Social Icons

Featured Posts

Followers

Monday, May 30, 2011

മലപ്പുറം വിഷക്കള്ള് ദുരന്തം: അന്വേഷണക്കമ്മീഷന്റെ ആദ്യവിചാരണ ജൂലായ് അഞ്ചിന്


കുറ്റിപ്പുറം: മലപ്പുറം വിഷക്കള്ള് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്റെ ആദ്യവിചാരണ ജൂലായ് അഞ്ചിന് നടക്കും. ദുരന്തവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ അവസരമുണ്ടാകും.

മദ്യദുരന്തത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിക്കുക. ഹാനികരമായ പദാര്‍ഥങ്ങള്‍ കലര്‍ന്ന വ്യാജമദ്യം കഴിച്ചതുകാരണമാണോ, അങ്ങനെയെങ്കില്‍ എന്തുതരം വസ്തുക്കളാണ് മദ്യത്തില്‍ കലര്‍ത്തിയതെന്നും ആയതിന് ഉത്തരവാദികള്‍ ആരൊക്കെയാണെന്നതും അന്വേഷണത്തിന്റെ പരിധിയില്‍വരും.

ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. പോലീസ്, എകൈ്‌സസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ്മൂലമാണോ എന്നും അതല്ല അവരുടെ മൗനാനുവാദത്തേടെ സംഭവിച്ചതാണോയെന്നും കമ്മീഷന്‍ പരിശോധിക്കും. ദുരന്തത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന കാര്യവും കമ്മീഷന്‍ അന്വേഷിക്കും. ദുരന്തം അട്ടിമറിയാണെന്ന് സര്‍ക്കാര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളിലാണ് ദുരന്തം വിഷക്കള്ളിന്റെ രൂപത്തില്‍ നുരഞ്ഞുപൊങ്ങിയത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, തിരൂര്‍, കാളികാവ് എകൈ്‌സസ് റേഞ്ചുകളുടെ പരിധിയിലെ ഷാപ്പുകളിലാണ് ദുരന്തത്തിനിടയാക്കിയ വിഷക്കള്ള് വിളമ്പിയത്. കുറ്റിപ്പുറം, പേരശ്ശനൂര്‍, വാണിയമ്പലം ഷാപ്പുകളില്‍നിന്ന് മദ്യപിച്ചവരാണ് ദുരന്തത്തിനിരയായവരില്‍ ഏറേയും. 26 പേരാണ് മരിച്ചത്. നാലുപേര്‍ക്ക് പൂര്‍ണമായും മൂന്നുപേര്‍ക്ക് ഭാഗികമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

ജൂലായ് അഞ്ചിന് 2.30ന് തിരൂര്‍ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍വെച്ചാണ് കമ്മീഷന്റെ ആദ്യവിചാരണ നടക്കുക. വ്യക്തികള്‍, സംഘടനകള്‍, അസോസിയേഷനുകള്‍, വ്യക്തികളുടെ കൂട്ടായ്മകള്‍ എന്നിവര്‍ക്കെല്ലാം അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളില്‍ പങ്കെടുക്കുന്നതിനും തെളിവ് നല്‍കുന്നതിനും അവസരമുണ്ട്. എഴുതി തയ്യാറാക്കിയതോ ടൈപ്പ് ചെയ്തതോ ആയ മൊഴികള്‍ ജൂണ്‍ 30ന് മുമ്പായി കമ്മീഷന്‍ സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തില്‍ അയക്കണം. വിചാരണദിവസം സമര്‍പ്പിക്കുന്ന മൊഴികളും പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്മീഷന്‍ വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്.

കടപ്പാട്: മാത്രഭൂമി

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA