സമയം രാത്രി പതിനൊന്ന് മണി..,
മാരത്തോൺ ഓട്ടം മുഴുവൻ ഓടിയിട്ടും സമ്മാനമൊന്നും ലഭിക്കാത്ത അത് ലറ്റിനെപ്പോലെ ക്ഷീണിച്ച മനസ്സും ശരീരവുമായി ഞാൻ മുറിയിലേക്ക് കയറി..,ഹാവൂ... രാവിലെ തുടങ്ങിയ പരക്കം പാച്ചിലാണു..,ഒരു പരുവമായി.., ഇനി ഒന്ന് വിശ്രമിക്കണം..,സുഖമായൊന്നുറങ്ങണം..,
കയ്യിലിരുന്ന കുബ്ബൂസിന്റെ (റൊട്ടിയേ..) കവർ മേശപ്പുറത്തേക്ക് വെച്ച് ഫ്രിഡ്ജ് തുറന്ന് വാട്ടർ ബോട്ടിലെടുത്ത് ഇത്തിരി വെള്ളം കുടിച്ച് ഞാൻ കട്ടിലിലേക്കിരുന്നു.,
നാട്ടിൽ വെച്ച് അത്ര കാര്യമായി ഒരു പണിയും ചെയ്യാത്ത ഞാൻ ഇന്നെത്രെ മാറിയിരിക്കുന്നു.., മറ്റാരുടെയൊക്കെയോ നിർദ്ധേശങ്ങൾക്കനുസരിച്ച് രാവും പകലും ഒരു യന്ത്രത്തെപ്പോലെ ഞാൻ ചലിക്കുന്നു, നിൽക്കുന്നു,പ്രവർത്തിക്കുന്നു.., ചിന്തകൾ മേഘങ്ങൾ പോലെ ഉരുണ്ട് കൂടാൻ തുടങ്ങി..,
ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.., അതങ്ങനെയാണു.., ഇടക്കെപ്പോഴെങ്കിലും വീണു കിട്ടുന്ന ഇടവേളകളിൽ ഏകാന്തത മാത്രം കൂട്ടിനു വരുമ്പോൾ ഓർമകളുടെ മാറാലകൾ നീക്കി ഞാൻ പരതാൻ തുടങ്ങും..,എന്തെങ്കിലുമൊക്കെ കിട്ടുമെന്നുറപ്പാണു.., പിന്നെ അന്നത്തെ ദിവസം ഉറക്കം വരുവോളം ആ ഓർമ്മകൾ താലോലിച്ചു കൊണ്ടിരിക്കാം..,ചരട് പൊട്ടിയ പട്ടം കണക്കെ ചിന്തകൾ പുറകോട്ട് പാഞ്ഞു..,
"എന്തുവാടാ..ഇരുന്ന് സ്വപ്നം കാണുകാണോ..?"
ഒരു ശബ്ദം എന്നെ വർത്തമാനകാലത്തിലേക്ക് തന്നെ തിരികെയെത്തിച്ചു..
തലയുയർത്തി നോക്കുമ്പോൾ ചാരി വെച്ച വാതിലിനിടയിലൂടെ ഒരു തല..,
തൊട്ടപ്പുറത്തെ റൂമിലെ കണ്ണൂർക്കാരൻ സുലൈമാനാണു.., ഇവിടെ ഞങ്ങൾ രണ്ട് മലയാളികൾ മാത്രമേ ഉള്ളൂ.., ബാക്കിയുള്ള റുമുകളിൽ ഒരു ഒറീസ്സക്കാരനും ഒരു ബംഗാളിയുമാണു.., കിട്ടുന്ന ഇടവേളകളിൽ എന്റെടുത്ത് സൊറ പറഞ്ഞിരിക്കാൻ സുലൈമാൻ വരാറുണ്ട്..,
സുലൈമാൻ വാതിൽ തുറന്ന് അകത്ത് കയറി..,
"എടാ..നീ ഇതൊന്ന് നോക്കൂ.ഞാൻ പുതിയതായി വാങ്ങിയതാ..കൊള്ളാമോ..?"
അവൻ പുതിയതായി വാങ്ങിയ മൊബൈൽ ഫോൺ കാണിച്ച് ചോദിച്ചു.., ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി.., പിന്നെ അതിനെക്കുറിച്ച് ഇത്തിരി നേരം അങ്ങൊട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു.,ചർച്ചയിൽ എനിക്ക് വേണ്ടത്ര താല്പര്യമില്ല എന്ന് മനസ്സിലാക്കിയതിനാലാവാം സുലൈമാൻ പിന്തിരിഞ്ഞു..,
"എന്നാ നീ കിടന്നോ.., ഞാൻ പിന്നെ വരാം.., ഇത്തിരി പണി കൂടി ബാക്കിയുണ്ട്..,"
എന്നും പറഞ്ഞ് സുലൈമാൻ പോയി..,
ഞാൻ എണീറ്റു.., നല്ല മൂഡായി വന്നതാ..എല്ലാം പോയി.., ഇനി ഒന്നു കുളിക്കാം..,
ഉടയാടകൾ അഴിച്ച് ഒരു തോർത്ത് ചുറ്റി.., റിമോട്ട് കയ്യിലെടുത്ത് ചുമ്മാ ഒന്ന് ടി,വി ഓൺ ചെയ്തു..,
"അതേ..ഞാൻ അതിലേക്ക് വരാം.. ഞാൻ ചോദിക്കുന്നത്., നിങ്ങൾ ഒന്ന് കൂടെ വ്യക്തമാക്കൂ... "
ഇന്ത്യാവിഷനിൽ നികേഷ് കുമാർ ഏതോ ഒരു നേതാവിനെ നിർത്തിപ്പൊരിക്കുകയാണു.., അത്യാവശ്യം നിലവാരമുള്ള കോമഡി ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ഇതോ ഏഷ്യാനെറ്റിലെ ന്യൂസ് അവറോ കണ്ടാൽ മതി..,വാക്കുകൾ കൊണ്ടുള്ള ആ സർക്കസ് കുറച്ച് നേരം ഞാൻ നോക്കി നിന്നു, എന്നിട്ട് ബാത്ത് റൂമിലോട്ട് കയറി..,
ഷവർ തിരിച്ചു.., ഹൌ എന്തൊരു ചൂട്..,
പകൽ മുഴുവൻ സൂര്യതാപത്താൽ കിടന്ന് തിളച്ച വെള്ളത്തിന്റെ ചൂട് രാത്രിയായിട്ടും പോയിട്ടില്ല..,
കണ്ണൊന്ന് ചിമ്മിയപ്പോൾ അറിയാതെ മനസ്സിലേക്കോടിയെത്തിയത് ജോയ് മാഷിന്റെ ക്ലാസുകളാണു.., പുറത്ത് മഴ പെയ്യുമ്പോൾ ജോയ് മാഷിന്റെ മ്രദുല ശബ്ദം ഞങ്ങൾ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു.., ഇപ്പോൾ
ചന്നം പിന്നം പെയ്യുന്ന മഴ പോലെ ഉതിരുന്ന ഷവറിലെ വെള്ളത്തുള്ളികൾക്കിടയിൽ മുറിഞ്ഞും മുറിയാതയും കേൾക്കുന്ന നികേഷ് കുമാറിന്റെ വായ്ത്താരികൾ പോലെ.., ആഹാ...എന്ത് രസമുള്ള ഓർമ്മകൾ.., വെള്ളത്തിന്റെ ചൂട് ശരീരം പൊള്ളിക്കും എന്ന് തോന്നിയപ്പോൾ ഞാൻ ഷവർ ഓഫ് ചെയ്തു.., ധ്രതിയിൽ സോപ്പ് തേച്ച് കുളി പൂർത്തിയാക്കി പുറത്തിറങ്ങി..,
ജോയി മാഷിന്റെ ഓർമ്മകൾ , എന്റെ പ്രിയ അദ്ധ്യാപകരിൽ ഒരാളായിരുന്നു ജോയ് മാഷ്, ഞങ്ങളെ കണക്കു പഠിപ്പിക്കാൻ വന്ന ഒരു തെക്കൻ കാരൻ..,ക്ലിപ്പിട്ട പല്ലുകൾ കാട്ടി സൌമ്യമായി ചിരിക്കുന്ന ജോയ് മാഷിന്റെ മുഖം മനസ്സിലേക്കാവാഹിച്ച് ഞാൻ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.., എന്റെ പ്രിയ ഗുരു ഇന്നെവിടെയാണാവോ..എവിടെയാണെങ്കിലും ദൈവമേ നീ നല്ലത് മാത്രം വരുത്തണേ..
നാലാം ക്ലാസ്സിൽ എനിക്ക് യുറീക്കാ പരീക്ഷയിൽ നാലാം റാങ്ക് കിട്ടിയപ്പോൾ എന്നെ ചേർത്ത് നിർത്തി.. "ദേ ഇവനെ കണ്ട് പഠിക്കണം".. എന്ന് മറ്റു കുട്ടികളോട് ഉറക്കെ പറഞ്ഞ എന്റെ ജോയ് മാഷ്..,
ഒരു വർഷത്തേക്ക് യുറീക്ക ദ്വൈവാരിക എനിക്ക് സമ്മാനമായി ലഭിച്ചപ്പോൾ ജീവിതത്തിൽ അന്നേ വരെ കത്തെഴുതാത്ത എന്നെപ്പിടിച്ച് കത്തെഴുതിപ്പിച്ച് എന്റെ പേരിൽ വരുത്തിത്തന്ന എന്റെ ജോയ്മാഷ്..,
എന്റെ മുഷിഞ്ഞ നോട്ട് ബുക്കിലൊരിടത്ത് അണ്ണാറക്കണ്ണനെക്കുറിച്ച് ഞാൻ എന്തൊക്കെയോ കുത്തിവരഞ്ഞപ്പോൾ അത് കവിതയാണെന്നും പറഞ്ഞ് ഏതോ ബാലസാഹിത്യമാസികക്ക് അയച്ച് കൊടുത്ത് പ്രസിദ്ധീകരിപ്പിച്ച എന്റെ ജോയ് മാഷ്.., ചിന്തകളുടെ വേലിയേറ്റം എന്നിൽ വിവിധ ഭാവമാറ്റങ്ങൾ വിടർത്തി..,
ഒരിക്കൽ ജോയിമാഷെ കബളിപ്പിക്കേണ്ടി വന്ന കാര്യം ഓർത്തപ്പോൾ വർഷങ്ങൾക്കിപ്പുറവും അറിയാതെ ഞാൻ ചിരിച്ച് പോകുന്നു..,
ക്ലാസ്സിൽ ഞാൻ മാഷിന്റെ ഇഷ്ട വിദ്യാർത്ഥിയായിരുന്നു.., ഞാൻ നല്ല പഠിപ്പിസ്റ്റാണെന്നാണു മാഷിന്റെ ധാരണ,. ഞാനായിട്ട് അത് തിരുത്താനും പോയില്ല.., എന്നെക്കുറിച്ച് മാഷ് അഭിമാനത്തോടെ സംസാരിക്കും.., അത് കേട്ട് ഞാൻ ഞെളിഞ്ഞിരിക്കും.., മാഷിന്റെ ആ വീമ്പ് പറച്ചിലുകൾക്ക് കോട്ടം തട്ടാതിരിക്കാൻ ഞാൻ നന്നായി പഠിക്കുകയും ചെയ്തു..,
ഒരു ദിവസം ഞാൻ എന്തോ ഒരു കാരണം മൂലം ഞാൻ സ്കൂളിൽ പോയില്ല..,
അന്നെ ദിവസം ക്ലാസ്സെടുക്കാൻ വന്ന ജോയിമാഷ് നാളെ എല്ലാവരും ഒൻപതിന്റെ ഗുണന പട്ടിക പഠിച്ച് കൊണ്ട് വരണമെന്നും ഇല്ലെങ്കിൽ നല്ല അടികിട്ടും എന്നൊക്കെ പറഞ്ഞിരുന്നു..,ഞാനതൊട്ട് അറിഞ്ഞതുമില്ല.., മറ്റുള്ള കുട്ടികൾ എന്നോട് പറഞ്ഞതുമില്ല.., അങ്ങനെ പിറ്റെ ദിവസം വന്നെത്തി,. ഉച്ചക്ക ശേഷമാണു കണക്കിന്റെ പിരിയഡ്.., ക്ലാസ്സിൽ കയറി വന്ന ഉടനെ ജോയി മാഷ് ചോദിച്ചു..,
"ഒൻപതിന്റെ ഗുണന പട്ടിക എല്ലാവരും പഠിച്ച് വന്നിട്ടില്ലേ.."
" അതേ." എല്ലാവരും ഉച്ചത്തിൽ പറഞ്ഞു..,
ഞാനൊന്ന് വിരണ്ടു.., ഒൻപതിന്റെ ഗൂണനപ്പട്ടികയോ ,, എനിക്കതറിയില്ലല്ലോ.., ഞാൻ പഠിച്ചിട്ടുമില്ല..,ആരും എന്നോട് അതേക്കുറിച്ച് പറഞ്ഞില്ലല്ലോ...ദുഷ്ടന്മാർ..,
കയ്യിലിരുന്ന ചൂരൽ വടി കറക്കിക്കൊണ്ട് ജോയിമാഷ് മേശമേലിരുന്നു..,
"എന്നാൽ ഓരോരുത്തരായി എണീറ്റ് ചൊല്ലൂ.., തെറ്റിയാൽ നല്ല പെട കിട്ടും.,"
"ഒന്നേ ഗുണം ഒമ്പത് ഒമ്പത്
രണ്ടേ ഗുണം ഒമ്പത് പതിനെട്ട്..
......................"
ഓരോരുത്തരായി എണിറ്റ് പട്ടിക ചൊല്ലാൻ തുടങ്ങി.., മാഷ് അടിക്കും എന്ന് പറഞ്ഞാൽ അതിൽ അപ്പീലില്ല, അത് പേടിച്ചിട്ടാകണം എല്ലാവരും നല്ലവണ്ണം പഠിച്ചിട്ടാണു വന്നിരിക്കുന്നത്.., ഞാൻ മാത്രം.... എന്റെ ദൈവമേ.., എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.., എന്റെ ഹീറോ ഇമേജ് ഇന്നിവിടെ പൊളിഞ്ഞ് വീണത് തന്നെ.., ക്ലാസ്സിൽ മോശം വിദ്യാർഥിയെന്ന് കരുതുന്നവർ പോലും മണിമണിയായി പട്ടിക ചൊല്ലുന്നു.., ഓരോരുത്തരായി ചൊല്ലിത്തീർന്നു കൊണ്ടിരിക്കുകയാണു.., മൂന്നാമത്തേ ബെഞ്ചിൽ അറ്റത്തിരിക്കുന്ന എന്റെ ഊഴമിതാ അടുത്ത് വന്ന് കൊണ്ടിരിക്കുന്നു..,
ഞാൻ കണ്ണടച്ച് ദൈവത്തെ മനസ്സിൽ ധ്യാനിച്ച് ഒന്ന് ഉരുവിടുവാൻ നോക്കി..
"ഒന്നേ ഗുണം ഒമ്പത് ഒമ്പത്
രണ്ടേ ഗുണം ഒമ്പത് പതിനെട്ട്
മൂന്നേ ഗുണം ഒമ്പത്....."
അയ്യോ ഒട്ടും ശരിയാകുന്നില്ലല്ലോ.., ഞാൻ ആകെ വല്ലാതായി., ഇന്ന് അടി വാങ്ങിയത് തന്നെ, അടികിട്ടിയാലും കുഴപ്പമില്ല..,ഇത്രേം നാളും ഞാൻ കാത്ത് സൂക്ഷിച്ച വല്ല്യ പഠിപ്പുകാരൻ എന്ന ഇമേജ് ഇന്നിവിടെ പറിച്ചെറിയപ്പെടുമല്ലോ..,അതും എല്ലാഴ്പ്പോഴും എന്നെക്കുറിച്ച് അഭിമാനത്തോടേ സംസാരിക്കുന്ന എന്റെ ജോയിമാഷുടെ മുന്നിൽ..,എന്റെ ഊഴമിതാ അടുത്തെത്തിയിരിക്കുന്നു., ഇനി മൂന്ന് പേർ മാത്രം.., നാലാമതായി പട്ടിക ചൊല്ലാൻ ഞാൻ എണീറ്റ് നിൽക്കുന്നതും ചൊല്ലാൻ കഴിയാതെ വിഷമിക്കുന്നതും.., ജോയിമാഷ് ദേഷ്യത്തോടെ എന്നെ നോക്കുന്നതും അദ്ധേഹത്തിന്റെ ചൂരൽ വായുവിൽ ഉയർന്ന് പൊങ്ങുന്നതും മറ്റ്കുട്ടികൾ എന്നെ കളിയാക്കിച്ചിരിക്കുന്നതുമൊക്കെ ഒരു സിനിമയുടെ ട്രയിലർ കണക്കെ എന്റെ മനസ്സിൽ മിന്നിമറഞ്ഞു..,
നിന്ന നില്പിൽ മായാവിയെപ്പോലെ അദ്രശ്യനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു...എന്റെ ഹ്രദയം പട പടാന്ന് മിടിക്കാൻ തുടങ്ങി, തൊണ്ട വറ്റി വരണ്ടു..,
പെട്ടെന്ന് എന്റെ കണ്ണുകൾ അറിയാതെ ജനാലക്കരികിലേക്ക് പാഞ്ഞു.., പുറത്തേ വരാന്തയിലൂടെ ഹെഡ്മാസ്റ്റർ പൈലിസാർ നടന്ന് നീങ്ങുന്നു.., പെട്ടെന്ന് എന്റെ തലയിലൊരു പ്രകാശം മിന്നി.., രക്ഷപ്പെടാൻ ഇതാ ഒരു കച്ചിത്തുരുമ്പ്.., ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല, അതിനുള്ള സമയവുമില്ല.., ശടേന്ന് എണീറ്റ് പരുങ്ങി പരുങ്ങി ജോയിമാഷുടെ അടുത്തെത്തി..,
"കുറച്ച് കഴിഞ്ഞിട്ട് മൈമ്മാലി കാക്കാന്റെ കടയിൽ നിന്ന് ചായ വാങ്ങിക്കൊണ്ട് വരണം എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു.., ഞാൻ പോട്ടേ..,"
എവിടുന്നോ വീണു കിട്ടിയ ആവേശത്തിൽ ഞാനങ്ങ് പറഞ്ഞു.., ഹെഡ്മാസ്റ്ററുടെ പതിവാണത്, സ്കൂളിനു മുന്നിലെ വിശാലമായ ഗ്രൌണ്ടിനപ്പുറത്തുള്ള റോഡ്സൈഡിലെ മൈമ്മാലി കാക്കാന്റെ കടയിൽ നിന്ന് ഞങ്ങൾ കുട്ടികളാരെയെങ്കിലും വിട്ട് ചായ കൊണ്ട് വരാൻ പറയുക.., ഇടക്കൊക്കെ ഞാൻ പോകാറുണ്ട്..,
"ആട്ടെ ..നീ ഗൂണനപ്പട്ടിക പഠിച്ചിട്ടുണ്ടോ..?" എന്നാലും മാഷ് വിടാനുള്ള ഭാവമില്ല..,
"ഓ ...പിന്നെ," ഞാൻ അറിയാമെന്ന ഭാവത്തിൽ തലയാട്ടി ..,
"എനിക്കറിയാം..നീ മിടുക്കനാ..എന്നാ പൊയ്ക്കോ...സൂക്ഷിച്ച് പോകണേ.."
ജോയിമാഷുടെ വക ഉപദേശം വിത്ത് പെർമിഷൻ..അപ്പോഴാണു എനിക്ക് ശ്വാസം നേരെ വീണത്.,
എവിടുന്നോ കളഞ്ഞ് കിട്ടിയ ലോട്ടറി ടിക്കറ്റിനു പ്രൈസടിച്ച പോലെ സന്തോഷത്തോടെ ഞാൻ പുറത്തേക്കോടി..
ഓഫീസ് റൂമിനടുത്തേക്കെത്തുന്തോറും വീണ്ടും പരിഭ്രമമായി.., സത്യത്തിൽ ഹെഡ് മാസ്റ്റർ എന്നോട് ചായ വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞിട്ടില്ലല്ലോ.. ഗുണന പട്ടിക ചൊല്ലാതിരിക്കാൻ അവിടുന്ന് എസ്കേപ്പാകാൻ വേണ്ടി തട്ടി വിട്ടതല്ലേ.., ഇനിയെങ്ങാനും ഹെഡ്മാസ്റ്റർ ദേഷ്യപ്പെട്ടാലോ...
ഞാൻ വീണ്ടും ധർമ്മസങ്കടത്തിലായി.., ഏതായാലും നനഞ്ഞു, ഇനി കുളിച്ച് കയറുക തന്നെ, മടിച്ച് മടിച്ച് ഓഫീസ് റൂമിനകത്തേക്ക് കയറി..
എന്തോ ഒരു പുസ്തകം വായിക്കുകയാണു പൈലിമാഷ്,
"ഉം ..എന്താ..," എന്നെ കണ്ടതും പൈലിമാഷ് തലയുയർത്തിക്കൊണ്ട് ചോദിച്ചു,,.
"അത്..പിന്നെ..അതേയ്, മാഷിനു ചായ വേണെമെങ്കിൽ വാങ്ങിക്കൊണ്ട് വരാൻ ജോയ് മാഷ് എന്നെ പറഞ്ഞയച്ചതാ..."
ഇത്തിരി ആത്മ വിശ്വാസക്കുറവോടെയാണെങ്കിലും ഒരു പെരും നുണ ഇവിടെ ഞാനങ്ങ് പൊട്ടിച്ചു..,
"ആണോ..അതേതായാലും നന്നായി..," എന്നും പറഞ്ഞ് മാഷ് കീശയിൽ നിന്നും ഇത്തിരി ചില്ലറപ്പൈസ
"എടുത്ത് നീട്ടി.,എന്നാ പോയി വേഗം വാ.....മധുരം കുറച്ച് മതിയെന്ന് പറഞ്ഞേക്ക് കെട്ടോ.."
ദേ കെടക്കണു.., പിന്നേം ലോട്ടറിയടിച്ചു.., സന്തോഷത്തോടെ ഞാൻ പുറത്തേക്കോടി..,
പതിവിൽക്കൂടുതൽ സമയമെടുത്താണു അന്ന് ഞാൻ ചായയുമായി വന്നത്., ചായ ഓഫീസ് റൂമിൽ കൊണ്ട് കൊടുത്ത് തിരികെ ക്ലാസ്സിലെത്തിയപ്പോഴേക്കും എല്ലാരുടെയും പട്ടിക ചൊല്ലൽ അവസാനിച്ചിരുന്നു, ശേഷം മാഷ് ഒരു കഥ പറഞ്ഞ് കൊണ്ടിരിക്കുന്നു..,വലിയ ഒരു വിപത്തിൽ നിന്ന് രക്ഷപ്പെട്ട് ആശ്വാസത്തോടെ മര്യാദരാമനായി ഞാൻ അകത്ത് കയറിയിരുന്നു..,
താളാത്മകമായ ശൈലിയിൽ മാഷ് കഥ പറഞ്ഞ് കൊണ്ടിരിക്കുകയാണു..,
"പ്ഠേ..പ്ഠേ.." ആരാ ഇത്രേം ഒച്ചത്തിൽ ഡെസ്കിലടിക്കുന്നത്,
"പ്ഠേ...പ്ഠേ." "ഓ ഭായ്",
ഛേ..ആരാണു ക്ലാസ്സിൽ അലമ്പുണ്ടാക്കുന്നത്, ഞാൻ ചുറ്റിലും നോക്കി.., യാതൊരു ഭാവഭേദവുമില്ലാതെ മാഷ് കഥ പറഞ്ഞ് കൊണ്ടിരിക്കുകയാണു.കുട്ടികളെല്ലാം അതിൽ ലയിച്ച് മതിമറന്നിരിക്കുന്നു.,
ഇത്രേം ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയിട്ടും മാഷും മറ്റ് കുട്ടികളും അറിഞ്ഞില്ലെന്നോ.
"പ്ഠേ...പ്ഠേ..." ദേ വീണ്ടും അടിക്കുന്നുവല്ലോ..
പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു., ക്ലാസ്സ് റൂമുമില്ല, ജോയിമാഷുമില്ല, കുട്ടികളുമില്ല.., അയ്യോ ഞാൻ സ്വപനം കാണുകാരുന്നോ...
"പ്ഠേ...പ്ഠേ." "ഓ... ഭായ്"
പുറത്ത് വാതിലിൽ ആരോ മുട്ടുന്നു, സ്വപ്നത്തിൽ കേട്ട അതേ ശബ്ദം, ഞാൻ കണ്ണ് തിരുമ്മി എണീറ്റു, വാതിൽ തുറന്നു, തൊട്ടപ്പുറത്തെ റൂമിലെ ഒറീസ്സക്കാരൻ മുസ്താക്ക് ആണു..,
"ആപ് സോ രഹാ." ഉറങ്ങുന്ന ആളെ വിളിച്ചുണർത്തി ഉറങ്ങുകാണോന്ന് ., ഇവെനെവിടുത്തുകാരനാടാ..,ഉള്ളിൽ വന്ന ദേഷ്യം പിടിച്ചമർത്തി ഞാൻ ചോദിച്ചു
"ക്യാ ചാഹിയെ ഭായിസാബ്.."
"കുച്ഛ് ഭി നഹി, യെ ലേലോ." കയ്യിലിരുന്ന ഒരു കവർ നീട്ടി മുഷ്താക്ക്,
"യെ ക്യാഹെ..."
" യെ തോഡാ ഓറഞ്ച് ,ആപ് കൊ ചാഹിയെ തൊ ലേലോ.., മേം നഹി കായേഗാ.."
അവൻ കഴിക്കില്ലാന്ന്.,ഞമ്മക്ക് പിന്നെ അങ്ങനെയൊന്നുമില്ലല്ലൊ.., ഓസിക്ക് കിട്ടുന്നത് ആസിഡാണെങ്കിലും ഒരു കൈ നോക്കാം എന്നാണല്ലോ തിയറി..,
അപ്പോൾ അതാണു കാര്യം .., എവിടുന്നോ ഓസിനു കിട്ടിയ ഇത്തിരി ഓറഞ്ച് എനിക്ക് തരാൻ വന്നതാ..
ഞാനത് വാങ്ങി അകത്തേക്ക്,..
ഛേ..നല്ലൊരു സ്വപ്നം കണ്ട് കൊണ്ടിരിക്കുവാരുന്നു, എല്ലാം കുളമാക്കി..,
കണ്ട സ്വപനത്തിന്റെ ഹാങ്ങോവറിൽ രമിച്ച് ഞാൻ വീണ്ടും ബെഡ്ഡിലേക്ക് ചാഞ്ഞു.,
ഒരിക്കൽ കൂടി ആ ക്ലാസ്സ് മുറിയിൽ ഇരിക്കാൻ കൊതിയാവുന്നു., എന്ത് ചെയ്യാം.., സാധ്യമല്ലെന്നറിയുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ,വല്ലാത്ത ഒരു നഷ്ട ബോധം..
എങ്കിലും ഞാൻ ധന്യനാണു.., സ്വപ്നത്തിലെങ്കിലും ആ പഴയകാലത്തേക്ക് ഒരിക്കൽ കൂടി തിരിച്ച് പോകാൻ കഴിഞ്ഞ ഞാനെത്രെ ഭാഗ്യവാൻ...
0 Comments:
Post a Comment