സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കി രാജ്യത്തിനുതന്നെ മാതൃകയായ അക്ഷയ പദ്ധതിയെക്കുറിച്ച് അടുത്തറിയാന്‍ ഇറ്റലിയില്‍നിന്ന് യുവ ഗവേഷകയെത്തി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്ന ഇറ്റാലിയന്‍ സ്വദേശി സില്‍വിയ മെസിയെറോയാണ് ചൊവ്വാഴ്ച മലപ്പുറം അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിലെത്തിയത്.
ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് സാധാരണക്കാരിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ചാണിവര്‍ പഠിക്കുന്നത്. അതിനായി തിരഞ്ഞെടുത്തത് ജില്ലയില്‍ നടപ്പാക്കിയ അക്ഷയ പദ്ധതിയാണ്. ഗവേഷണത്തിന്റെ ഭാഗമായി നാലുദിവസത്തോളം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ അക്ഷയ സെന്ററുകളിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കും. തുടര്‍ന്ന് ഗവേഷണപ്രബന്ധം തയ്യാറാക്കി നല്‍കാനാണ് പദ്ധതി. ഈ പദ്ധതി ഇറ്റലിയില്‍ നടപ്പാക്കാന്‍ കഴിയുന്നതായതിനാല്‍ അതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് ഇറ്റാലിയന്‍ സര്‍ക്കാരിന് നല്‍കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
താരതമ്യേന കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതലുള്ള ഇറ്റലിയില്‍പ്പോലും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ റേഷന്‍ കാര്‍ഡും യുണീക് ഐഡന്റിറ്റി കാര്‍ഡും കര്‍ഷക രജിസ്‌ട്രേഷനുമുള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതി വഴി നടത്താന്‍ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യപോലുള്ള രാജ്യത്തെ സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണിതെന്നും സാധാരണക്കാരുടെ സാമൂഹിക- സാമ്പത്തിക പുരോഗതിക്കിത് ആക്കംകൂട്ടുമെന്നും അതിനാലാണ് ഗവേഷണത്തിന് അക്ഷയയെ തിരഞ്ഞെടുത്തതെന്നും സില്‍വിയ അഭിപ്രായപ്പെട്ടു.
2009ല്‍ കേരളത്തിലെത്തിയപ്പോഴാണ് അക്ഷയയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ആറുതവണ കേരളത്തിലെത്തിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷക ഗൈഡ് ഡോ. ഷിറിന്‍ മാഡോണാണ് അക്ഷയയെക്കുറിച്ച് ഇവര്‍ക്ക് പറഞ്ഞുകൊടുത്തതും.
അക്ഷയ ജില്ലാ ഓഫീസിലെത്തിയ സില്‍വിയക്ക്, നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അക്ഷയ സെന്ററുകളുടെ സംഘാടനത്തെക്കുറിച്ചും ജില്ലാസെക്രട്ടറി കെ.പി. മുഹമ്മദ് ബഷീര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. ഫൈസല്‍ എന്നിവര്‍ വിശദീകരിച്ചു നല്‍കി.
Browse: Home > അക്ഷയ പദ്ധതിയെക്കുറിച്ച് അടുത്തറിയാന്‍ ഇറ്റലിയില്‍ നിന്ന് യുവ ഗവേഷകയെത്തി
0 Comments:
Post a Comment