Social Icons

Featured Posts

Followers

Sunday, November 6, 2011

നാനൂറിലേറെ വിളക്കുകള്‍ കത്തുന്നില്ല; കോട്ടക്കുന്ന് ഇരുട്ടില്‍


നാനൂറിലേറെ വിളക്കുകള്‍ കണ്ണുചിമ്മിയതോടെ കോട്ടക്കുന്ന് ഇരുട്ടില്‍. മാസങ്ങളായി ഇതാണ് കോട്ടക്കുന്നിന്റെ അവസ്ഥ. സായാഹ്നത്തില്‍ കോട്ടക്കുന്നിന്റെ സൗന്ദര്യമാസ്വദിക്കാനെത്തുന്നവരാണ് ഈ ഇരുട്ടില്‍പ്പെട്ടുപോകുന്നത്.

സായാഹ്ന സവാരിക്കടക്കം നൂറുകണക്കിനാളുകള്‍ ദിവസേനയെത്തുന്ന കോട്ടക്കുന്നില്‍ അധികസമയം ചെലവഴിക്കാനാവാതെ മടങ്ങുകയാണ് പലരും. രാത്രി ഒമ്പതുമണിവരെയാണ് ഇവിടേക്കുള്ള പ്രവേശനമെങ്കിലും പാതയോരത്തെ വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് കാഴ്ചക്കാര്‍ക്ക് വിനയാകുന്നു.

വഴിയോരങ്ങളില്‍ 240 വിളക്കുകാലുകളിലായി 480 വിളക്കുകളാണുള്ളത്. ഇവയില്‍ പത്തോളം മാത്രമാണ് ഇപ്പോള്‍ വെളിച്ചം തരുന്നത്. പിന്നെയുള്ള ഏക ആശ്രയം താഴെഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ്. ഇതിന്റെ വെളിച്ചമെത്താത്ത കോട്ടക്കുന്നിന്റെ മുകള്‍ ഭാഗങ്ങള്‍ സന്ധ്യയാകുന്നതോടെ ഇരുട്ടില്‍ മുങ്ങും.

മുകളിലേക്ക് കയറിപ്പോയവര്‍ക്ക് തിരിച്ചിറങ്ങണമെങ്കില്‍ മൊബൈല്‍ വെളിച്ചം മാത്രമാണ് ശരണം.

ഇരുട്ടില്‍ പടികളിറങ്ങാനുള്ള പ്രയാസങ്ങളും മറ്റും മുന്നില്‍ കണ്ട് ഇരുട്ടുന്നതിന് മുമ്പേ തിരിച്ചുപോവുകയാണ് മിക്കവരും. ഈ വെളിച്ചപ്രശ്‌നത്തിന് പരിഹാരമായി കോട്ടക്കുന്നില്‍ സൗരോര്‍ജ റാന്തലുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ പോകുകയാണ് നഗരസഭ. സൗജന്യമായി സൗരോര്‍ജ റാന്തലുകള്‍ സ്ഥാപിക്കാനായി വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും. ചര്‍ച്ചകള്‍ കഴിഞ്ഞ് വിളക്കുകള്‍ സ്ഥാപിക്കുന്നതുവരെ കോട്ടക്കുന്നിലെ ഇരുട്ട് തുടരും.

നഗരസഭ ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച 1000 വിളക്കുകളില്‍ 500 എണ്ണം കോട്ടക്കുന്നിലേക്കായിരുന്നു. എന്നാല്‍ സൗജന്യമായി സൗരോര്‍ജ റാന്തല്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ തയ്യാറായാല്‍ 14 ലക്ഷം രൂപ നഗരസഭയ്ക്ക് ലാഭിക്കാന്‍ കഴിയും. ഇപ്പോഴുള്ള വൈദ്യുതി വിളക്കുകള്‍ മാറ്റി സ്ഥാപിക്കാനായി 14 ലക്ഷം രൂപ നഗരസഭ മാറ്റിവെച്ചിരുന്നു.

1 Comment:

kunjikomu said...

aar paranju...........?ponneeyaudnn......

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA