മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് മുമ്പുണ്ടാക്കിയ രൂപരേഖ ഉപേക്ഷിച്ചു. 11 നിലകളുള്ള കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി മാറ്റി പകരം കുന്നിടിക്കാതെ ആറ് നിലകളില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ ഏകദേശ ധാരണയായി. അതില്‍ കോട്ടപ്പടിയില്‍നിന്ന് കുന്നുമ്മലിലേക്ക് വരുന്ന ഭാഗത്ത് റോഡിന് അഭിമുഖമായി ആറ് നിലകളാണ് നിര്‍മിക്കുക. ഇതില്‍ മൂന്നുനില ഡിപ്പോയ്ക്ക് അഭിമുഖമായിട്ടായിരിക്കും. ഈ രീതിയില്‍ നിര്‍മാണം നടത്താനാണ് ഇപ്പോള്‍ പദ്ധതി. നേരത്തെ തയ്യാറാക്കിയ പ്ലാനിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയിലായിരിക്കും പുതിയ ഷോപ്പിങ്‌കോംപ്ലക്‌സ് വരിക.
പുതിയ നിര്‍ദേശത്തില്‍ ഗാരേജ് പുതുക്കിപ്പണിയുകയോ മാറ്റുകയോ ചെയ്യേണ്ടി വരില്ല. 11 നിലകളില്‍ ടെര്‍മിനല്‍ നിര്‍മിച്ചാല്‍ അത് ലാഭകരമാകില്ലെന്നുള്ള കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വാദത്തെത്തുടര്‍ന്നാണ് പ്ലാനില്‍ മാറ്റംവരുത്തിയത്. ഇപ്പോഴത്തെ രീതിയില്‍ ഏതാണ്ട് 60-ഓളം ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ഡിപ്പോ സന്ദര്‍ശിച്ചു. തുടര്‍ന്ന് പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പ്ലാനിന്റെ രൂപരേഖയായത്.
പൊതുജനങ്ങളില്‍നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചാവും നിര്‍മാണം. എന്നാല്‍ പുതിയ ടെന്‍ഡറായി വരാന്‍ മാത്രം മൂന്നുമാസത്തിലധികം സമയം വേണ്ടിവരുമെന്നും മറ്റ് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിയുന്നത്ര വേഗം നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
0 Comments:
Post a Comment