ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ അഭിമാനാര്‍ഹമായ പോരാട്ടം കാഴ്ചവച്ച മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫുട്ബോള്‍ ടീമിനു മലപ്പുറത്ത് അധ്യാപകരും സഹപാഠികളും പിടിഎയും ചേര്‍ന്നു ഉജ്വല സ്വീകരണം നല്‍കി.
വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടു കൂടിയായിരുന്നു സ്കൂള്‍ അങ്കണത്തില്‍ കുട്ടികള്‍ക്കും ടീം മാനേജര്‍മാര്‍ക്കും സ്വീകരണമൊരുക്കിയത്. രണ്ടരദിവസത്തെ യാത്രയ്ക്കുശേഷം ഇന്നലെ പുലര്‍ച്ചെ പാലക്കാട്ടെത്തിയ ടീം എംഎസ്പിയുടെ ബസില്‍ മലപ്പുറത്തെത്തി. രാവിലെ പത്തിന് മലപ്പുറം സുന്നിമഹല്‍ പരിസരത്തു നിന്നാണ് സ്കൂളിലേക്കുള്ള വര്‍ണശബളമായ ഘോഷയാത്ര ആരംഭിച്ചത്.
മുന്‍നിരയില്‍ പൂമാലയണിഞ്ഞു ടീം അംഗങ്ങളും പരിശീലകരും അണിനിരന്നു. അകമ്പടിയായി സ്കൂളിന്റെ ബാന്‍ഡുവാദ്യവുമുണ്ടായിരുന്നു. ഇവയ്ക്കൊപ്പം ശിങ്കാരിമേളം അടക്കമുള്ള കലാരൂപങ്ങളും അണിചേര്‍ന്നു. സ്കൂളിലെ എന്‍സിസി, സ്കൌട്ട്സ് അംഗങ്ങളും വിദ്യാര്‍ഥികളും അധ്യാപകരും ഘോഷ യാത്രയില്‍ പങ്കുചേര്‍ന്നു.
കോട്ടപ്പടിയിലൂടെ മലപ്പുറം നഗരം ചുറ്റി സ്കൂളിലേക്കു നടന്നു നീങ്ങിയ എംഎസ്പി ടീമിനു ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, ജിഎല്‍പി സ്കൂള്‍, എയുപി, സെന്റ് ജമ്മാസ് സ്കൂള്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പരിസരത്തു നിന്നു എംഎസ്പി ടീമിനു പെരിന്തല്‍മണ്ണ റോഡിലേക്കു ആനയിച്ചത് സെന്റ് ജമ്മാസ് സ്കൂള്‍ അംഗങ്ങളായിരുന്നു. എല്ലാ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സെന്റ് ജമ്മാസ് സ്കൂള്‍ മെഡലുകള്‍ നല്‍കി സ്വീകരിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണു അടക്കമുള്ള താരങ്ങള്‍ക്കു ഹൃദ്യമായ സ്വീകരണമാണ് സെന്റ് ജമ്മാസ് സ്കൂള്‍ നല്‍കിയത്.
കുട്ടികളെ നാട്ടുകാര്‍ മുല്ലപൂ മാലയിട്ടു സ്വീകരിച്ചതും ശ്രദ്ധേയമായി. സ്കൂളില്‍ പ്രവേശിച്ച ഘോഷയാത്രക്കു പടക്കം പൊട്ടിച്ചായിരുന്നു കുട്ടികള്‍ വരവേല്‍പ്പ് നല്‍കിയത്. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജരും എംഎസ്പി കമാന്‍ഡന്റുമായ യു. ഷറഫലി, പിടിഎ ഭാരവാഹികള്‍, പ്രധാനാധ്യാപകന്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുബ്രതോ കപ്പില്‍ ആവേശകരമായ മത്സരം കാഴ്ചവച്ചു ഫൈനലിലെത്തിയ എംഎസ്പി ടീം കലാശപ്പോരാട്ടത്തില്‍ യുക്രൈനിലെ ഡൈനാമോ കീവിന്റെ ജൂണിയര്‍ ടീമിനോടു രണ്ടിനെതിരേ അഞ്ചു ഗോളിനുപരാജയപ്പെടുകയായിരുന്നു. യൂറോപ്യന്‍ ടീമിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു ഖ്യാതിയുമായാണ് ടീം മടങ്ങിയത്.
ഇന്നു എംഎസ്പിയും കുട്ടികള്‍ക്കു സ്വീകരണം നല്‍കുന്നുണ്ട്. രാവിലെ ഒമ്പതിനു കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് സ്വീകരണം. ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായിരിക്കും. കളക്ടര്‍ എം.സി. മോഹന്‍ദാസ്, എസ്പി കെ. സേതുരാമന്‍, എംഎസ്പി കമാന്‍ഡന്റ് യു. ഷറഫലി തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കും പരിശീലകര്‍ക്കും എംഎസ്പിയുടെ ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്യും.
0 Comments:
Post a Comment