Social Icons

Featured Posts

Followers

Tuesday, June 7, 2011

കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി; വീണ്ടും പകര്‍ച്ചവ്യാധി ഭീഷണി


മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. മങ്കട ബ്ലോക്ക് പരിധിയിലായി നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മിക്കയിടങ്ങളിലും ഇപ്പോഴും കൊതുകുസാന്ദ്രത വളരെ കൂടുതലാണ് എന്നത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ വളരെ പെട്ടെന്ന് വ്യാപിക്കാനിടയുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ജില്ലയില്‍ ഇതിനകംതന്നെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. തവനൂരില്‍ ഒരു മരണവും ഉണ്ടായി. മണ്ണില്‍ പണിയെടുക്കുന്നവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ നടത്തിവരുന്ന നിസ്സഹകരണസമരത്തെത്തുടര്‍ന്ന് രോഗവ്യാപനത്തെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമില്ല.

തിരൂര്‍ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഈവര്‍ഷം തുടക്കത്തില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ തുടങ്ങിയതോടെ മങ്കട, അങ്ങാടിപ്പുറം, കൂട്ടില്‍ തുടങ്ങിയ ഭാഗങ്ങളിലും രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ലെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയേക്കും.

വീടിന്റെ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങളിലും ചിരട്ടകളിലുമൊക്കെയാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. ഈ കൊതുകിന്റെ മുട്ടകള്‍ക്ക് വരണ്ട അവസ്ഥയില്‍ ഒരുവര്‍ഷംവരെ ജീവിച്ചിരിക്കാന്‍ കഴിയും. പിന്നീട് സ്ഥലത്ത് വെള്ളം നിറയുമ്പോള്‍ അവ ഏഴുദിവസത്തിനകം പൂര്‍ണ വളര്‍ച്ചയെത്തിയ കൊതുകുകളായി മാറുകയുംചെയ്യും.

ജില്ലയില്‍ തോട്ടംമേഖലകളില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. റബ്ബര്‍ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ചിരട്ടകളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസ് നാലുതരത്തില്‍ ഉള്ളതിനാല്‍ ഒരിക്കല്‍ രോഗംബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് അപകടകരവുമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജലജന്യരോഗങ്ങള്‍ പടരാനുള്ള സാധ്യത തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. പനിബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത്തവണ കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ആശ പ്രവര്‍ത്തകരും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സചെയ്യാതെ ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഡെങ്കിപ്പനി


* രണ്ടുമുതല്‍ ഏഴുദിവസംവരെ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, ഛര്‍ദി

* നേത്രഗോളങ്ങള്‍ക്ക് പിറകില്‍ വേദന

* പേശിവേദന, സന്ധിവേദന

* തൊലിപ്പുറത്ത് ചുവന്ന പാടുകള്‍

* ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നുള്ള രക്തസ്രാവം, പ്ലേറ്റ്‌ലറ്റുകളുടെ കുറവ് തുടങ്ങിയ അപകട സൂചനകളും ഉണ്ടായേക്കാം

എലിപ്പനി


* ഇടവിട്ടുള്ള ശക്തമായ പനിയോ ഇടത്തരം പനിയോ ഉണ്ടാകാം

* കാല്‍വണ്ണയിലെ പേശികള്‍, നട്ടെല്ലിന്റെ കീഴ്ഭാഗം, ഉദരപേശികള്‍ എന്നിവയില്‍ വേദന, കണ്ണിന് ചുവപ്പ്

* തലവേദന

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA