Social Icons

Featured Posts

Followers

Sunday, September 18, 2011

കോട്ടക്കുന്നില്‍ 3.83 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും



ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നില്‍ 3.83 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍കൂടി നടപ്പാക്കുന്നതിന് പദ്ധതി തയ്യാറാക്കി. ഫോര്‍ ഡി തിയേറ്റര്‍, സീനിയര്‍ സിറ്റിസണ്‍ പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റോളര്‍ സ്‌കേറ്റിങ് ട്രെയിനിങ് സെന്റര്‍, കോട്ടക്കുന്നിന് മുകളില്‍ പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തല്‍, മിറര്‍ മെയ്‌സ്, മ്യൂസിക്കല്‍ ഫൗണ്ടന്‍, മിറര്‍ ഷോ ലേസര്‍ ഷോ എന്നിവ നടപ്പാക്കും. മരം വളര്‍ത്തല്‍, പൂന്തോട്ട നിര്‍മാണം തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടക്കുന്ന് ടൂറിസം കേന്ദ്രത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രി എ. പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്.

വികസന പദ്ധതി പൂര്‍ണമായി നടപ്പാക്കുമ്പോള്‍ 1.67 കോടിയുടെ വരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കുന്നില്‍ ഒരു വര്‍ഷം നിലവില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് നടപടിയുണ്ടാവും. കോട്ടക്കുന്നില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം ധാരണയായിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് നഗരസഭയുമായി ചര്‍ച്ച നടത്തി പ്രവേശന ഫീസ് നിശ്ചയിക്കും. വാഹനങ്ങളുടെ പ്രവേശന ഫീസിന് പകരം പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും.

കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് ജനറല്‍പാര്‍ക്ക് ആക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവേശന ഫീസ് നല്‍കി കോട്ടക്കുന്നിലെത്തുന്നവര്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലും പ്രവേശിക്കാന്‍ സൗകര്യം ലഭിക്കും. പാര്‍ക്കിലെ റൈഡുകള്‍ക്ക് പ്രത്യേകം ഫീസ് ഉണ്ടായിരിക്കും. ഇതുസംബന്ധിച്ച കാര്യങ്ങളും മലപ്പുറം നഗരസഭ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം തുക നഗരസഭയ്ക്ക് നല്‍കുന്നതിനും തത്വത്തില്‍ തീരുമാനിച്ചു. കോട്ടക്കുന്നില്‍ വെളിച്ച സൗകര്യം ഉറപ്പാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു. 14 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. നിലവിലുള്ള സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തും. സന്ദര്‍ശകര്‍ കൂടുതലുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ പോലീസ് സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുത്തും. കോട്ടക്കുന്നിനോട് ചേര്‍ന്നുള്ള റോഡുകള്‍ വീതി കൂട്ടും.

പദ്ധതിയിലുള്‍പ്പെട്ട സീനിയര്‍ സിറ്റിസണ്‍ പാര്‍ക്കിന്റെ പണി ഉടനെ തുടങ്ങാനും മന്ത്രി നിര്‍ദേശിച്ചു. നിലവിലുള്ള ജലസംഭരണി അറ്റകുറ്റപ്പണി നടത്തി ഉപയോഗ്യമാക്കും. കോട്ടക്കുന്നില്‍ കുട്ടികള്‍ക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം നല്‍കുന്ന പാര്‍ക്കാണ് നിര്‍മ്മിക്കുക. ഫോര്‍ ഡി തിയേറ്റര്‍ ഒരുക്കാന്‍ 85 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിദേശ വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പും തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.

പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ഗിരിജ, വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA