Social Icons

Featured Posts

Followers

Thursday, June 2, 2011

പ്രതീക്ഷയുടെ പാല്‍പ്പുഞ്ചിരിയുമായി കുരുന്നുകളെത്തി


മഴത്തുള്ളികള്‍ പൊഴിഞ്ഞ അന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ പുതുനാളങ്ങളുമായി പൊന്‍കിരണങ്ങള്‍ തെളിഞ്ഞു. ഒപ്പം കളങ്കമില്ലാത്ത പാല്‍പ്പുഞ്ചിരിയുമായി രക്ഷിതാക്കളുടെ കൈപിടിച്ച് കുരുന്നുകളും. ആദ്യമായി സ്‌കൂളിന്റെ പടികടന്നെത്തിയ കുട്ടികളെ സന്തോഷിപ്പിക്കാന്‍ അധ്യാപകരും രക്ഷിതാക്കളുമൊക്കെ കൂടെക്കൂടി.

പ്രവേശനോത്സവത്തിന് ഇത്തവണ ജില്ലയിലെ സ്‌കൂളുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് ഉണ്ടായിരുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ഇത്തവണത്തെ രണ്ടാംക്ലാസുകാര്‍ തങ്ങളുടെ പുതിയ അനിയന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും ബലൂണുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും പ്രവേശനോത്സവത്തില്‍ സക്രിയമായി പങ്കെടുത്തു. ഇന്ദ്രജാലം, ചെറുകളികള്‍ തുടങ്ങി കുട്ടികളില്‍ കൗതുകമുണര്‍ത്തുന്ന പരിപാടികളുമായാണ് സ്‌കൂളുകള്‍ കുട്ടികളെ വരവേറ്റത്. മധുരപലഹാര വിതരണവും നടന്നു. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 65,000 കുരുന്നുകളാണ് ഇത്തവണ ഒന്നാംക്ലാസ് പ്രവേശനത്തിനെത്തിയത്.

പേടിച്ചും കരഞ്ഞും ആദ്യദിവസം വിദ്യാലയത്തിലെത്തിയവരില്‍നിന്ന് വ്യത്യസ്തരാണ് പുതുതലമുറയെന്ന് തെളിയിക്കുന്നതായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും ഭാവങ്ങള്‍. എല്‍.കെ.ജിയിലെയും അങ്കണവാടികളിലെയും പഠനം കുട്ടികളില്‍നിന്ന് ആദ്യദിനം ഉണ്ടാകാറുള്ള ഭീതിയകറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന് അധ്യാപകരും പറയുന്നു.

ചില കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടാതെ മുത്തശ്ശിമാരും മുത്തശ്ശന്‍മാരുമുണ്ടായിരുന്നു. സ്വകാര്യ വിദ്യാലയങ്ങളും സര്‍ക്കാര്‍ വിദ്യാലയങ്ങളും പ്രവേശനം ഉത്സവമാക്കുന്നതിന് ഉത്സാഹപൂര്‍വം മുന്നോട്ടുവന്നുവെന്നത് ശ്രദ്ധേയമാണ്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA