Social Icons

Featured Posts

Followers

Sunday, June 5, 2011

വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ: കര്‍ശന നടപടിക്ക് പോലീസ്


മലപ്പുറം: ഓട്ടോറിക്ഷകളിലും സ്‌കൂള്‍ ബസ്സുകളിലും അനുവദനീയമായതിലും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പോലീസുദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ തീരുമാനം. തൃശ്ശൂര്‍ റേഞ്ച് ഐജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ജില്ലാ പോലീസ് മേധാവികളുടെയും എന്‍ഫോഴ്‌സ്‌മെന്റ് നോഡല്‍ ഓഫീസര്‍മാരുടെയും ഹൈവേ പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം. വിദ്യാര്‍ഥികളെ കയറ്റാതിരിക്കുകയും സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുകയും ചെയ്യുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ കുട്ടികള്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ക്യൂ പാലിക്കുന്നത് ഉറപ്പുവരുത്താനും റോഡരികുകളില്‍ അനധികൃതമായും അപകടകരമായ വിധവും സാധനസാമഗ്രികള്‍ കൂട്ടിയിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി.

മറ്റ് നിര്‍ദേശങ്ങള്‍: സീബ്രാലൈന്‍ മാഞ്ഞുപോയ സ്ഥലങ്ങളില്‍ ലൈന്‍ പുനഃസ്ഥാപിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ ഗതാഗതനിയന്ത്രണം പോലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെക്കൊണ്ട് ചെയ്യിക്കും. ഹൈവേ സുരക്ഷാ സമിതികളും റോഡ് സേഫ്റ്റി ക്ലബുകളും സജിവമാക്കാനും പുതുതായി ആവശ്യമുള്ള സ്ഥലങ്ങളില്‍ തുടങ്ങാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌കൂള്‍ അസംബ്ലി സമയങ്ങളില്‍ എല്ലാ ദിവസവും വിദ്യാര്‍ഥികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. വാഹന ഉടമകള്‍ വാഹനങ്ങളുടെ വൈപ്പര്‍, ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ക്ലച്ച് എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടയറുകള്‍ക്ക് തേയ്മാനം വന്നിട്ടില്ലെന്നും ഉറപ്പ് വരുത്തണം. ബസ്ജീവനക്കാരും മറ്റും വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറണം. സ്ത്രീകളെയും പെണ്‍കുട്ടികളെയും പൊതുസ്ഥലങ്ങളിലും ബസ്സുകളിലും ശല്യം ചെയ്യുന്നത് കണ്ടെത്തുന്നതിന് ഷാഡോ പോലീസിനെ വിന്യസിക്കാനും തീരുമാനമായി. യോഗത്തില്‍ മറ്റ് ജില്ലകളിലെ പോലീസ് മേധാവികളെ കൂടാതെ ജില്ലാ പോലീസ് മേധവി കെ. സേതുരാമന്‍ പങ്കെടുത്തു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA