Social Icons

Featured Posts

Followers

Tuesday, June 7, 2011

18 വീടുകള്‍കൂടി തകര്‍ന്നു മഴക്കെടുതി തുടരുന്നു; ഇതുവരെ മൂന്ന് മരണം


മലപ്പുറം: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ജില്ലയില്‍ ഇതുവരെ മൂന്നുമരണം. 81 വീടുകള്‍ ഭാഗികമായി നശിച്ചു. മലയോര-തീരദേശ മേഖലകളില്‍ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട വളാഞ്ചേരി കാട്ടിപ്പരുത്തി കാഷാംകുന്ന് കണ്ണംതൊടി മുഹമ്മദാണ് തിങ്കളാഴ്ച മരിച്ചത്. വളാഞ്ചേരി ഓണിയില്‍ പാലത്തിന് സമീപം തോട്ടില്‍ വീണാണ് അപകടം.

കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ട പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി അസ്‌ന ലുലുവും ക്വാറിയില്‍ വെള്ളമുയര്‍ന്ന് കുറ്റിപ്പുറം വള്ളിക്കാട്ടുപറമ്പില്‍ ആസ്യയും മരിച്ചിരുന്നു.

ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലുള്‍പ്പെടുന്ന കനോലി കനാലിന്റെ ഇരുകരകളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.

കരുളായി മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ മഴയില്‍ താഴെ മൈലംപാറ കോളനിയിലേക്കുള്ള ഗതാഗതവും താറുമാറായിട്ടുണ്ട്. പാലപ്പെട്ടിക്ക് സമീപം നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് വീട് മഴയില്‍ തകരുകയുംചെയ്തു.

കനത്ത മഴയിലും കാറ്റിലും തിങ്കളാഴ്ച ജില്ലയില്‍ 18 വീടുകള്‍കൂടി ഭാഗികമായി തകര്‍ന്നു. ഒമ്പത് കിണറുകള്‍ക്ക് നാശനഷ്ടവുമുണ്ടായി. 2,59,500 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 73 വീടുകളും തകര്‍ന്നിരുന്നു.

തിങ്കളാഴ്ചത്തെ മഴയില്‍ തിരൂരങ്ങാടി, അരിയല്ലൂര്‍, തെന്നല, നെടുവ വില്ലേജുകളിലായി മൂന്ന് വീടുകളും ഊരകം, വേങ്ങര വില്ലേജുകളിലായി രണ്ട് കിണറുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തിരൂര്‍ താലൂക്കിലെ തിരുനാവായ വില്ലേജില്‍ രണ്ട് വീടുകളും പെരുമണ്ണയില്‍ ഒരു കിണറും തകര്‍ന്നിട്ടുണ്ട്.

ഏറനാട്ടില്‍ അരീക്കോട്, മുതുവല്ലൂര്‍, പയ്യനാട് വില്ലേജുകളില്‍ മൂന്ന് വീടുകളും പുളിക്കല്‍, പൂക്കോട്ടൂര്‍ വില്ലേജുകളില്‍ നാല് വീടുകളും ഭാഗികമായി തകര്‍ന്നു. കാവനൂരില്‍ ഒരു കിണറും പെരിന്തല്‍മണ്ണ താഴേക്കോട് വില്ലേജില്‍ രണ്ട് വീടുകളും പുലാമന്തോളില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. നിലമ്പൂര്‍ വില്ലേജില്‍ മൂന്ന് വീടുകളും ഒരു കിണറും ചുങ്കത്തറ, തിരുവാലി, കുറുമ്പലങ്ങോട് എന്നിവിടങ്ങളില്‍ ഒരു കിണറും തകര്‍ന്നിട്ടുണ്ട്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA