മലപ്പുറം നഗരത്തില്‍ നടപ്പാക്കുന്ന നഗര കുടിവെള്ള പദ്ധതി പ്രകാരമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണ സംവിധാനത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. ഇതുകൂടാതെ ചാമക്കയം തടയണയും യാഥാര്‍ഥ്യമായി.
കോട്ടക്കുന്ന്, കാളന്തട്ട, പെരുമ്പറമ്പ് എന്നിവിടങ്ങളില്‍ ജലസംഭരണികളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസ് വളപ്പിലെ ശുദ്ധീകരണ പ്ലാന്റില്‍നിന്ന് കോട്ടക്കുന്നില്‍ നിര്‍മിക്കുന്ന നാല് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്കുള്ള പൈപ്പ് സ്ഥാപിക്കലാണ് നടന്നുവരുന്നത്. പെരുമ്പറമ്പില്‍ ആറ് ലക്ഷം ലിറ്റര്‍ ശേഷിയും കാളന്തട്ടയില്‍ ഒന്നര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയുമാണ് നിര്‍മിക്കുന്നത്. മൂന്ന് ജലസംഭരണികളുടെ നിര്‍മാണത്തിന് 1.62 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മലപ്പുറം നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. 19.76 കോടിരൂപയുടെ പദ്ധതികളാണ് നഗരകുടിവെള്ള പദ്ധതി പ്രകാരം നടപ്പാക്കുന്നത്. ആകെയുള്ള 20 പ്രവൃത്തികളില്‍ പത്ത് പ്രവൃത്തികളാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നത്. എട്ട് പമ്പ്‌സെറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ള പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊണ്ടുവരികയാണ്.
മലപ്പുറം നഗരസഭയ്ക്ക് പുറമേ കോഡൂര്‍, പൊന്മള പഞ്ചായത്തുകള്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് ചാമക്കയത്തെ തടയണ. 4.40 കോടി രൂപ ചെലവിലാണ് ഇതിന്റെ പണിപൂര്‍ത്തിയാക്കിയത്.
0 Comments:
Post a Comment