Social Icons

Featured Posts

Followers

Saturday, June 4, 2011

മഴക്കെടുതി തീരുന്നില്ല


മലപ്പുറം: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വെള്ളിയാഴ്ചയും ജില്ലയുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. 30 വീടുകള്‍ ഭാഗികമായി നശിച്ചു. രണ്ട് കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മൊത്തം 2,61,400 രൂപയുടെ സഷ്ടം കണക്കാക്കുന്നു. വെളിയംകോട് പാലപ്പെട്ടിയില്‍ കടല്‍ക്ഷോഭത്തില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി.

കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇക്കുറി കൂടുതല്‍ മഴ കിട്ടിയത് നിലമ്പൂരിലായിരുന്നു. വ്യാഴാഴ്ചത്തെ അപേക്ഷിച്ച് മഴയുടെ കാഠിന്യം അല്പം കുറവായിരുന്നെങ്കിലും വെള്ളിയാഴ്ച ഏറനാട്, വെറ്റിലപ്പാറ വില്ലേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുളിക്കല്‍ വില്ലേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൊന്നാനി, ആലംകോട്, എടപ്പാള്‍ വില്ലേജുകളില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 20,000രൂപ നഷ്ടംസംഭവിച്ചു. പെരിന്തല്‍മണ്ണ താലൂക്കില്‍ കുറുവ, കീഴാറ്റൂര്‍, കുരുവമ്പലം, കോഡൂര്‍, നെന്മിനി, വെട്ടത്തൂര്‍ വില്ലേജുകളില്‍ ഏഴ് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നിലമ്പൂരില്‍ അമരമ്പലം, കരുവാരകുണ്ട് വില്ലേജുകളില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അകമ്പാടത്തും നന്നമ്പ്രയിലും കിണറുകള്‍ ഇടിഞ്ഞു.

തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര, മൂന്നിയൂര്‍, തെന്നല, തിരൂരങ്ങാടി വില്ലേജുകളില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരൂര്‍ താലൂക്കില്‍ തിരുനാവായ വില്ലേജില്‍ നാല് വീടുകള്‍ ഭാഗികമായി നശിച്ചു. തലക്കാട് വില്ലേജില്‍ ഒരു വീടും തകര്‍ന്നിട്ടുണ്ട്.

പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ ചെറവല്ലൂരിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കാറ്റില്‍ നൂറോളം വാഴകള്‍ നശിച്ചു. അജ്മീര്‍ നഗറില്‍ ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി തകര്‍ന്നു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA