Social Icons

Featured Posts

Followers

Friday, June 3, 2011

സ്‌കൂളിലെത്താന്‍ അവര്‍ക്ക് എന്തെല്ലാം കടമ്പകള്‍...





മലപ്പുറം: പുസ്തകസഞ്ചിയും കുടയുമെടുത്ത് ആദ്യ ബെല്ലിന് മുമ്പ് സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക്കടമ്പകള്‍ ഏറെകടക്കണം. കനത്തമഴകൂടിയാണെങ്കില്‍ പിന്ന പറയേണ്ടതില്ല. ജില്ലയുടെ പലഭാഗങ്ങളിലും അത്രയേറെ യാത്രാ പ്രശ്‌നങ്ങളാണ് ഇപ്പോഴും ഉള്ളത്. പാലം വേണമെന്ന ആവശ്യം കടലാസില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്ന കടവുകള്‍ ഇപ്പോഴും നിരവധിയാണ്. അത്തരം പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളിലേക്കും തിരിച്ച് വൈകീട്ട് വീട്ടിലേക്കുമുള്ള യാത്ര നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കുത്തിയൊഴുകുന്ന പുഴയിലൂടെ നിറയെ കുട്ടികളുമായി തെന്നി നീങ്ങുന്ന തോണികള്‍ ആശങ്കഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനകം ദുരന്തങ്ങളും നേരിടേണ്ടി വന്നു.
ചാലിയാറിന് കുറുകെ ഓടായിക്കലും ബീമ്പുങ്ങലും എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് കടവിലും തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാതാപ്പുഴ കടവിലും പൊന്നാനിയിലെ ഉമ്മത്തൂര്‍ കടവിലുമെല്ലാം യാത്രാ ദുരിതങ്ങള്‍ക്ക് പരിഹാരമായി പാലം എന്നുവരുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
പാലം കടന്ന് റോഡിലെത്തിയാലും കുട്ടികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ബസില്‍ കയറണമെങ്കിലും കാത്തുനില്‍ക്കണം ഏറെ നേരം. സ്റ്റാന്‍ഡില്‍ നിന്ന് ബസ്സ് പുറപ്പെടുന്നതുവരെ ബസിന്റെ വാതിലിനടുത്ത് 'കനിവും' കാത്ത്കുട്ടികള്‍ നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്.
ബസ് നീങ്ങിതുടങ്ങുമ്പോള്‍ വേണം തിടുക്കത്തില്‍ കയറാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നുമില്ല. ബസില്‍ കയറുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇത് പലപ്പോഴും വഴിവെച്ചിട്ടുണ്ട്.
പല വിദ്യാലയങ്ങള്‍ക്കും ഇപ്പോള്‍ സ്വന്തമായി വാഹനമുണ്ട്. എങ്കിലും സ്വകാര്യബസ്സുകളെ ആശ്രയിക്കേണ്ടിവരുന്ന കുട്ടികള്‍ ഏറെയാണ്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബസ്സ് ജിവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പരസ്​പരധാരണയോടെ പെരുമാറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തര നടപടി കൈക്കൊള്ളണം.
ഓട്ടോറിക്ഷയില്‍ കുത്തിനിറച്ചുള്ള യാത്രയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ല. ഇതില്‍ രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
അല്പം സാമ്പത്തിക ലാഭം കരുതിയാണ് കുട്ടികളെ ഓട്ടോറിക്ഷയില്‍ തിരുകികയറ്റി സ്‌കൂളിലേക്ക് വിടാന്‍ രക്ഷിതാക്കളും തിടുക്കം കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക ലാഭം നോക്കുമ്പോള്‍ ഇതിനു പിന്നിലെ അപകടസാധ്യതകളെക്കുറിച്ച് മറന്നു പോവുകയും ചെയ്യുന്നു. ഇത്തരത്തിലൊരു യാത്ര കുട്ടികള്‍ക്ക് വോണോയെന്ന് രക്ഷിതാക്കള്‍ ചിന്തിക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അത് സുരക്ഷിതമാക്കാനും അടിയന്തിര നടപടികള്‍ വേണം.

വാർത്ത: മാത്രഭൂമി

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA