Social Icons

Featured Posts

Followers

Thursday, March 13, 2014

പതറാത്ത പോരാളി






എസ്.എൽ.സി പരീക്ഷയിൽ 93 % മാർക്കോടെ ഉന്നത വിജയം.
പ്ലസ് ടു പരീക്ഷയിൽ 80 % മാർക്കോടെ വിജയം, 
ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർത്ഥി, 
ആരെയും വിസ്‌മയിപ്പിക്കുന്ന ചിത്രകാരൻ,
മികച്ച ഗായകൻ, പ്രാസംഗികൻ, ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ജേതാവ്,
കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി പഠന ക്ലാസ്സുകൾ നയിച്ച അദ്ധ്യാപകൻ,
ഡൽഹി ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിക്കാൻ ഡൽഹിയിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന വി.ഐ.പി , കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും സിനിമാ താരങ്ങളും ഒക്കെ അറിയുന്ന അവരോടൊന്നിച്ച് വേദി പങ്കിടാൻ അവസരം കിട്ടിയ സൂപ്പർ ഹീറോ....ഇപ്പോഴിതാ ജയ് ഹിന്ദ് ടി.വി യിലെ യുവതാരം റിയാലിറ്റിഷോയിൽ വിന്നറായിരിക്കുന്നു....


പറഞ്ഞ് വരുന്നത് ആരെപ്പറ്റിയാണെന്നല്ലേ....അത് മറ്റാരുമല്ല, ശിഹാബുദ്ധീൻ പൂക്കോട്ടൂർ എന്ന ഇരുപതുകാരനാണു ആ സൂപ്പർ ഹീറോ.. പേരു കേട്ടിട്ട് അത്ര പരിചയം തോന്നുന്നില്ല ..അല്ലേ, എന്നാൽ നാം അറിയേണ്ടിയിരിക്കുന്നു ശിഹാബെന്ന ആ വ്യക്തിയെക്കുറിച്ച് ,അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയെ ഗൗനിക്കാതെ നമുക്ക് കടന്ന് പോകാൻ കഴിയില്ല, തീർച്ച.
ജന്മം കൊണ്ട് തന്നെ നാട്ടുകാരെ വിസ്‌മയിപ്പിച്ച ശിഹാബ് ഇന്ന് ഒട്ടനവധി നേട്ടങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിക്കൊണ്ട് ലോകത്തിനു മുന്നിൽ വിസ്‌മയങ്ങളുടെ പറുദീസ തന്നെ തുറന്നിടുകയാണു..പിറന്ന് വീണപ്പോൾ ശിഹാബുദ്ധീൻ കരഞ്ഞില്ല, തന്നെ കാത്തിരിക്കുന്ന ഭീതിജനകമായ ഭാവിയെ നേരിടാൻ ശീലിക്കുകയായിരുന്നു ആ കുട്ടി, കയ്യോ കാലോ ഇല്ലാത്ത തലയും ഉടലും മാത്രമായ ഒരു രൂപമായിരുന്നു അവൻ, ഒരിക്കലും എണീറ്റ് നടക്കില്ലെന്ന് എല്ലാവരും കരുതി.എന്നാൽ തന്റെ കാലിന്റെ ഭാഗത്ത് വിരൽ പോലെ വളർന്ന് വന്ന ഭാഗം നിലത്തൂന്നി നിവർന്ന് നിൽക്കാൻ അവൻ പഠിച്ചു.പിന്നെ പിന്നെ മെല്ലെ നിരങ്ങി നടക്കാനും..ഇരു കൈകളൂടേയും ഭാഗത്ത് തൂങ്ങി നിൽക്കുന്ന മുറിക്കൈകൾ ആവുന്നത്ര ചേർത്ത് പിടിച്ച് അതിൽ പെൻസിൽ തിരുകി എഴുതാൻ പഠിച്ചു, ഇന്നവൻ ഒരു മികച്ച ചിത്രകാരനാണു, കഥാകാരനാണു,ആയിരക്കണക്കായ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് മാർഗദർശകനാണു. സുപ്പർ ഹീറോയാണു..ആ ഹീറോയെ നേരിൽകാണാനാണു ഞാൻ പൂക്കോട്ടൂർ പള്ളിപ്പടിയിലുള്ള ശിഹാബുദ്ധീന്റെ വീട്ടിലെത്തിയത്, മീൻ വില്പനക്കാരനായ ചെറുപറമ്പൻ അബൂബക്കറിന്റെയും മെഹജാബീവിയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണു ശിഹാബുദ്ധീൻ..ഞാൻ ചെല്ലുമ്പോൾ ശിഹാബുദ്ധീൻ വീട്ടിലുണ്ടായിരുന്നില്ല, കോളേജിൽ നിന്നും എത്തിയിട്ടില്ല, ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ജിദ്ദ കെ.എം.സി.സി യുടെ പേരു എഴുതിയ ഒരു ഓട്ടോ വന്നു, ഉപ്പയാണു സാരഥി, പിന്നെ അനിയന്റെ തോളത്ത് കയറി  വീടിന്റെ അകത്തേക്ക്...കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരി..,പിന്നെ മുറിയിലേക്ക് ആനയിച്ചു, മുറിയിലെ അലമാരയും ചുവരും  നിറയെ ട്രോഫികളും സർട്ടിഫിക്കറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു, എന്നോട് ഇരിക്കാൻ പറഞ്ഞു,  കട്ടിലിനരികിൽ വന്ന് നിന്നു, ഞാൻ കട്ടിലിലേക്ക് എടുത്ത് വെച്ചു, കേവലം ഒരു അഞ്ച് വയസ്സുകാരന്റെ ഭാരം പോലുമില്ല,പതിഞ്ഞ സ്വരത്തിൽ പുഞ്ചിരിയോടെ  സംസാരം ആരംഭിച്ചു.അതിനിടയിൽ  അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ പരതുന്നു, ലാപ്ടോപ്പിൽ നിന്നും ചിത്രങ്ങൾ തപ്പിയെടുത്ത് തരുന്നു,മൊബൈലിൽ കോൾ ചെയ്യുന്നു,  ഇതെല്ലാം കണ്ട് വിസ്‌മയത്തോടെ ഞാനും..

ശിഹാബുദ്ധീനുമായി പങ്കിട്ട സംഭാഷണത്തിൽ നിന്ന്.

ചോദ്യം: നിങ്ങൾ ഒരു ചിത്രകാരനാണു, പ്രാസംഗികനാണു, ആയിരക്കണക്കായ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കുന്ന അദ്ധ്യാപകനാണു,ശാരീരികമായി ഇത്രയും അസൗകര്യങ്ങൾ ഉണ്ടായിട്ടും ഇത് പോലെയൊക്കെ ചെയ്യാനും ആയിത്തീരാനും ഉള്ള പ്രചോദനം എന്തായിരുന്നു..?

#; എന്നെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ചെയ്യണം എന്ന് മനസ്സിൽ തോന്നിയാൽ ഞാൻ ഉടനെ അത് ചെയ്യാൻ ശ്രമിക്കും.അതിനു വേണ്ടി എത്ര റിസ്‌കെടുക്കാനും ഞാൻ തയ്യാറാകും..അങ്ങനെ അങ്ങനെ ഓരോന്ന് ചെയ്യുമ്പോൾ അത് വിജയിക്കുന്നു.ഇപ്പോൾ തന്നെ ജയ് ഹിന്ദ്  ടി.വിയിലെ പ്രോഗ്രാമിനു ജീവിതത്തിൽ ഇന്നേവരെ ഡാൻസ് ചെയ്യാത്ത ഞാൻ ഡാൻസ് ചെയ്തു.അതും റോപ്പ് ഒക്കെ ഉപയോഗിച്ച്, ..ഇപ്പോൾ അതാലോചിക്കുമ്പോൾ  എനിക്ക് തന്നെ അത്ഭുതം തോന്നുന്നു, ഇതൊക്കെ ഞാൻ എങ്ങനെ ചെയ്യുന്നുവെന്ന്, കുട്ടിക്കാലത്ത് സമപ്രായക്കാരുടെ കൂടെ  ക്രിക്കറ്റ് കളിക്കാനും നീന്താനും ഒക്കെ എനിക്ക് സാധ്യമായത് അങ്ങനെയൊക്കെയാവാം...കുറെയൊക്കെ നേട്ടങ്ങൾ എന്റെ ഭാഗ്യമാണു എന്നാണു ഞാൻ കരുതുന്നത്, അതോടൊപ്പം എന്റെ പരിശ്രമങ്ങളും ഉണ്ടായിരിക്കാം..

ചോദ്യം: എന്നാലും ഇൻസ്പിരേഷൻ എന്ന നിലയിൽ ഏതെങ്കിലും വ്യക്തിയോ സംഭവമോ ഒക്കെ സ്വാധീനിച്ചിട്ടുണ്ടോ..?

#; തീർച്ചയായും, എന്റെ മാതാപിതാക്കൾ, അധ്യാപകർ,സുഹ്രത്തുക്കൾ എന്നിങ്ങനെ ഒരോരുത്തരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്, പിന്നെ പ്രത്യേകിച്ച് ഏതെങ്കിലും വ്യക്തിയെ ചോദിക്കുകയാണെങ്കിൽ  നിക്ക് വ്യുജിസിക്ക് എന്ന ആസ്ട്രേലിയക്കാരനെ ഞാൻ പറയും, അദ്ദേഹവും എന്നെപ്പോലെ ജന്മനാ രണ്ട് കാലും കയ്യുമില്ല, പോരാത്തതിനു അദ്ദേഹം ഒരു ഇന്റർ നാഷണൽ മോട്ടിവേഷൻ ട്രയിനറുമാണു, എനിക്കും അദ്ദേഹത്തെ പോലെ ആകണമെന്നുണ്ട്.

ചോദ്യം; ഒരു പാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയതായി അറിഞ്ഞു, ഏതൊക്കെയാണെന്ന് പറയാമോ..?

#;   സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ 2011 ലെ മാൻ ഓഫ് ദ ഇയർ പുരസ്കാ രംകിട്ടിയിരുന്നു,പിന്നെയും കുറേ കിട്ടിയിട്ടുണ്ട്, ക്രത്യമായി ഓർമയില്ല,ഏകദേശം അൻപതോളം വിവിധ അവാർഡുകൾ കിട്ടിയിട്ടുണ്ട്, മലയാളം ഫിലിം ഇൻഡസ്ട്രിയിലെ ഒരു പാട് പേരുമായി ചേർന്ന് പല പരിപാടികളും നടത്താൻ സാധിച്ചു, താജുദ്ധീൻ വടകര, രഹന എന്നിവരുടെ കൂടെ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്, അതിലെല്ലാമുപരി കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്,  അവാർഡിനേക്കാളേറെ അതൊക്കെയാണു ഞാൻ ഏറെ വിലകൽപ്പിക്കുന്നതും..


ചോദ്യം: പഠന ക്ലാസ്സുകൾക്ക് നേത്രത്വം കൊടുക്കാറുണ്ടെന്നു പറഞ്ഞല്ലോ..ഒന്ന് വിശദമാക്കാമോ..?

#: ശരിയാണു, ഒരു പാട് പഠന ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്, ക്ലാസ്സുകളിൽ പുതുതായി ഞാൻ ഒന്നും അവതരിപ്പിക്കുന്നില്ല, എന്റെ തന്നെ ജീവിത അനുഭവങ്ങളാണു ഞാൻ അവർക്ക് മുന്നിൽ തുറന്നിടുന്നത്, അവരത് ശ്രദ്ധയോടെ ഉൾക്കൊള്ളുന്നു,പാഠമാക്കുന്നു,  അത് ഏറെ സന്തോഷകരമാണു..പത്താം ക്ലാസ്സ് മുതൽ പി.ജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ക്ലാസെടുത്തിട്ടുണ്ട്, അടുത്ത മാസം ഡൽഹി ഐ.ഐ.ടിയിൽ പഠനക്ലാസ്സ് എടുക്കാൻ ക്ഷണിച്ചിട്ടുണ്ട്, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്രമാണത്, പോകണമെന്നുണ്ട്, പക്ഷേ ഭാഷ ഒരു പ്രശ്നം തന്നെയാണു, എന്തായാലും എത്ര ട്രാൻസലേറ്റർമാരെ വേണെമെങ്കിലും ഏർപ്പാടാക്കാം എന്ന് അവർ അറിയിച്ചിട്ടുണ്ട്. ഒരു മികച്ച ട്രയ്‌നർ ആകണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ ഇപ്പോൾ കോളേജിലെ ഒരു പാട് അറ്റഡൻസ് പൊകുമെന്നതിനാൽ ക്ലാസ്സുകൾ കുറച്ച് പരിമിതപ്പെടുത്തിയിട്ടുണ്ട്,

ചോദ്യം:റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്ന് കേട്ടല്ലോ... അതിന്റെ വിശേഷങ്ങൾ..?

#;  ജീവൻ ടി.വിയിലെ യുവതാരം റിയാലിറ്റി ഷോ ആണത്, ഞാൻ ഫൈനൽ റൗണ്ടി ൽ എത്തിയിട്ടുണ്ട്, അന്തിമ വിജയത്തിനായി നിങ്ങൾ പ്രാർത്ഥിക്കണം..( ഈ സംഭാഷണം നടക്കുമ്പോൾ ആ  ഫൈനൽ മത്സരം കഴിഞ്ഞിരുന്നില്ല, ഫൈനലിൽ വിന്നറായത് ശിഹാബ് തന്നെയായിരുന്നു..)



ചോദ്യം: പഠനം ഒക്കെ എങ്ങനെ പോകുന്നു, ശാരീരികമായി ഈ അവസ്ഥയിൽ പഠനം നിർവഹിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നില്ലേ..?

#: ഒന്നു മുതൽ ഏഴ് വരെ ഞാൻ സ്കൂളിൽ പോയിരുന്നില്ല, വീട്ടിലിരുന്ന് അനിയന്മാരുടെയും ചേട്ടന്മാരുടെയും ഒക്കെ പുസ്തകങ്ങളെടുത്ത് മറിച്ച് നോക്കും, അങ്ങനെയാണു എനിക്ക് പഠിക്കണം എന്ന മോഹം ഉദിക്കുന്നത്...അങ്ങനെ എട്ടാം ക്ലാസ്സിലാണു ഞാൻ സ്കൂളിൽ ചേരുന്നത്, ഉപ്പ രാവിലെ സ്കൂട്ടറിലിരുത്തിയോ ഓട്ടോ പിടിച്ചോ സ്കൂളിൽ കൊണ്ട് ചെന്നാക്കും, ഉച്ചക്ക് ഉമ്മാ ചോറുമായി വരും..അങ്ങനെ അങ്ങനെ പഠനം തുടർന്നു, ആദ്യമൊക്കെ സഹപാഠികൾക്ക് എന്റെ ഈ അവസ്ഥ കണ്ട് സഹതാപത്തിൽ നിന്നുള്ള ഒരു അകൽച്ചയായിരുന്നു, പിന്നെ പിന്നെ അവർ നല്ല കൂട്ടുകാരായി, എന്റെ എല്ലാ കാര്യങ്ങൾക്കും അവർ നന്നായി സഹായിച്ചിരുന്നു..പത്താം ക്ലാസ്സ് പരീക്ഷക്ക് എഴുതാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ഒരു സഹായിയെ വെക്കാം എന്ന് അദ്ധ്യാപകർ പറഞ്ഞതാണു, എന്തോ എനിക്കതിനു തോന്നിയില്ല, നമ്മൾ പഠിച്ചെടുത്തത് നമ്മൾ തന്നെ എഴുതണ്ടേ...വാശിയോടെ ഞാൻ മുറിക്കൈകൾ ചേർത്ത് പിടിച്ച് എഴുതി, നല്ല മാർക്കോടെ വിജയിക്കാനും കഴിഞ്ഞു, പ്ലസ് ടു വിനു സയൻസായിരുന്നു വിഷയം, ഡിഗ്രിക്കും അതേ വിഷയങ്ങൾ തന്നെ പഠിക്കാനായിരുന്നു താല്പര്യം..പക്ഷേ എന്റെ ഈ ശാരീരിക അവസ്ഥ കാരണം ഒരു കോളേജീലും അഡ്‌മിഷൻ കിട്ടിയില്ല, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു പാട് ലാബ് പ്രവർത്തനങ്ങൾ ഒക്കെയുണ്ടാവുമല്ലോ..അതൊക്കെ ഞാൻ എങ്ങനെ ചെയ്യും എന്ന് അവർക്ക് സംശയമുണ്ടായിട്ടുണ്ടാവാം..ഏതായാലും ഇപ്പോൾ അത്താണിക്കൽ എം.ഐ.സി കോളേജിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയാണു.

ചോദ്യം: ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം..?

#: അങ്ങനെ ചോദിച്ചാൽ....ഒരു പാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്, ക്രിക്കറ്റ് എനിക്ക് ഒരു പാട് ഇഷ്ടമാണു, അതേ പോലെ തന്നെ ക്രിക്കറ്റ് താരങ്ങളെയും..ശ്രീശാന്ത് എന്റ ഇഷ്ടതാരമാണു.,ഒരു ദിവസം വൈകുന്നേരം എന്നെ ത്തേടി ഒരു ഫോൺ കോൾ വന്നു.." എടാ ശിഹാബേ ..ഇത് ഞാനാ ശ്രീശാന്ത് " ടി.വി.യിലൂടെ അല്പം മുമ്പ് കണ്ട ശ്രീശാന്ത്  എന്നെ വിളിക്കുന്നു എന്ന സത്യം എനിക്ക് വിശ്വസിക്കാനായില്ല, സ്വപ്നവും സത്യവും കൂടിക്കലർന്നുള്ള നിമിഷം, എന്നെക്കുറിച്ചുള്ള ന്യുസ് പേപ്പർ വാർത്ത കണ്ടിട്ടാണത്രേ വിളിച്ചത്, " നാളെ കേരളം നിന്നിലൂടെ അറിയപ്പെടും " എന്ന് പറഞ്ഞാണു ഫോൺ വെച്ചത്, അത് മറക്കാനാവാത്ത ഒരു അനുഭമാണു..അതേ പോലെ ഇപ്പോൾ ഡൽഹി ഐ.ഐ.ടിയിൽ ക്ലാസെടുക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്..

ചോദ്യം: ജീവിതത്തിൽ ദുഖം തോന്നിയ ,വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ..?

#: ദു;ഖം , അത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും, അതേ പോലെ എനിക്കും ഉണ്ടായിട്ടുണ്ടാവും.വേദനിപ്പിച്ച സന്ദർഭങ്ങൾ ഉണ്ടാവും...പക്ഷേ അതൊന്നും ഞാൻ മനസ്സിൽ കൊണ്ട് നടക്കാറില്ല., അത് കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് എടുത്ത് പറയാൻ തക്ക ഒന്നുമില്ല, നമുക്ക് സന്തോഷം പകരുന്നതായ കാര്യങ്ങൾ മാത്രം ഓർത്തിരിക്കുക, അതാണു എന്റെ ശൈലി, അല്ലാതെ ദ:ഖിച്ചിരുന്നത് കൊണ്ട്  മാത്രം ഒരിക്കലും ദു:ഖം മാറില്ലല്ലോ...

ശരിക്കും പറഞ്ഞാൽ ശിഹാബ് ഒരു പ്രതിഭാസമാണു, ഒരു വിസ്‌മയമാണു, ഫേസ്ബുക്കിൽ ശിഹാബിന്റെ പ്രൊഫൈൽ നാമം ശിഹാബുദ്ധീൻ കണ്ണൻ എന്നാണു, എന്താണു അങ്ങനെ ഒരു പേരു വെക്കാൻ കാരണം എന്നു കൂടി ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണു, ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ വിളിച്ച പേരാണു കണ്ണൻ എന്ന് , വലുതായപ്പോഴും അത് മാറ്റാനെനിക്ക് തോന്നിയില്ല, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു, അതല്ലെങ്കിൽ മതസൗഹാർദത്തിന്റെ ഒരു  രൂപമായി എന്റെ ഈ ശരീരം നിലനിന്നോട്ടേ ..അല്ലേ.

ഈ വാക്കുകൾക്ക് മുന്നിൽ നമിക്കാതെ വയ്യ, ഈ മനുഷ്യന്റെ നിശ്ചയദാർഡ്യങ്ങൾക്ക് മുന്നിലും നേട്ടങ്ങൾക്ക് മുന്നിലും തലകുനിക്കാതെ വയ്യ, രണ്ട് കയ്യും രണ്ട് കാലും പരിപൂർണ്ണ ആരോഗ്യവും ഉണ്ടായിട്ടും ശിഹാബുദ്ധീനെപ്പോലെയുള്ള ഒരാളുടെ ഏഴയലത്ത് പോലും എത്താൻ കഴിയാതെ പോകുന്ന മനസ്സുകളേ...ഒരു നിമിഷം ശ്രദ്ധിക്കുവിൻ, ..ഇല്ലായ്മകളിലും വല്ലായ്മകളിലും പരിതപിച്ച്  കഴിഞ്ഞ് കൂടാതെ പരാജയങ്ങളിൽ വേദനിച്ച് പിന്മാറാതെ അവയെ അതിജയിക്കാൻ നാം മനസ്സ് വെച്ചാൽ സാധ്യമാകുക തന്നെ ചെയ്യും.തീർച്ച...സഹതാപത്തിന്റെ അശ്രുകണങ്ങളെ തുടച്ച് നീക്കുക, പരാജയങ്ങളെ പോരായ്‌മകളെ പാഠമാക്കി വിജയങ്ങളുടെ ഔന്നത്ത്യങ്ങളിലേക്ക് കുതിക്കാൻ ഈ അനുഭവ സാക്ഷ്യങ്ങൾ നിങ്ങൾക്ക് കരുത്തേകട്ടെ..

ശിഹാബ് വരച്ച ചിത്രങ്ങളിൽ ചിലത്








ശിഹാബിനെക്കൂറിച്ചുള്ള പത്രക്കട്ടിംഗുകളിൽ ചിലത്


















0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA