മലപ്പുറം: ഊര്‍ജ സംരക്ഷണ രംഗത്ത് ഇനിമുതല്‍ കുട്ടികളുടെ സക്രിയ പങ്കാളിത്തം വരുന്നു. ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണ അവബോധം മുതിര്‍ന്നവരിലേക്ക് പകരാന്‍ സ്‌കൂള്‍കുട്ടികള്‍ക്കായുള്ള പദ്ധതിക്ക് തുടക്കമായി. നാളേയ്ക്കിത്തിരി ഊര്‍ജം എന്ന പേരില്‍ വൈദ്യുതി ബോര്‍ഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ പത്താം തരം വരെയുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സ്‌കൂളില്‍നിന്നും 50 കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിന് നേതൃത്വംനല്‍കാന്‍ സ്‌കൂളിലെ അധ്യാപകനെ കോ-ഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ആഗസ്ത് ഒന്നുമുതല്‍ 2012 മെയ് വരെയാണ് ആദ്യഘട്ട പദ്ധതി. വീടുകളിലെ വൈദ്യുതി ഉപയോഗം ദിവസവും രേഖപ്പെടുത്താന്‍ കുട്ടികള്‍ക്ക് കൈപ്പുസ്തകം നല്‍കിയിട്ടുണ്ട്. അതോടൊപ്പം വൈദ്യുതി ഉപഭോഗം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളും പുസ്തകത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 60 വാട്ട് ബള്‍ബിന് പകരം സി.എഫ്.എല്‍ ഉപയോഗിക്കുക, സീറോവാട്ട് ബള്‍ബിന് 15 വാട്ട് വൈദ്യുതി വരുന്നുണ്ടെന്നും ഒരു വാട്ടിന്റെ എല്‍.ഇ.ഡിബള്‍ബ് ഇതിനു പകരം ഉപയോഗിക്കാമെന്നും നിര്‍ദേശിക്കുന്നുണ്ട്. കമ്പ്യൂട്ടറുകള്‍ സ്റ്റാന്‍ഡ്‌ബൈയില്‍ നിര്‍ത്തുമ്പോഴും ആവശ്യമില്ലാത്ത സമയത്തും ബാറ്ററി ചാര്‍ജറുകള്‍ പ്ലഗില്‍ കുത്തിയിടുമ്പോഴും വൈദ്യുതിനഷ്ടം ഉണ്ടാകുന്നതായും പുസ്തകത്തില്‍ പറയുന്നു.
റിമോട്ടില്‍ ടി.വി ഓഫ് ചെയ്യുമ്പോള്‍ അഞ്ച് വാട്ട് വരെ വൈദ്യുതി ചെലവാകുന്നതായും പറയുന്നു. ഇത്തരത്തില്‍ ചെറിയ ശ്രദ്ധകൊണ്ടുതന്നെ വലിയ തോതില്‍ ഊര്‍ജലാഭം ഉണ്ടാക്കാവുന്ന കാര്യങ്ങളാണ് കുട്ടികളിലൂടെ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഓരോദിവസവും വൈദ്യുതി റീഡിങ് നടത്തി ഉപഭോഗത്തില്‍ മാറ്റം വരുന്നുണ്ടോയെന്ന് പരിശോധിക്കും. സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ഒരു ലക്ഷവും ജില്ലാതലത്തില്‍ 25,000 രൂപയും നല്‍കാനാണ് തീരുമാനം. സ്‌കൂള്‍തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനം നല്‍കാനും തിരുമാനമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് 3000 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി തുടങ്ങുന്നത്.
Browse: Home > ഊര്‍ജ സംരക്ഷണത്തിന് ഇനി കുട്ടികളുടെ പങ്കാളിത്തവും
0 Comments:
Post a Comment