
മലപ്പുറം നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ടക്കുന്ന് വിനോദസഞ്ചാരകേന്ദ്രവും കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കും ഡി.ടി.പി.സിക്ക് കൈമാറാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോട്ടക്കുന്നിലേക്ക് പ്രവേശനത്തിന് 10രൂപ ഫീസ് ഈടാക്കും.
നിലവില്‍ നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കും ഒപ്പം കോട്ടക്കുന്നും ചേര്‍ന്ന് ഒരു പ്രൊജക്ടായി ഏറ്റെടുക്കാന്‍ ഡി.ടി.പി.സി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്ത് തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യം മുതലോ കോട്ടക്കുന്നിലേക്ക് കയറാന്‍ പ്രവേശനഫീസ് നല്‍കേണ്ടി വരും.
എന്നാല്‍ ഈ രണ്ട് തീരുമാനങ്ങളെയും നഗരസഭയിലെ ഇടതുപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. നിലവില്‍ അഞ്ചുകോടി രൂപ പാര്‍ക്കിന്റെ നിര്‍മാണത്തിന് ചെലവായിരിക്കെ ആ തുക ഡി.ടി.പി.സി.യില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറെനേരം തുടര്‍ന്ന വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഇടതുപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് രണ്ട് തീരുമാനങ്ങളും നഗരസഭായോഗം പാസാക്കിയത്.
പുതിയ തീരുമാനപ്രകാരം കോട്ടക്കുന്നിലേക്ക് പ്രവേശനത്തിന് 10 രൂപ നല്‍കണം. ഒപ്പം അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മതിലുകള്‍ പൊളിച്ചുനീക്കി പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. എന്നാല്‍ വ്യത്യസ്ത റൈഡുകളില്‍ കയറുന്നതിന് പ്രത്യേക ഫീസ് ഈടാക്കുകയുംചെയ്യും. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും പ്രവേശനഫീസില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 25 ശതമാനവും നഗരസഭയ്ക്ക് നല്‍കാമെന്ന തീരുമാനത്തിലാണ് ഡി.ടി.പി.സി പാര്‍ക്ക് ഏറ്റുവാങ്ങുന്നത്.
2008ല്‍ നഗരസഭ 4.5 കോടി രൂപ മുടക്കിയാണ് കോട്ടക്കുന്നിന്റെ താഴ്‌വാരത്ത് അമ്യൂസ്‌മെന്റ്പാര്‍ക്ക് തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യമായിരുന്നു ഇത്തരമൊരു സംരംഭം.
നഗരസഭ നടത്തിപ്പുചുമതല ഏല്പിച്ച കരാറുകാരന്‍ കനത്ത നഷ്ടംമൂലം പാര്‍ക്ക് ഉപേക്ഷിക്കുകയും ഒടുവില്‍ നഗരസഭ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തിവരികയുമായിരുന്നു.
എന്നാല്‍ നഗരസഭ നോക്കിയിട്ട് വിജയിക്കാനാകാത്ത പദ്ധതി എങ്ങനെ ഡി.ടി.പി.സി വിജയത്തിലാക്കുമെന്നായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ ചോദ്യം.
എന്നാല്‍, പാര്‍ക്ക് നഷ്ടത്തിലല്ല പോകുന്നതെന്നും ആകെ ചെലവായ നാലരക്കോടി രൂപയില്‍ ഒരുകോടിയില്‍ താഴെ തുക മാത്രമേ ഇനി തിരിച്ചടയ്ക്കാനുള്ളൂവെന്നും ചെയര്‍മാന്‍ പറഞ്ഞു.
ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, വീക്ഷണം മുഹമ്മദ്, അഡ്വ. എന്‍.കെ. മജീദ്, ഇടതുപക്ഷ അംഗങ്ങളായ പാലോളി കുഞ്ഞിമുഹമ്മദ്, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
Browse: Home > കോട്ടക്കുന്നും അമ്യൂസ്‌മെന്റ് പാര്‍ക്കും ഡി.ടി.പി.സിക്ക്; പ്രവേശനഫീസ് ഏര്‍പ്പെടുത്തും
0 Comments:
Post a Comment