Social Icons

Featured Posts

Followers

Sunday, June 28, 2015

പനിച്ച് വിറച്ച് മലപ്പുറം


മഴക്കാലമെത്തിയതോടെ മലപ്പുറം പനിക്കിടക്കയിലാണ്. പകര്‍ച്ചവ്യാധികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍. ഡെങ്കിപ്പനി, എച്ച് വൺ- എന്‍വണ്‍ തുടങ്ങിയവയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അതീവഗുരുതരമാകുന്ന കോളറയും രണ്ടു വര്‍ഷത്തിനുശേഷം ജില്ലയില്‍ സ്ഥിരീകരിച്ചു. ഇത് മലപ്പുറത്തിന്റെ ആരോഗ്യരംഗത്ത് ഭീതിപരത്തിയിട്ടുണ്ട്.

ഈമാസം മാത്രം 81 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട ഒരാള്‍ മരിക്കുകയുംചെയ്തു. കഴിഞ്ഞവര്‍ഷം ജൂണ്‍മാസത്തില്‍ 36 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. ഇത്തവണ ഇരട്ടിയിലധികം കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്തതും ഒരാള്‍ മരിച്ചതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം മൂന്ന് എച്ച് വൺ- എന്‍വണ്‍ കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത്തവണ ഇത് 15 ആയി ഉയര്‍ന്നു.

സാധാരണ പകര്‍ച്ചപ്പനികളുടെ എണ്ണം ഇത്തവണ കുറവാണെന്നതാണ് ഏക ആശ്വാസം. 32,224 പേര്‍ക്കാണ് ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ചത്. കഴിഞ്ഞ ജൂണില്‍ 41,652 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം 21 മലേറിയ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ നേരിയ കുറവുണ്ട്. 13 പേര്‍ക്കാണ് ജില്ലയില്‍ മലേറിയ ബാധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്‌ചെയ്യുന്നത്. കാലവര്‍ഷമെത്തുന്നതിനു മുന്‍പ് ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നിരുന്നെങ്കിലും ഇത്തവണ കുറവ്
കാണുന്നുണ്ട്.

മഴക്കാലത്തെ രോഗങ്ങളും ലക്ഷണങ്ങളും ഒന്ന് മനസ്സിലാക്കി വെക്കാം...

പൊരുതാം പനിക്കെതിരെ (ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട പനികളുടെ ലക്ഷണങ്ങളും മുന്‍കരുതലും)

കോളറ

കോളറ പടരുന്നത് ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ്. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗകാരണം. ഛര്‍ദ്ദിയും കഞ്ഞിവെള്ളം പോകുന്നതുപോലുള്ള വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. പനിയും തലവേദനയും കൂടെയുണ്ടാകും. വയറിളക്കലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സതേടണം. ഇല്ലെങ്കില്‍ ശരീരത്തില്‍നിന്ന് വലിയതോതില്‍ വെള്ളം നഷ്ടപ്പെട്ട് (നിര്‍ജലീകരണം) സ്ഥിതി ഗുരുതരമാകും.
വെള്ളത്തിലൂടെ പടരുന്ന രോഗമായതിനാല്‍ രോഗം വ്യാപിക്കാതിരിക്കാന്‍ അതീവ ജാഗ്രതവേണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ആഹാരങ്ങള്‍ കഴിക്കരുത്. ഏറെനേരം മുറിച്ചുവെച്ച പഴങ്ങള്‍ കഴിക്കരുത്.

മലമ്പനി

വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍, അസഹ്യമായ തലവേദന, വിശപ്പില്ലായ്മ, പനിയുണ്ടാകുന്നതിന് രണ്ടുമൂന്നു ദിവസം മുന്‍പുതന്നെ ശരീരക്ഷീണം, തലവേദന എന്നിവയുണ്ടാകാം.
രോഗാണുവാഹകരായ അനോഫിലസ് കൊതുകുകള്‍ കടിച്ചാല്‍ 20 മുതല്‍ 30 ദിവസങ്ങള്‍ എത്തുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങുക. ഉടന്‍ ചികിത്സതേടിയാല്‍ ഒന്നുരണ്ടാഴ്ചകൊണ്ട് അസുഖം പൂര്‍ണമായും മാറും.

എച്ച് വൺ -  എന്‍വണ്‍

വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഈച്ചകളും രോഗവാഹകരായേക്കാം. സാധാരണയില്‍നിന്ന് വ്യത്യസ്തമായ പനി, തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ചികിത്സതേടണം. പോഷകാഹാരങ്ങള്‍ കഴിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കണം.
പകര്‍ച്ച തടയാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക. പൊതുജനസമ്പര്‍ക്കം കുറയ്ക്കുക, രോഗികള്‍ മാസ്‌ക് ഉപയോഗിക്കുക.

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്തി കൊതുകിലൂടെ പടരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പെട്ടന്നുണ്ടാകുന്ന പനി, അസഹ്യമായ തലവേദന, കണ്ണിനുള്ളിലെ വേദന, സന്ധികളിലും പേശികളിലും വേദന, തിണര്‍പ്പ്, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ വായ, മൂക്ക് എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കുക, കഠിനമായ വയറുവേദന എന്നിവയാണ് വരിക.
രോഗിയുടെ ശരീരത്തില്‍നിന്ന് രക്തവും പ്ലാസ്മയും നഷ്ടമാവുമെന്നതിനാല്‍ വളരെ അപകടകാരിയായ ഡെങ്കിപ്പനി വന്നാല്‍ എത്രയുംവേഗം വൈദ്യസഹായം തേടണം.

പകര്‍ച്ചപ്പനി

പനി, തലവേദന, മൂക്കൊലിപ്പ്്, തുമ്മല്‍, തൊണ്ടവേദന, സന്ധിവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വായുവിലൂടെ രോഗാണുക്കള്‍ മറ്റൊരു വ്യക്തിയിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. രോഗംവന്നാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

വേണം പ്രതിരോധം

മഴക്കാലത്ത് വെള്ളത്തിലൂടെയും കൊതുകുകള്‍ വഴിയുമാണ് രോഗങ്ങള്‍ കൂടുതലുണ്ടാകുന്നത്. വ്യക്തിശുചിത്വം, പരസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവയാണ് പ്രധാന രോഗപ്രതിരോധമാര്‍ഗങ്ങള്‍.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങള്‍ മൂടിവെക്കുക. കൈകള്‍ വൃത്തിയാക്കിയശേഷം മാത്രം ഭക്ഷണം കഴിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറുകള്‍ അണുവിമുക്തമാക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തണം. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നത് തടയുക. പാഴ്‌ച്ചെടികള്‍ നീക്കംചെയ്ത് പരിസരം വൃത്തിയാക്കുക.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA