Social Icons

Featured Posts

Followers

Saturday, August 13, 2011

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്‌ടെര്‍മിനല്‍: ടെന്‍ഡര്‍ നടപടിയായി


മലപ്പുറം: മലപ്പുറത്ത് നിര്‍മിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ആന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ ടെന്‍ഡറിന് നടപടിയായി. ഇ-ടെന്‍ഡറാണ് നടത്തുക. 17ന് ടെന്‍ഡര്‍ ക്ഷണിക്കുമെന്നും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) അധികൃതര്‍ പറഞ്ഞു. സപ്തംബര്‍ 13 വരെയായിരിക്കും ടെന്‍ഡര്‍ നല്‍കാനുള്ള സമയപരിധിയെന്നും കെ.ടി.ഡി.എഫ്.സി ചീഫ് എന്‍ജിനിയര്‍ നവകുമാര്‍ വ്യക്തമാക്കി. 15ന് ടെന്‍ഡര്‍ തുറക്കും. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ സാങ്കേതിക തടസ്സങ്ങള്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്.
നിലവില്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയുടെ 2.035 ഏക്കര്‍ സ്ഥലത്താണ് പുതിയ ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നത്. 11 നിലകളുള്ള ടെര്‍മിനലിന് 31.61 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്. 28 ബസ്സുകള്‍ക്ക് ഒരേസമയം നിര്‍ത്തിയിടാനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ എ.സി ഹാള്‍, ഷോപ്പിങ് സെന്റര്‍, റെസ്റ്റോറന്റ് തുടങ്ങിയവയെല്ലാം ഉണ്ടാവും. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി അംഗീകാരം ലഭിച്ചാല്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാനാകും. ആദ്യഘട്ടമായി ഇവിടെ 12 മീറ്ററിലധികം മണ്ണ് നീക്കംചെയ്യണം.
നിര്‍മാണപ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ സബ്ഡിപ്പോ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സൗകര്യമൊരുക്കാന്‍ മലപ്പുറം നഗരസഭ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സി ഗാരേജ് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എം.എസ്.പി ക്യാമ്പില്‍ താത്കാലിക ഗാരേജ് സൗകര്യമൊരുക്കാനായിരുന്നു ധാരണ. എന്നാല്‍ സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പ്രയാസമുണ്ടെന്ന് എം.എസ്.പി അധികൃതര്‍ അറിയിച്ചു.
നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ബസ്‌ടെര്‍മിനല്‍ നിര്‍മിക്കുന്നത്. നിര്‍മാണം തുടങ്ങിയാല്‍ ഒന്നരക്കൊല്ലംകൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. മലപ്പുറം സബ്ഡിപ്പോയില്‍ ഇപ്പോള്‍ 58 ഷെഡ്യൂളുകളും 65 ബസ്സുകളുമാണുള്ളത്. ഇതില്‍ 50 ഓര്‍ഡിനറി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA