മലപ്പുറം: ഇ.ടി.മുഹമ്മദ് ബഷീര്‍ ഇനി ഇ-എം.പി. എം.പിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പരിപാടികളും ലഭ്യമാക്കുന്നതിന് വെബ്സൈറ്റ് ആരംഭിച്ചാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ ഇലക്ട്രോണിക് എം.പിയാകുന്നത്.
മണ്ഡലവികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും അവയുടെ വിശകലനവും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. ഇന്റഗ്രേറ്റഡ് കോണ്‍സ്റ്റിറ്റ്യൂവന്‍സി മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലത്തിലും പുറത്തുമുള്ള പരാതിക്കാര്‍ക്ക് പോര്‍ട്ടലിലൂടെ എം.പിയെ സമീപിക്കാം. ഇതിലൂടെ തന്നെ മറുപടി ലഭിക്കാനും സ്ഥിതിവിവരം അറിയാനും സൗകര്യമുണ്ടാകും. ഓരോ പരാതിക്കാരനും രഹസ്യകോഡ് നല്‍കും. വെബ്സൈറ്റില്‍ പ്രവേശിച്ച് കോഡ് രേഖപ്പെടുത്തിയാല്‍ പരാതിയുടെ നിലവിലുള്ള അവസ്ഥ അറിയാനാകും. പരാതി ഏത് ഓഫീസില്‍, ആരുടെ പരിഗണനയിലാണ് തുടങ്ങിയ വിശദാംശങ്ങളാണ് ലഭ്യമാകുക. രേഖാമൂലം നല്‍കുന്ന പരാതികളും പോര്‍ട്ടലിലേക്ക് ചേര്‍ക്കും.
എം.പി. ഫണ്ട് അനുവദിച്ചതിന്റെ വിശദാംശങ്ങള്‍, എം.പിയുടെ പാര്‍ലമെന്റ് പ്രസംഗം, പാര്‍ലമെന്റ് ചോദ്യോത്തരം, എം.പിയോടുള്ള ചോദ്യം, എം.പിയുടെ പരിപാടികള്‍, എം.പിയുടെ വിവിധ ഓഫീസുകളുടെ ഏകോപനം, പദ്ധതികളുടെ പ്രിവ്യൂ മീറ്റിംങ് രേഖകള്‍, ഫോട്ടോ ഗ്യാലറി, ഫീഡ് ബാക്ക് സെന്റര്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. എം.പിക്ക് നല്‍കിയ മുഴുവന്‍ പരാതികളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തും.
പാസ്പോര്‍ട്ട് അപേക്ഷ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിക്കുള്ള അപേക്ഷ, ഗ്യാസ് കണക്ഷനുള്ള അപേക്ഷ, എം.പി. നല്‍കിയ ശുപാര്‍ശ കത്തുകള്‍, അവയുടെ നിലവിലുള്ള അവസ്ഥ തുടങ്ങിയവയെല്ലാം പോര്‍ട്ടലിലൂടെ അറിയാനാകും. എം.പിയുമായി ബന്ധപ്പെടുന്നതിന് വെബ് പോര്‍ട്ടലിലൂടെ സമയം നല്‍കലും ഇതിന്റെ പ്രത്യേകതയാണ്. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ സൈബ്രോസിസ് ടെക്നോളജീസാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്. www.mpofficeponnani.com എന്നാണ് പോര്‍ട്ടലിന്റെ വിലാസം.
പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സൈബ്രോസിസ് പ്രതിനിധി സൈനുല്‍ ആബിദീന്‍ നന്നാട്ട്, പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ അഷ്റഫ് കോക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
Browse: Home > ഇ.ടി.മുഹമ്മദ് ബഷീര്‍ ഇനി ഇ - എം.പി
0 Comments:
Post a Comment