ജില്ലയുടെ കായികസ്വപ്നമായ കോട്ടപ്പടി സ്റ്റേഡിയം വൈകാന്‍ സാധ്യത. 75 ശതമാനം പണി പൂര്‍ത്തിയായെങ്കിലും പ്രധാന ഭാഗമായ മൈതാനത്തിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. ഗ്രൗണ്ടില്‍ മണ്ണ് വിരിച്ച് പുല്ല് പിടിപ്പിക്കുന്ന ജോലി ആദ്യം തീര്‍ത്തിരുന്നെങ്കില്‍ വരുന്ന സീസണില്‍ മൈതാനം ഉപയോഗിക്കാമായിരുന്നെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പവലിയനും ഫ്‌ളഡ്‌ലിറ്റ് സംവിധാനവും അടുത്ത ഘട്ടത്തില്‍ മതിയായിരുന്നെന്നും ഒരു വിഭാഗം പറയുന്നു.
സ്റ്റേഡിയത്തിന്റെ നാലില്‍മൂന്ന് പണിയും തീര്‍ന്നെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബാക്കി ജോലികള്‍ക്ക് ഇനിയും കൂടുതല്‍ ഫണ്ട് കണ്ടെത്തണം. കരാറുകാരോട് കടം പറഞ്ഞാണ് ഇത്രയും പണി പൂര്‍ത്തിയാക്കിയതെന്നും ഇനി സര്‍ക്കാര്‍ കനിഞ്ഞാലേ രക്ഷയുള്ളൂവെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഒന്നരക്കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ഇതുവരെ സര്‍ക്കാറില്‍നിന്ന് ലഭിച്ചത്. മൂന്നരക്കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. കുറച്ചുമുമ്പ് സര്‍ക്കാര്‍ ഒരുകോടി രൂപകൂടി അനുവദിച്ചെങ്കിലും ഇതുവരെ അത് കിട്ടിയിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങിയതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പക്കല്‍ പണമെത്തിയില്ലെന്നാണ് പറയുന്നത്.
സ്റ്റേഡിയത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളുടെ ലേലം പൂര്‍ത്തിയാകാത്തതും അധികൃതരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. 34 മുറികളാണ് നിര്‍മാണം പൂര്‍ത്തിയാക്കി ലേലത്തിന് വെച്ചത്. ഇതില്‍ 12 മുറികള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ലേലത്തില്‍ പോയത്. മൂന്നുലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് മുറികള്‍ക്ക് തുക നിശ്ചയിച്ചിരുന്നത്.
ഇതിനിടെ സ്‌റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പല കായിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പഴയകാല കളിക്കാരുടെ സംഘടനയായ ഓള്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ധര്‍ണയടക്കമുള്ള പ്രക്ഷോഭപരിപാടികളുമായി രംഗത്ത് വരാനുള്ള ഒരുക്കത്തിലാണ്. ജില്ലയിലെ ഫുട്‌ബോള്‍ രംഗത്ത് പുതിയ കളിക്കാര്‍ വളര്‍ന്നുവരണമെങ്കില്‍ മികച്ച മൈതാനങ്ങള്‍ ഒരുക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടപ്പടിയിലെ സ്റ്റേഡിയം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന കാര്യം അധികൃതര്‍ ഓര്‍ക്കുന്നില്ലെന്നാണ് ഓള്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
0 Comments:
Post a Comment