മലപ്പുറം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല നഗരസഭ അധികൃതര്‍ പൂട്ടി സീല്‍വെച്ചു. ഇതോടൊപ്പം കള്ളുഷാപ്പും പൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലയും അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹൈക്കോടതിയില്‍ നിന്ന് 10 ദിവസത്തേക്ക് സ്റ്റേ വാങ്ങിയിരുന്നതിനാല്‍ പൂട്ടിച്ചില്ല. നഗരസഭാ പരിധിയില്‍നിന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മദ്യശാലകള്‍ക്കും മലപ്പുറം നഗരസഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് നോട്ടീസ്‌നല്‍കിയിരുന്നു.
എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഇവ അടച്ചുപൂട്ടാത്തതിനെത്തുടര്‍ന്ന് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും ബുധനാഴ്ച മൂന്നുമണിയോടെ എത്തുകയായിരുന്നു. നഗരത്തില്‍ കോരങ്ങോട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്പനശാല അധികൃതര്‍ പൂട്ടുന്നതിനുള്ളനടപടികള്‍ ആരംഭിച്ചെങ്കിലും ആശയക്കുഴപ്പത്തെത്തുടര്‍ന്ന് മൂന്നുമണിക്കൂര്‍ സമയം നടപടികളൊന്നും ഉണ്ടായില്ല.
വൈകീട്ട് 5.30ഓടെ പോലീസ് സാന്നിധ്യത്തിലാണ് മദ്യവില്പനശാല പൂട്ടി സീല്‍വെച്ചത്. മദ്യശാലയിലെ ജീവനക്കാര്‍ നഗരസഭയുടെ നടപടികളോട് ആദ്യം അനുകൂലസമീപനം സ്വീകരിച്ചെങ്കിലും തുടര്‍ന്ന് മേലധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ നോട്ടീസ് കൈപ്പറ്റി പൂട്ടാന്‍ അവസരം കൊടുക്കേണ്ടെന്ന അറിയിപ്പാണ് ലഭിച്ചത്. അതോടെ ജീവനക്കാര്‍ വീണ്ടും മദ്യശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരുകോടിയോളം രൂപയുടെ സ്റ്റോക്ക് കടയിലുണ്ടെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഇറങ്ങിത്തരാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനിന്നതോടെ നഗരസഭാ അധികൃതര്‍ കുഴങ്ങി. തുടര്‍ന്ന് അനധികൃത മദ്യഷാപ്പ് പൂട്ടുകയാണെന്ന് കാട്ടി നഗരസഭാ സെക്രട്ടറിയുടെ കത്തുമായി അധികൃതര്‍ എത്തിയെങ്കിലും അത് കൈപ്പറ്റാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തയ്യാറായില്ല.
തുടര്‍ന്ന് നഗരസഭ പോലീസ് സാന്നിധ്യം ആവശ്യപ്പെടുകയും നഗരസഭാ ചെയര്‍മാന്‍ കെ.പി.മുസ്തഫയും മറ്റും എത്തി മഹസര്‍ നല്‍കി പൂട്ടാമെന്ന് ജീവനക്കാരെ അറിയിക്കുകയുംചെയ്തു. വൈകീട്ട് 5.30ഓടെ മദ്യശാല പൂട്ടി സീല്‍ വെക്കുകയായിരുന്നു. ഇതിനിടെ ബിവറേജസ് കോര്‍പ്പറേഷനും നഗരസഭയുടെ നീക്കത്തിനെതിരെ കോടതിയില്‍ പോയിരിക്കുകയാണ്.
നഗരസഭയിലെ വിദേശമദ്യശാലകളും കള്ളുഷാപ്പുകളും നഗരസഭാപരിധിയില്‍നിന്ന് മാറ്റണമെന്ന് ജൂണ്‍ 21ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. മദ്യവില്പനശാലകള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണിത്. നഗരസഭയില്‍ നിന്നുള്ള ലൈസന്‍സ് സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്നും നഗരസഭ പറയുന്നു.
0 Comments:
Post a Comment