മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ രൂപരേഖയില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് സാധ്യത പരിശോധിക്കാന്‍ ഉന്നതതല സംഘം ചൊവ്വാഴ്ച ഡിപ്പോ സന്ദര്‍ശിക്കും. ഏഴ് നിലയ്ക്കുളള അടിത്തറ നിര്‍മിച്ചിട്ട് ആദ്യഘട്ടത്തില്‍ മൂന്നുനില നിര്‍മ്മിക്കാനും തുടര്‍ന്ന് ഘട്ടംഘട്ടമായി കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കാനുമാണ് ഒടുവിലത്തെ തീരുമാനം. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ചൊവ്വാഴ്ചത്തെ സന്ദര്‍ശനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. കെ.എസ്.ആര്‍.ടി.സി എം.ഡി, കെ.ടി.ഡി.എഫ്.സി അധികൃതര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തുന്നത്.
പി. ഉബൈദുളള എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുമായി ചേര്‍ന്ന് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും. ഏഴ് നിലകളില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച ബസ് ടെര്‍മിനലിന് നേരത്തെ നിശ്ചയിച്ച രൂപരേഖയില്‍ മാറ്റംവരുത്തി മൂന്നുനിലകളില്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുന്നിടിക്കാതെ തന്നെ ബസ്‌ടെര്‍മിനല്‍ നിര്‍മിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. കുന്നുമ്മലില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ സബ്ഡിപ്പോ നിലനില്‍ക്കുന്നിടത്ത് ഒമ്പതുനിലയില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഒമ്പതുനിലകളുള്ള ഷോപ്പിങ്‌കോംപ്ലക്‌സ് ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപരേഖയില്‍ മാറ്റംവരുത്തുന്നത്. കൊട്ടാരക്കരയിലും കാസര്‍കോടും കെ.എസ്.ആര്‍.ടി.സി.യുടെ ബസ്‌ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ മൂന്ന് നിലയ്ക്ക് മുകളില്‍ മുറികള്‍ വാടകയ്ക്കുപോയിട്ടില്ല.
ഈ സാഹചര്യംകൂടി പരിഗണിച്ചാണ് മലപ്പുറത്ത് നിര്‍മ്മിക്കുന്ന കെട്ടിടം മൂന്നുനിലകളായി ചുരുക്കാന്‍ തീരുമാനിച്ചതെന്നും അറിയുന്നു. രൂപരേഖയില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ എസ്റ്റിമേറ്റ് തുകയില്‍ നേരത്തെ നിശ്ചയിച്ചതില്‍നിന്ന് നാലിലൊന്ന് കുറയുമെന്നും കണക്കാക്കുന്നു.
0 Comments:
Post a Comment