മലപ്പുറം: റാങ്കുകളുടെ ശോഭയില്‍ മലപ്പുറത്തിന്റെ തിളക്കംകൂടുന്നു. മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനപരീക്ഷകളിലും സിവില്‍ സര്‍വീസ് അടക്കമുള്ള ദേശീയതല പരീക്ഷകളിലും മലപ്പുറത്തുകാര്‍ വിജയഗാഥ രചിക്കുകയാണ്. കേരള മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഇക്കൊല്ലം മൂന്നാം റാങ്കും 25-ാം റാങ്കും ജില്ലയ്ക്ക് സ്വന്തമായപ്പോള്‍ എന്‍ജിനിയറിങ് പരീക്ഷയില്‍ രണ്ടാം റാങ്കും ജില്ലയെത്തേടിവന്നു.
മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ മുമ്പ് പിന്നാക്കം നിന്നിരുന്ന ജില്ല ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞവര്‍ഷം പ്രവേശനപരീക്ഷയില്‍ ആദ്യ 1000 റാങ്കില്‍ 111പേരെ ഉള്‍പ്പെടുത്തി ജില്ല മൂന്നാംസ്ഥാനം നേടി.
മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക്‌നേടിയ മറ്റത്തൂര്‍ സ്വദേശി ഇര്‍ഫാനും 23-ാം റാങ്ക് നേടിയ കൂട്ടിലങ്ങാടി സ്വദേശി അബ്ദുസലാമുമാണ് ഈ വര്‍ഷം ആദ്യ അഭിമാനതാരങ്ങളായത്. തുടര്‍ന്നുവന്ന എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ മറ്റത്തൂര്‍ സ്വദേശി ജാഫര്‍ തട്ടാരത്തൊടി രണ്ടാംറാങ്കും നേടി. കഴിഞ്ഞ വര്‍ഷം നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് ചാപ്പനങ്ങാടി സ്വദേശി കെ. വിഷ്ണു സ്വന്തമാക്കിയിരുന്നു. ഇതേ പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ തേഞ്ഞിപ്പലം സ്വദേശി നിഖില്‍ മൂന്നാം റാങ്കുനേടി ജില്ലയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചു.
വിവിധ പ്രവേശനപരീക്ഷകള്‍ക്കൊപ്പം സിവില്‍ സര്‍വീസ് പരീക്ഷകളിലും ജില്ലയില്‍ നിന്നുള്ളവര്‍ ശ്രദ്ധേയമായ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ സിവില്‍സര്‍വീസ് പരീക്ഷയില്‍ മാറഞ്ചേരി സ്വദേശി അനുപമ നാലാം റാങ്കും ഇക്കുറി നടന്ന പരീക്ഷയില്‍ ഊര്‍ങ്ങാട്ടിരി സ്വദേശി മുഹമ്മദലി ശിഹാബ് 226-ാം റാങ്കും നേടി. അതോടൊപ്പം ഇക്കഴിഞ്ഞ ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വീസ് പരീക്ഷയില്‍ തിരൂര്‍ മുത്തൂര്‍ സ്വദേശി ആഷിഖ് കാരാട്ടില്‍ ഒന്നാംറാങ്ക് നേടി.
എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയശതമാനം അടിക്കടി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം വിവിധ പരീക്ഷകളിലും നേടുന്ന വിജയം ജില്ലയുടെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിയാണ് സൂചിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് നടപ്പാക്കിയ വിജയഭേരി അടക്കമുള്ള പദ്ധതികള്‍ ജില്ലയുടെ വിജയശതമാനം ഉയര്‍ത്തുന്നതില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊതുപരീക്ഷകളില്‍ ഉന്നത പഠനയോഗ്യത നേടിയവരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് അഞ്ചാംസ്ഥാനവും സാങ്കേതിക പഠനവിദ്യാലയവിഭാഗത്തില്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല 88.52 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞവര്‍ഷം 86.91 ശതമാനവും വിജയം നേടാനായി.
Browse: Home > മലപ്പുറം തിളങ്ങുന്നു, റാങ്കുകളുടെ ശോഭയില്‍
0 Comments:
Post a Comment