Social Icons

Featured Posts

Followers

Friday, July 20, 2012

കോട്ടപ്പടി മൈതാനം സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ


'മഞ്ഞുകണങ്ങള്‍ നിറഞ്ഞ പച്ചപ്പുല്‍ മൈതാനം... അരികെ ശാന്തമായി ഒഴുകുന്ന ചെറിയൊരു തോട്...മനോഹരമായ ആ മൈതാനത്ത് ഒരുപാടുപേര്‍ ഒത്തുകൂടുമായിരുന്നു. മഞ്ഞയും കറുപ്പും ജേഴ്‌സിയണിഞ്ഞ് പന്ത് തട്ടിയിരുന്ന കളിക്കാര്‍... മനോഹരമായ ആ കാലം മാഞ്ഞുപോയത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലപ്പുറത്തിന്റെ നഷ്ടമാണ്. ഫുട്‌ബോള്‍ എന്ന വികാരം നമ്മുടെ മണ്ണില്‍നിന്ന് മാഞ്ഞുപോകാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം...' പഴയകാല ഫുട്‌ബോള്‍ താരം പെരുമ്പുളളി സെയ്ദ് കോട്ടപ്പടി മൈതാനത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ വരച്ചിടുമ്പോള്‍ കേട്ടിരുന്നവരുടെ മനസ്സിലൂടെ ഒരു ഗോളിന്റെ ആരവം കടന്നുപോയിട്ടുണ്ടാവാം.

കോട്ടപ്പടി മൈതാനത്ത് ഗോളുകളുടെ ആരവങ്ങള്‍ നിറയാനുള്ള കൂട്ടായ്മയുടെ കിക്കോഫായിരുന്നു സെയ്ദിന്റെ വാക്കുകള്‍. മലപ്പുറം കോട്ടപ്പടി മൈതാനം സംരക്ഷണ സമിതിയുടെ ജനകീയ കണ്‍വെന്‍ഷന്‍ കായിക മലപ്പുറത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മക്കാണ് തുടക്കം കുറിച്ചത്.

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരമായിരുന്ന മലപ്പുറം അസീസാണ് ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. കോട്ടപ്പടി മൈതാനം സംരക്ഷണ സമിതിയുടെ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു എന്ന ഒറ്റവാക്യത്തില്‍ മലപ്പുറം അസീസ് പ്രസംഗം ഒതുക്കിയതിന് പിന്നാലെ സി.സുരേഷ് മന്ത്രിക്ക് നല്‍കാനുള്ള നിവേദനം അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ ടീമിനെ നാട്ടുകാരുടെ ടീം തോല്‍പ്പിച്ചതിന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന കോട്ടപ്പടി മൈതാനത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ വേണമെന്നായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം.

ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് മൈതാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിലെ ആശങ്കകളായിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഒന്നരക്കോടി അനുവദിച്ചിട്ടും സാങ്കേതികക്കുരുക്കില്‍പ്പെട്ട് പണം കിട്ടാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

സംരക്ഷണസമിതി അധ്യക്ഷന്‍ പുതുശ്ശേരി കുഞ്ഞുമുഹമ്മദ് കണ്‍വെന്‍ഷനില്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് സലിം, ഉപ്പൂടന്‍ ഷൗക്കത്ത്, സൂപ്പര്‍ അഷറഫ്, പണ്ടാരക്കല്‍ മജീദ്, എം.കെ.മുഹ്‌സിന്‍, സലിം ഷെറീഫ്, പി.കെ.ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു.

1 Comment:

Anonymous said...

A good decision

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA