യ എന്നിവര്‍ മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. മലപ്പുറം ഫയര്‍ആന്റ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ എം.എ. മൈക്കിള്‍, മലപ്പുറം സി.ഐ. ടി.ബി. വിജയന്‍, എസ്.ഐ. ഇ. ജയന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments:
Post a Comment