Social Icons

Featured Posts

Followers

Wednesday, September 7, 2011

ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു



ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 65 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ എ.ഐ.എം.എസ്, രാംമനോഹര്‍ ലോഹ്യ, എല്‍.എന്‍.ജെ.പി, സഫ്ദര്‍ജംഗ് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപം രാവിലെ 10.17നാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്യൂട്ട്‌കേസിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ ഹുജി ഏറ്റെടുത്തു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്ലാമി (ഹുജി) യുടെ ഇ മെയില്‍ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പിന്‍വലിക്കണമെന്ന് സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. സന്ദേശം അയച്ചത് എവിടെനിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി.
രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീപമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. സ്‌ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം തുടങ്ങി. ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള 20 അംഗ എന്‍.ഐ.എ സംഘമാണ് അന്വേഷണം നടത്തുന്നത്. പൊട്ടാസ്യം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് ആദ്യ നിഗമനം.
ഹൈക്കോടതി കെട്ടിടത്തിന് പുറത്ത് നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. മെയ് 25 ന് നടന്ന ആദ്യ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ബുധനാഴ്ചകള്‍ ഹൈക്കോടതിയില്‍ പൊതുവെ തിരക്ക് കൂടുതലായിരിക്കും. പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ നിരവധി പേരാണ് ബുധനാഴ്ചകളില്‍ ഹൈക്കോടതിയിലുണ്ടാവുക.
സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 01126707444, 01123744721

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA