Social Icons

Featured Posts

Followers

Wednesday, September 7, 2011

കളികമ്പക്കാരന്റെ കളി വിശേഷങ്ങൾ..


മലപ്പുറംകാരുടെ മനസ്സിൽ അലിഞ്ഞ ഒരു വികാരമാണു ഫുട്ബാൾ എന്നത്, കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും തരിശ് നിലങ്ങളിലും ഒക്കെ തട്ടിക്കളിച്ച് അവർ ആ വികാരത്തെ വളർത്തിയെടുക്കുന്നു, നാഷനലോ സ്റ്റേറ്റ് ലെവലോ ജില്ലാതലമോ...അതൊന്നും വേണമെന്നില്ല., നാട്ടിൻ പുറത്തെ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന കട്ട സെവൻസായാൽ പോലും ആർപ്പ് വിളികളുമായി അവർ ഗാലറികളിൽ സ്ഥാനം പിടിച്ച് ആ വികാരത്തെ ആവോളം പുറത്തെടുക്കും... ഫുട്ബാളിനെ അത്രയധികം ഈ മണ്ണ് നെഞ്ചേറ്റി നടക്കുന്നു,സ്നേഹിക്കുന്നു... അർജന്റീന, ബ്രസീൽ, ഇറ്റലി, ഫ്രാൻസ്,  എന്നിങ്ങനെ തുടങ്ങി എന്തിനധികം ടുണീഷ്യയും ഘാനയെയും വരെ മലപ്പുറം കാരൻ സ്നേഹിക്കുന്നത്,അറിയുന്നത് അവർ ഫുട്ബാൾ കളിയിൽ മികവ് പുലർത്തുന്നു എന്നത് കൊണ്ട് മാത്രമാണു..,ഇംഗ്ലീഷ് പ്രീമിയർ ലീഗാവട്ടെ, സ്പാനിഷ് ലീഗാവട്ടെ,കോപാ അമേരിക്കൻ കളിയാകെട്ടെ മലപ്പുറം കാരൻ ആർപ്പ് വിളിക്കുന്നത് അതൊക്കെ മനോഹരമായ ഫുട്ബാൾ വിരുന്നുകളാണു എന്നത് കൊണ്ട് മാത്രമാണു.മെസ്സിയും റോബീന്യോയും ലൂയിസ് ഫിഗോയും ഒക്കെ അവർക്ക് സ്വന്തം നാട്ടുകാരെയും കൂട്ടുകാരെയും പോലെ അത്രമേൽ സുപരിചിതമാണു, കളിയുടെ നിയമങ്ങളും നീക്കങ്ങളും തന്ത്രങ്ങളും ഒന്നും ആരും അവർക്ക് പറഞ്ഞ് കൊടുക്കേണ്ടതില്ല, അത്രമേൽ അവർ ഫുട്ബാൾ എന്ന കളിയെ അറിയുന്നു,
ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ വിശിഷ്ഠമായൊരു അധ്യായം എഴുതിച്ചേർത്ത് കൊണ്ട് ലോക ഫുട്ബാൾ ഭൂപടത്തിൽ ശ്രദ്ധേയമായ ശക്തികളായ അർജ്ന്റീനയും വെനെസ്വലേയും തമ്മിൽ ഇന്ത്യൻ ഫുട്ബാളിനെ മെക്ക എന്നറിയിപ്പെടുന്ന കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തിലെ പുൽമൈതാനത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ അത് കാണാതെ മാറിനിൽക്കാൻ ഫുട്ബാൾ മനസ്സിലലിഞ്ഞ് ചേർന്ന മലപ്പുറം കാരനെങ്ങനെ സാധിക്കും..,അപ്പോൾ പിന്നെ ലോകഫുട്ബാളർ പട്ടം നേടിയ സാക്ഷാൻ മെസ്സി കൂടി എത്തിയാലോ, മലപ്പുറം കാർ ഒഴുകും, അത്ര തന്നെ, അതാണു ചരിത്രം..
കൊൽക്കത്തയിൽ നടന്ന അർജന്റീന വെന്വസലെ മത്സരം നേരിൽ  കാണാൻ പുറപ്പെട്ട മലപ്പുറം കാരിൽ ഒരു ഹാജിയാർപള്ളിക്കാരനുമുണ്ടായിരുന്നു.. ,അതെന്തായാലും ഉണ്ടാവുമല്ലോ..മലപ്പുറം ജില്ലയുടെ ഒരു കൊച്ച് പരിച്ഛേദം തന്നെയാണല്ലോ ഹാജിയാർ പള്ളി.., .
കൊൽക്കത്തയിൽ പോയി കളി കണ്ട് തിരിച്ചെത്തിയ ഹാജിയാർ പള്ളി മുതുവത്തുമ്മൽ സ്വദേശി ജവഹറുമായി  ഹാജിയാർ പള്ളി ഓൺലൈൻ ന്യൂസ്  നടത്തിയ അഭിമുഖത്തിൽ നിന്ന് ചില ഭാഗങ്ങൾ...


കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തിനു മുന്നിൽ ജവഹർ

ചോദ്യം: എന്താണു മത്സരം നേരിൽ  കാണാൻ കൊൽക്കത്തവരെ പോകാൻ തീരുമാനിക്കാനുണ്ടായ പ്രചോദനം..?

ഉത്തരം: അതെന്റെ ഒരു പാട് നാളായുള്ള ഒരു ആഗ്രഹമായിരുന്നു, എന്റെ പ്രവാസജീവിതത്തിനിടയിൽ പലപ്പോഴും ഇംഗ്ലണ്ടിലൊക്കെ പോകാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, അന്നൊക്കെ ഇംഗ്ലണ്ട്, ബെൽജിയം, ഹോളണ്ട് എന്നിങ്ങനെയുള്ള ടീമുകളുടെയും ആഴ്സണൽ, മാഞ്ചസ്റ്റർ എന്നിങ്ങനെ തുടങ്ങിയ ടീമുകളുടെ ക്ലബ്ബ് ഫുട്ബാൾ മത്സരങ്ങളുമൊക്കെ കാണാൻ അവസരം കിട്ടിയിട്ടുണ്ട്, എന്നാൽ ഇന്നേ വരെ ഒരു ലാറ്റിനമേരിക്കൻ ടീമിന്റെ കളി നേരിൽ കാണാൻ അവസരം കിട്ടിയിട്ടില്ല, അപ്പോഴാണു ഇങ്ങനെയൊരു മത്സരം നടക്കുന്നത്,അപ്പോൾ പിന്നെ പോയി കാണാം എന്ന് തീരുമാനിച്ചു..


മലപ്പുറത്ത് നിന്ന് പോയവരിൽ ചിലർ കൊൽക്കത്തയിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ

ചോദ്യം: അങ്ങനെ നിങ്ങൾ ഒരു പാട് പൈസ മുടക്കി ഫ്ലൈറ്റ് ടിക്കറ്റും ഒക്കെ എടുത്ത് കളി കാണാൻ പോകുന്നു എന്നറിഞ്ഞിട്ട് കുടുംബത്തിൽ നിന്നോ കൂട്ടുകാരിൽ നിന്നോ ആരെങ്കിലും എതിർപ്പോടെ സംസാരിച്ചോ..?

ഉത്തരം: ഇല്ല, അങ്ങനെ ആരും എതിർത്ത് സംസാരിച്ചിട്ടൊന്നുമില്ല, പിന്നെ എന്നെ എല്ലാവർക്കും അറിയാവുന്നത് കൊണ്ടായിരിക്കാം..ഒന്നാമത് ഞാൻ ചെറുപ്പം തൊട്ടേ ഫുട്ബാൾ ആരാധകനായിരുന്നു, ഏകദേശം പന്ത്രണ്ടാം വയസ്സ് മുതൽ ഞാൻ ഫുട്ബാൾ മത്സരങ്ങൾ കാണാൻ തുടങ്ങിയിരുന്നു, അതൊക്കെ എന്റെ കുടുംബത്തിനും ഫ്രണ്ട്സിനും ഒക്കെ അറിയാം.അത് കൊണ്ട് അവരിൽ നിന്നൊന്നും എനിക്ക് യാതൊരു എതിർപ്പും ഉണ്ടായിട്ടില്ല.,


 മത്സരത്തിനു മുന്നോടിയായി ടീമുകൾ ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ

ചോദ്യം: അന്നത്തെ അർജന്റീന-വെനെസ്വലെ മത്സരത്തെ നിങ്ങൾ എങ്ങനെ വിലയിരത്തുന്നു..?

ഉത്തരം: കളി അത്ര നിലവാരം പുലർത്തിയില്ല എന്നാണു എന്റെ വിശ്വാസം., എങ്ങനെയെങ്കിലും ജയിക്കാൻ വേണ്ടി അർജന്റീന കളിച്ചപ്പോൾ എങ്ങെനെയെങ്കിലും തോൽക്കാതിരിക്കാൻ വേണ്ടിയാണു വെനെസ്വലേ കളിച്ചത്, അത് മത്സരത്തെ ബാധിച്ചു, എന്നിരുന്നാലും കാണികൾക്ക് നല്ലൊരു വിരുന്നായി മാറി എന്നതിൽ സംശയമില്ല..



 ഗാലറിയിൽ നിന്നും ചില ദ്രശ്യങ്ങൾ

ചോദ്യം: അവിടത്തെ കാണികളെ കുറിച്ച് എന്താണഭിപ്രായം..?

ഉത്തരം: ശരിക്കും ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു ജനതയാണു കൊൽകത്തക്കാർ,അത് നമ്മുടെ മലപ്പുറത്തെ ആരാധകരെപ്പോലെ തന്നെ, പിന്നെ വളരെ ഫ്രണ്ട്ലിയാണു,


ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും അരികിലൂടെ അർജന്റീന ടീം ബസ്സ് കടന്ന് വന്നപ്പോൾ

ചോദ്യം: ഏതെങ്കിലും ഫുട്ബാൾ പ്ലയറെ നേരിൽ കാണാൻ കഴിഞ്ഞോ, മെസ്സിയൊക്കെ വന്നിരുന്നല്ലോ..?

ഉത്തരം: ഇല്ല,  അവർക്ക് ഭയങ്കര സെക്യൂരിറ്റിയാണു സർക്കാർ ഒരുക്കിയിരുന്നത്, എന്നിരുന്നാലും ശ്രമിക്കാതിരുന്നിട്ടില്ല, എന്നെ സംബന്ധിച്ചിടത്തോളം ഞാനാ സമയത്ത് കൂടുതൽ ശ്രദ്ധിച്ചത് മെസ്സിയെ നേരിൽ കാണാൻ വേണ്ടി ആരാധകർ കാണിക്കുന്ന ആ ആവേശമുണ്ടല്ലോ...അതാണു.

ചോദ്യം: പിന്നെ എന്ത് ലാഭമാണു ഈ യാത്ര കൊണ്ട് നിങ്ങൾക്കു തോന്നിയത്..?

ഉത്തരം: കളി കാണുന്നതിനേക്കാൾ ഒരു താരത്തെ നേരിൽ കാണുന്നതിനേക്കാൾ  ഞാൻ പ്രാധാന്യം കൊടുക്കുന്നത് കളി കാണാൻ വരുന്ന കാണികളുടെ ആവേശത്തിൽ പങ്ക് ചേരുന്നതിനാണു, തിരമാലകളെപ്പോലെ ആർത്തലക്കുന്ന ആ ജനസഞ്ചയത്തിൽ ഒരു കണ്ണിയായി അലിഞ്ഞ് ചേരുന്നതിനാണു..പിന്നെ മറ്റൊന്ന്,  കളിയെക്കാൾ എനിക്ക് വളരെ ആകർഷകമായി തോന്നിയത് അവരുടെ പരിശീലനമാണു, അത് കാണുന്നത്ര ത്രില്ല് കളി കാണുമ്പോൾ കിട്ടില്ല,



പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന അർജന്റീന ടീമംഗങ്ങൾ


 ചോദ്യം: കളിയല്ലാതെ  മറ്റെന്തെങ്കിലും കാഴ്ചകൾ നിങ്ങൾ കാണാൻ സമയം കണ്ടെത്തിയോ.?

ഉത്തരം: തീർച്ചയായും, ഒട്ടനവധി സ്ഥലങ്ങൾ ഞങ്ങൾ ചുറ്റി നടന്ന് കണ്ടു, കൽക്കത്ത മൊത്തം കണ്ടു എന്ന് തന്നെ പറയാം..

ചോദ്യം: ചോദിക്കാൻ വിട്ട് പോയി, ഞങ്ങൾ കണ്ടു എന്ന് പറയുന്നു, ആരൊക്കെയാണു നിങ്ങളുടെ കൂടെ ഈ യാത്രയിൽ ഉണ്ടായിരുന്നത്..?

ഉത്തരം: ഞാനും എന്റെ സുഹ്രത്ത് ഷൗക്കത്തും പിന്നെ ബാംഗ്ലൂരിൽ പഠിക്കുന്ന കൊൽക്കത്തക്കാരൻ സുഹ്രത്ത് ഗൈഡായും ഉണ്ടായിരുന്നു..

 ജവഹറും സുഹ്രത്ത് ഷൗക്കത്തും കൊൽക്കത്ത തെരുവീഥിയിൽ

ചോദ്യം: എന്തൊക്കെ യാണു നിങ്ങൾ കണ്ടത്, ഒന്ന് ചുരുക്കി പ്പറയാമോ..?

ഉത്തരം: ഹൗറ ബ്രിഡ്ജ്, ഹുഗ്ളി നദിയിലൂടെയുള്ള ബോട്ട് യാത്ര, വിക്ടോറിയ പാലസ്സ്, മ്യൂസിയം..എന്നിങ്ങനെ തുടങ്ങിയവയാണു പ്രധാനപ്പെട്ടവ






 കൊൽക്കത്തയിലെ ചില കാഴ്ചകൾ

ചോദ്യം: ഈ യാത്രയിൽ നിങ്ങൾക്ക് ഏറ്റവും ടച്ചിങ്ങ് ആയി എല്ലാക്കാലത്തും മനസ്സിൽ തങ്ങിനിൽക്കാൻ തക്കവിധമുള്ള അനുഭവം വല്ലതുമുണ്ടായോ..?

ഉത്തരം: തീർച്ചയായും, ഞങ്ങൾ കളികാണാൻ സ്റ്റേഡിയത്തിനു മുന്നിലൂടെ പോകുന്ന സമയത്ത് രണ്ട് തെരുവ് കുട്ടികളെ കണ്ടു മുട്ടി, അവരെ ഞങ്ങൾ പരിചയപ്പെട്ടു,ലോക ഫുട്ബാളിനെ ക്കുറിച്ച് ഒരു എൻസൈക്ലോപീഡിയ പോലെയാണു അവർ, ഫുട്ബാളിന്റെ എല്ലാ ചരിത്രവും അരച്ച് കലക്കി കുടിച്ച പോലെ, എനിക്ക് വളരെ അത്ഭുതം തോന്നി, അവർക്ക് കളി കാണണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ എഴുന്നൂറു രൂപാ മുടക്കി ടിക്കറ്റെടുക്കാൻ കയ്യിൽ കാശില്ല,അപ്പോൾ ഇനി എന്ത് ചെയ്യും എന്ന് ഞാൻ ചോദിച്ചു.,എന്ത് ചെയ്യാൻ,എങ്ങനെയെങ്കിലും ഞങ്ങൾ കളി കണ്ടിരിക്കും അതുറപ്പാ...എന്ന് പറയുമ്പോൾ അവരുടെ മുഖത്ത് നിഴലിച്ച ആ ആത്മവിശ്വാസവും നിശ്ചയദാർഡ്യവും എന്നെ വല്ലാതെ സ്പർശിച്ചു., പിന്നെ അവിടെ റിക്ഷവലിക്കുന്ന ആളുകളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സഹതാപം തോന്നി, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അവരെ കണ്ടാൽ ആർക്കാണു സങ്കടം തോന്നാതിരിക്കുക..,അവരിലൊരാളുടെ റിക്ഷയിൽ ഞങ്ങൾ കയറി, അയാൾ പത്ത് രൂപയാണു കൂലി ചോദിച്ചത്, ഞാൻ ഒരു നൂറ രൂപ എടുത്ത് കൊടുത്തു, അപ്പോൾ അയാൾ നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞു,അതെനിക്കൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണു..

 തെരുവ് കുട്ടികളായ ബസു ബാബുവും കൂട്ടുകാരനും


 റിക്ഷാ വലിക്കുന്ന ഒരു തൊഴിലാളി

ചോദ്യം:കൽക്കത്തയിൽ നിങ്ങൾക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് എന്താണു..?

ഉത്തരം: അവിടുത്തെ ജനങ്ങളൂടെ സ്പോട്സിനോടുള്ള അതിരറ്റ സ്നേഹം തന്നെ, അത് ക്രിക്കറ്റായാലും ഫുട്ബാളായാലും അവർ സ്പോർട്സിനു അവരുടെ ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന്  അവിടുത്തെ തെരുവുകളിൽക്കൂടിയുള്ള യാത്രകളിൽ എനിക്ക് തോന്നി. രണ്ടാമതായത് അവിടുത്തെ ഭക്ഷണമാണു, പ്രത്യേകിച്ച് സീഫുഡുകൾ, വെറും പതിനഞ്ച് രൂപാ കൊടുത്താൽ വയറു നിറച്ച് കഴിക്കാൻ ഉള്ളത്ര ഭക്ഷണം കിട്ടും...അതും സീഫുഡ്

ചോദ്യം: നിങ്ങൾക്ക് ഏറ്റവും രുചികരമായി തോന്നിയ ഭക്ഷണ വിഭവം ഏതായിരുന്നു..?

ഉത്തരം: സീഫുഡ് തന്നെ, അതിൽ പൂരി കൊണ്ട് വ്യത്യസ്തമായി ഉണ്ടാക്കിയ ക്ക്ലബ് കച്ചൂരി യാണു എനിക്ക് ഏറ്റവും രുചികരമായി തോന്നിയത്


 അർജന്റീനയിൽ നിന്നും കളി കാണാൻ എത്തിയ ക്രിസ്റ്റിയക്കും കാമുകിക്കും ഒപ്പം ജവഹർ

ചോദ്യം:അപ്പോൾ നിങ്ങൾ കളിയും കണ്ടു, കൽക്കത്തയും കണ്ടു, ഇപ്പോൾ എന്ത് തോന്നുന്നു.?

ഉത്തരം: ധാക്കയിൽ നടക്കുന്ന അർജന്റീന‌- നൈജീരിയ മത്സരം കൂടി കാണാൻ പോകാമായിരുന്നു എന്ന് തോന്നുന്നു, അത് മിസ്സായിപ്പോയി., ശരിക്കും ഇത് പോലുള്ള മത്സരങ്ങൾ ഇനിയും നമ്മുടെ രാജ്യത്ത് എല്ലാ സ്റ്റേറ്റുകളിലും നടക്കണം.,എന്നാലേ നമ്മുടെ രാജ്യത്ത് ഫുട്ബാൾ കൂടുതൽ ജനകീയമാകൂ...അങ്ങനെയായെങ്കിലേ കൂടുതൽ മികച്ച താരങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് പിറവിയെടുക്കൂ..


 ആകാംക്ഷയുടെ മുൾമുനയിൽ, കളിക്കിടയിൽ ഗ്യാലറിയിൽ നിന്നും ഒരു ദ്രശ്യം

ചോദ്യം: നിങ്ങളുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഫുട്ബാൾ വളരാൻ എന്തൊക്കെയാണു അധിക്രതർ ചെയ്യേണ്ടതായിട്ടുള്ളത്..?

ഉത്തരം: എന്റെ അഭിപ്രായത്തിൽ ആദ്യം ചെയ്യേണ്ടത് ഫുട്ബാൾ അസോഷിയന്റെ തലപ്പത്തിരിക്കുന്ന രാഷ്ട്രീയക്കാരെ മാറ്റി ഫുട്ബാൾ എന്ന കളിയുമായി ഏതെങ്കിലും ബന്ധമുള്ളവരെ നിയമിച്ചാലേ ഇന്ത്യയിൽ ഫുട്ബാൾ രക്ഷപ്പെടൂ...പിന്നെ ഇന്ത്യയുടെ ശാപം ക്രിക്കറ്റിനു കൊടുക്കുന്ന പരിഗണനയിൽ നിന്ന് പത്തിലൊരു ശതമാനം പോലും ഫുട്ബാളിനു  നമ്മുടെ സർക്കാർ കൊടുക്കുന്നില്ല എന്നതാണു.ആ സ്ഥിതിയും മാറണം.

ചോദ്യം:   ഇത് വരെ ഹാജിയാർ പള്ളി ഓൺലൈൻ ന്യൂസുമായി  സഹകരിച്ചതിനു നന്ദി,ഇനിയും ഇത് പോലെ ഒരു പാട് മത്സരങ്ങൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടാകട്ടെ എന്നാശംസിക്കുന്നു.നന്ദി, നമസ്കാരം
ഉത്തരം: താങ്ക്സ്



0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA