Social Icons

Featured Posts

Followers

Saturday, June 4, 2011

അടിയന്തര ആരോഗ്യ പരിചരണ സംവിധാനം വരുന്നു


ആധുനിക രീതിയിലുള്ള അടിയന്തര ആരോഗ്യ പരിചരണ സംവിധാനം ജില്ലയില്‍ വരുന്നു. രണ്ടുമാസത്തിനകം ഇതിന്റെ സേവനം തുടങ്ങാനാണ് തീരുമാനം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍സ് പബ്ലിക് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഏത് അടിയന്തരപ്രശ്‌നങ്ങള്‍ ഉണ്ടായാലും '102' എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടന്‍തന്നെ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

ഈ പദ്ധതി കോഴിക്കോട് ജില്ലയില്‍ നടന്നുവരുന്നുണ്ട്. ആംബുലന്‍സുകളെ ജീവന്‍രക്ഷാ വാഹനങ്ങളാക്കി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. റോഡപകടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ അടിയന്തര ഘട്ടങ്ങളിലും ശാസ്ത്രീയമായി പരിചരണം ലഭ്യമാക്കാനും തൊട്ടടുത്ത ആതുരാലയത്തില്‍ ഉടന്‍ എത്തിക്കാനും പദ്ധതിവഴി സാധിക്കും. ഇതിനുവേണ്ടി ആംബുലന്‍സുകളെ തമ്മില്‍ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കും. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് തന്നെയായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

ജില്ലയുടെ ഏതുഭാഗത്തുനിന്നും ആരോഗ്യ സേവനത്തിനായി 102 നമ്പറിലേക്ക് അടിയന്തര സന്ദേശം നല്‍കിയാലും അത് കണ്‍ട്രോള്‍ റൂമില്‍ എത്തുകയും ഉടന്‍തന്നെ സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ആംബുലന്‍സിലേക്ക് സന്ദേശം കൈമാറുകയുംചെയ്യും. ആംബുലന്‍സ് എവിടെയാണ് ഉള്ളതെന്നും ജി.പി.എസ് സംവിധാനം വഴി കണ്‍ട്രോള്‍റൂമില്‍ നേരിട്ട് അറിയാന്‍ സാധിക്കും.

നിലവില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഏതെങ്കിലും വാഹനങ്ങളിലൊക്കെയാണ് പരിക്കേറ്റവരെ ആസ്​പത്രികളിലെത്തിക്കേണ്ടി വരുന്നത്. അതിനുപകരം ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ സേവനംതന്നെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇതിന് ആവശ്യമായ പരിശീലനവും നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.പി.വേണുഗോപാല്‍ പറഞ്ഞു.

ഇതുകൂടാതെ ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയപരിശീലനവും മറ്റ് സഹായസഹകരണങ്ങളും ഇതുവഴി ലഭ്യമാക്കാനാകും. അനാഥര്‍ക്കും റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും ആദിവാസി മേഖലകളിലുള്ളവര്‍ക്കുമെല്ലാം സൗജന്യമായി സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റുള്ളവരില്‍ നിന്ന് ചുരുങ്ങിയ തുക ഈടാക്കും.

മലപ്പുറത്തോടൊപ്പം വയനാട് ജില്ലയിലും പദ്ധതി തുടങ്ങുന്നുണ്ട്. ആംബുലന്‍സില്‍ രോഗി നിര്‍ദേശിക്കുന്ന ആസ്​പത്രിയിലേക്ക് എത്തിക്കാനാണ് തീരുമാനം. രോഗി അബോധാവസ്ഥയിലാണെങ്കില്‍ അടുത്ത ബന്ധു നിര്‍ദേശിക്കുന്ന ആസ്​പത്രിയിലായിരിക്കും എത്തിക്കുക. ഇതൊന്നുമല്ലാത്ത സാഹചര്യമാണെങ്കില്‍ സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കും. ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാകളക്ടര്‍ പി.എം.ഫ്രാന്‍സിസ് ചെയര്‍മാനായി കോര്‍കമ്മിറ്റി രൂപവത്കരിച്ചു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA